ഉല്‍പ്പന്നം വിപണിയില്‍ എത്തും മുന്‍പേ വിജയിക്കുമോ എന്നറിയാനൊരു തന്ത്രം

റിസ്സാനും സുഹൃത്തുക്കളും കൂടി തങ്ങളുടെ സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചത് മികച്ചൊരു ആശയവുമായിട്ടായിരുന്നു. അവരുടെ മനസ്സിലെ ഉല്‍പ്പന്നം വിപണിയില്‍ വലിയ വിജയമായിത്തീരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ല. തുടക്കത്തില്‍ ധാരാളം സാമ്പത്തിക പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും അവരുടെ ആശയത്തില്‍ ആകൃഷ്ടരായ നിക്ഷേപകര്‍ ബിസിനസിലേക്ക് പണം മുടക്കി. വാണിജ്യോല്‍പ്പാദനത്തിനായി ഫാക്ടറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വികസിപ്പിച്ചു.

കമ്പനി വാണിജ്യോല്‍പ്പാദനം തുടങ്ങി ഉല്‍പ്പന്നം വിപണിയിലെത്തി. ആവശ്യകത വിപണിയിലുള്ളതു കൊണ്ട് ഉല്‍പ്പന്നം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. പ്രതീക്ഷിച്ചതിലും വലിയ വില്പന ആദ്യഘട്ടത്തില്‍ ലഭിച്ചു. വലിയ രീതിയിലുള്ള പ്രൊമോഷന്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കപ്പെട്ടു. ഉല്‍പ്പന്നത്തിന് പല സംസ്ഥാനങ്ങളിലും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ നിയമിക്കപ്പെട്ടു. ഒരു  സ്റ്റാര്‍ട്ടപ്പിനെ സംബന്ധിച്ചിടത്തോളം ആരും കൊതിക്കുന്ന സ്വപ്ന തുല്യമായ തുടക്കമാണ് റിസ്സാനും സുഹൃത്തുക്കള്‍ക്കും ലഭിച്ചത്.

എന്നാല്‍ പതിയെ അവരുടെ ഉല്‍പ്പന്നം ഉപഭോക്താക്കള്‍ തിരസ്കരിച്ചു തുടങ്ങി. വിപണിയില്‍ മോശമായ അഭിപ്രായം ഉടലെടുത്തു. ഉപഭോക്താക്കള്‍ പ്രതീക്ഷിച്ച സേവനം ഉല്‍പ്പന്നത്തിന് നല്‍കുവാന്‍ സാധിച്ചില്ല. വില്പന ഇടിയുകയും ഉല്‍പ്പന്നം വിപണിയില്‍ നിന്നും തുടച്ചു മാറ്റപ്പെടുകയും ചെയ്തു. ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയൊരു പതനമാണ് സംഭവിച്ചത്.

മികച്ചൊരു ആശയം കയ്യിലുണ്ടായിട്ടും എന്തുകൊണ്ടാണ് മേന്മയുള്ള, ഉപഭോക്താക്കള്‍ സ്വീകരിക്കുന്ന ഒരു ഉല്‍പ്പന്നം അവര്‍ക്ക് നിര്‍മ്മിക്കുവാന്‍ സാധിക്കാതെ പോയത്? ആശയം ഉല്‍പ്പന്നമായപ്പോള്‍ എന്ത് വീഴ്ചയാണ് സംഭവിച്ചത്? ഉല്‍പ്പന്നത്തിന്‍റെ കുറവുകള്‍ കണ്ടെത്താന്‍ അവര്‍ക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍ ചില വിലപ്പെട്ട പാഠങ്ങള്‍ നമുക്ക് ലഭിക്കും.

മാതൃകയില്‍ നിന്നും വാണിജ്യോല്‍പ്പാദനത്തിലേക്കുള്ള ദൂരം

ഈ ദൂരം വളരെ കൂടുതലാണ്. ഉല്‍പ്പന്നത്തിന്‍റെ മാതൃക (Prototype) തയ്യാറായിക്കഴിഞ്ഞാല്‍ ഉല്‍പ്പന്നം ഉല്‍പ്പാദനത്തിന് സജ്ജമായിക്കഴിഞ്ഞു എന്ന തെറ്റിദ്ധാരണ സംരംഭകര്‍ക്കുണ്ട്. മാതൃകയില്‍ നിന്നും ഉല്‍പ്പന്നം വാണിജ്യോല്‍പ്പാദനത്തിന് തയ്യാറാകുന്ന സമയം ഉല്‍പ്പന്നത്തിന്‍റെ രൂപകല്പ്പനയിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ്. ഇതില്‍ സംഭവിച്ച പാളിച്ചയാണ് റിസ്സാന്‍റേയും കൂട്ടരുടേയും പരാജയത്തിന് വഴി തെളിച്ചത്. ഉല്‍പ്പന്നത്തിന്‍റെ പ്രവര്‍ത്തന മാതൃക തയ്യാറാക്കിയാല്‍ അത് പരീക്ഷിച്ചു നോക്കേണ്ട ഉത്തരവാദിത്തം സംരംഭകനുണ്ട്. അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നല്ല മറിച്ച് ഉപഭോക്താവിന്‍റെ പ്രതീക്ഷകള്‍ക്കനുസരിച്ച് അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനാണ് പ്രാധാന്യം.

ഉല്‍പ്പന്നത്തിന്‍റെ വാണിജ്യോല്‍പ്പാദനം

വാണിജ്യോല്‍പ്പാദനത്തിലേക്ക് കടക്കുന്ന ഘട്ടത്തെ വളരെ കരുതലോടെ സംരംഭകന്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ റിസ്ക്‌ എടുക്കേണ്ടി വരുന്ന ഒരു സന്ദര്‍ഭം ഇതാണ്. ഭീമമായ നിക്ഷേപം ഇതിനായി മുടക്കേണ്ടി വരും. ഒരിക്കല്‍ നടപ്പിലാക്കിയ തീരുമാനങ്ങള്‍ തെറ്റെന്ന് പിന്നീട് തെളിയിക്കപ്പെട്ടാല്‍ തിരുത്തുക അത്ര എളുപ്പമാവില്ല. ഇവിടെ സംഭവിക്കുന്ന ഒരു ചെറിയ പാളിച്ച ബിസിനസിനെ നശിപ്പിക്കാം. അതിനാല്‍ വളരെ സൂക്ഷ്മമായി പഠിച്ച്, കരുതലോടെ നീങ്ങേണ്ട ആവശ്യം ഈ ഘട്ടത്തിലുണ്ട്.

വാണിജ്യോല്‍പ്പാദനം ആരംഭിക്കുന്നതിന് മുന്‍പ് എന്തുചെയ്യണം?

ഉല്‍പ്പന്നത്തിന്‍റെ മാതൃക (Prototype) തയ്യാറായി കഴിഞ്ഞാല്‍ അടുത്തഘട്ടം ഉല്‍പ്പന്നത്തിന്‍റെ പരീക്ഷണമാണ് (Product Testing). പലപ്പോഴും സംരംഭകര്‍ ചെയ്യുക തങ്ങളുടെ ആശയത്തിനനുസൃതമായി, പ്രതീക്ഷകള്‍ക്കനുസരിച്ച് ഉല്‍പ്പന്നം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് പരീക്ഷിക്കുകയാണ്. അത്തരമൊരു പരീക്ഷണത്തിന് ശേഷം ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും ഉല്‍പ്പന്നം ഉപയോഗിക്കുമ്പോഴുള്ള അവരുടെ അനുഭവങ്ങളും കൂടി മനസ്സിലാക്കുകയും വേണം.

വാണിജ്യോല്‍പ്പാദനത്തിന് മുന്‍പ് ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് നല്‍കുകയും അവരുടെ ഉല്‍പ്പന്നവുമൊത്തുള്ള അനുഭവങ്ങള്‍ പഠിക്കുകയും അതിനനുസരിച്ച് ഉല്‍പ്പന്നത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടതുണ്ട്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തി വിപണിയിലേക്ക് അവതരിപ്പിക്കുകയാണെങ്കില്‍ വിജയിക്കുവാനുള്ള സാധ്യത കൂടുതലാണ്. ഉല്‍പ്പന്നത്തിന്‍റെ ഈ പരീക്ഷണം രണ്ട് രീതിയില്‍ നടപ്പിലാക്കാം.

ഇന്‍ ഹോം യൂസേജ് ടെസ്റ്റ്‌ (IHUT – In-Home Usage Test)

ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് വീടുകളില്‍ ഉപയോഗിച്ച് നോക്കുവാനായി നല്‍കുന്നു. അവര്‍ ഉല്‍പ്പന്നം ഉപയോഗിക്കുകയും ഉല്‍പ്പന്നത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും അത് ഉപയോഗിക്കുമ്പോഴുള്ള അനുഭവങ്ങളും നിര്‍മ്മാതാക്കളോട് പങ്കുവെക്കുന്നു. ഉപഭോക്താവിന്‍റെ ഗൃഹത്തില്‍ തന്നെ ഇത് ഉപയോഗിച്ച് പരീക്ഷിക്കുന്നതു കൊണ്ട് ഉല്‍പ്പന്നം വാങ്ങി ഉപഭോക്താവ് അതുപയോഗിക്കുമ്പോഴത്തെ അതേ അവസ്ഥ സൃഷ്ടിക്കുവാനും യഥാര്‍ത്ഥ അനുഭവം മനസിലാക്കുവാനും സാധിക്കുന്നു.

ഉല്‍പ്പന്നത്തിന്‍റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച സത്യസന്ധമായ അഭിപ്രായങ്ങള്‍ ലഭിക്കുവാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാനും ഇതു വഴി നിര്‍മ്മാതാക്കള്‍ക്ക് സാധിക്കുന്നു. ഈ വിവരങ്ങള്‍ വാണിജ്യോല്‍പ്പാദനം തുടങ്ങിയതിന് ശേഷമാണ് ശേഖരിക്കുന്നതെങ്കില്‍ മാറ്റങ്ങള്‍ എളുപ്പമാവില്ല. വലിയൊരു റിസ്ക്‌ എടുക്കുന്നതിനു മുന്‍പ് തന്നെ ഈ പരീക്ഷണം നടത്തുവാന്‍ കഴിഞ്ഞാല്‍ അനാവശ്യമായ ചെലവുകള്‍ നിയന്ത്രിക്കുവാനും മികച്ച ഒരു ഉല്‍പ്പന്നം നിര്‍മ്മിക്കുവാനും സാധിക്കും.

സെന്‍ട്രല്‍ ലൊക്കേഷന്‍ ടെസ്റ്റ്‌ (CLT – Central Location Test)

ഉപഭോക്താക്കളെ പൊതുവായ ഒരു സ്ഥലത്തേക്ക് ക്ഷണിക്കുകയും ഉല്‍പ്പന്നം ഉപയോഗിക്കുവാന്‍ നല്‍കുകയും ചെയ്യും. ഈ സ്ഥലം കമ്പനിയുടെ ലാബോ അല്ലെങ്കില്‍ സൗകര്യപ്രദമായ മറ്റെവിടെയെങ്കിലുമോ ആകാം. ഉല്‍പ്പന്നം ഉപയോഗിച്ചു നോക്കുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അപ്പോള്‍ തന്നെ നിര്‍മ്മാതാക്കളുമായി പങ്കുവയ്ക്കുന്നു.

സെന്‍ട്രല്‍ ലൊക്കേഷന്‍ ടെസ്റ്റിന്‍റെ ഗുണം ഉപഭോക്താക്കള്‍ ഉല്‍പ്പന്നം കൈകാര്യം ചെയ്യുന്ന രീതിയും അവരുടെ സ്വഭാവ സവിശേഷതകളും നിരീക്ഷിക്കുവാനും പഠിക്കുവാനും നിര്‍മ്മാതാക്കള്‍ക്ക് നേരിട്ട് അവസരമൊരുക്കുന്നു എന്നതാണ്. ഇത് ഉപഭോക്താക്കളെ കൂടുതല്‍ അടുത്തറിയുവാന്‍ സഹായിക്കുന്നു. നേരിട്ടുള്ള അനുഭവത്തിലൂടെ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള സത്യസന്ധമായ, ഉടനടിയുള്ള അഭിപ്രായം ലഭ്യമാകുന്നു.

ഏത് പരീക്ഷണം തിരഞ്ഞെടുക്കണം?

മുകളില്‍ പറഞ്ഞ ഏത് മാര്‍ഗ്ഗം തിരഞ്ഞെടുക്കണം എന്നത് ഉല്‍പ്പന്നത്തെ ആശ്രയിച്ചിരിക്കുന്നു. ചില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതിനു ശേഷം ഫലം ലഭിക്കുവാന്‍ കൂടുതല്‍ സമയം ആവശ്യമായി വരാം. നിങ്ങള്‍ പുതിയൊരു ഹെയര്‍ ഓയില്‍ നിര്‍മ്മിക്കുകയാണെന്നിരിക്കട്ടെ. ഈ ഹെയര്‍ ഓയില്‍ ഉപയോഗിച്ച് അതിന്‍റെ ഫലം വിലയിരുത്തണമെങ്കില്‍ ഒരു മാസം സമയമെടുക്കുമെങ്കില്‍ അതിന്‍റെ പരീക്ഷണത്തിന്  ഇന്‍ ഹോം യൂസേജ് ടെസ്റ്റ്‌ (IHUT) ആണ് അനുയോജ്യം.

ഹോബാര്‍ട്ട് മാനുഫാക്ച്ചറിംഗ് കമ്പനി വീടുകള്‍ക്കായുള്ള ചെറിയ ഗ്രൈന്‍ഡറിന്‍റെ ആദ്യ മാതൃക (Prototype) നിര്‍മ്മിച്ചതിന് ശേഷം അത് വീട്ടമ്മമാര്‍ക്ക് അവരവരുടെ വീടുകളില്‍ ഉപയോഗിക്കുവാന്‍ നല്‍കി. വീട്ടമ്മമാര്‍ ഗ്രൈന്‍ഡര്‍ ഉപയോഗിക്കുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. മാതൃക തയ്യാറാക്കി പ്രവര്‍ത്തിപ്പിച്ചു നോക്കിയ ഉടനെ ഗ്രൈന്‍ഡര്‍ വിപണിയിലേക്ക് അവതരിപ്പിക്കുകയല്ല കമ്പനി ചെയ്തത് എന്നത് സംരംഭകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രോഡക്റ്റ് ടെസ്റ്റിംഗ് എന്തിന് നടത്തണം?

ഉല്‍പ്പന്നത്തിന്‍റെ പരീക്ഷണം നടത്തുന്നതിന് പല കാരണങ്ങളുമുണ്ട്. തന്‍റെ പരീക്ഷണത്തിന്‍റെ ലക്ഷ്യമെന്തെന്ന് ഉല്‍പ്പാദകന്‍ മുന്‍കൂട്ടി നിശ്ചയിക്കണം. വ്യക്തമായി നിര്‍വ്വചിക്കപ്പെടാത്ത പ്രോഡക്റ്റ് ടെസ്റ്റിംഗുകള്‍ പരാജയപ്പെടും. വളരെ തുറന്ന മനസ്സോടെ വേണം സംരംഭകന്‍ പ്രോഡക്റ്റ് ടെസ്റ്റിംഗിനെ സമീപിക്കുവാന്‍. ഉപഭോക്താവിന് പറയുവാനുള്ളത് കണ്ണും കാതും തുറന്ന് കേള്‍ക്കേണ്ടതുണ്ട്.

പ്രോഡക്റ്റ് ടെസ്റ്റിംഗിനുള്ള കാരണങ്ങള്‍

  • ഉല്‍പ്പന്നം ചിലപ്പോള്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കനുസരിച്ചായിരിക്കില്ല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്തോ കുഴപ്പം ഉല്‍പ്പന്നത്തിനുണ്ട് എന്നാല്‍ നിങ്ങള്‍ക്കത് കണ്ടെത്താന്‍ കഴിയുന്നില്ല. അത് ഉല്‍പ്പന്നത്തിന്‍റെ രുചിയോ, കളറോ, പാക്കജിന്‍റെ ഡിസൈനോ ആവാം.

 

  • ഉല്‍പ്പന്നത്തിന്‍റെ ഏതെങ്കിലും ഭാഗമോ സവിശേഷതയോ ഉപഭോക്താവിന് ഇഷ്ടപ്പെടാത്തതായോ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതായോ ഉണ്ടാകാം.

 

  • പുതിയ ഉല്‍പ്പന്നത്തിന്‍റെ വാണിജ്യോല്‍പ്പാദനം തുടങ്ങുന്നതിന് മുന്‍പായി ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ തേടുക.

പ്രോഡക്റ്റ് ടെസ്റ്റിംഗ് ഉല്‍പ്പന്നത്തിന്‍റെ ഉപഭോക്താവുമായുള്ള സംവദനമാണ്. ഇതില്‍ നിന്നും ലഭ്യമാകുന്ന അഭിപ്രായങ്ങള്‍ ഉല്‍പ്പന്നത്തെ ആഴത്തില്‍ വിലയിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാനും സംരംഭകന് തുണയാകും.

പ്രോഡക്റ്റ് ടെസ്റ്റിംഗിന്‍റെ മൂന്ന് ഘട്ടങ്ങള്‍

  1. ഉല്‍പ്പന്നത്തിന്‍റെ ഉപഭോഗത്തിന് മുന്‍പ്

ഈ ഘട്ടത്തില്‍ ഉപഭോക്താക്കള്‍ ഉല്‍പ്പന്നം ഉപയോഗിച്ച് നോക്കുന്നില്ല. ഇതൊരു പ്രാഥമിക പരീക്ഷണമാണ്. ഉപഭോക്താക്കളുടെ ഉല്‍പ്പന്നത്തോടുള്ള ആദ്യ പ്രതികരണങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

ഉല്‍പ്പന്നത്തിന്‍റെ ഗന്ധം, നിറം, പാക്കേജ് ഡിസൈന്‍, ഉല്‍പ്പന്നത്തിന്‍റെ രൂപം, ഡിസൈന്‍, മറ്റ് ബാഹ്യമായ വസ്തുതകള്‍  തുടങ്ങിയവയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആദ്യ പ്രതികരണങ്ങള്‍ ഈ ഘട്ടത്തില്‍ രേഖപ്പെടുത്തുന്നു.

  1. ഉല്‍പ്പന്നത്തിന്‍റെ ഉപഭോഗം

ഈ ഘട്ടത്തില്‍ വളരെയധികം പ്രയോജനകരങ്ങളായ വിവരങ്ങള്‍ ലഭ്യമാകുന്നു. എങ്ങിനെയാണ് ഉല്‍പ്പന്നം ഉപയോഗിക്കുന്നത്, എന്തൊക്കെ ബുദ്ധിമുട്ടുകളാണ് / പ്രശ്നങ്ങളാണ് ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്നത്, അവരുടെ പ്രതികരണങ്ങള്‍ എന്താണ്. ഇത്തരം വസ്തുതകളെയൊക്കെ നിരീക്ഷിക്കുവാനും അഭിപ്രായം തേടുവാനും ഈ ഘട്ടത്തില്‍ സാധിക്കും.

  1. ഉപഭോഗത്തിന് ശേഷം

ഉല്‍പ്പന്നത്തിന്‍റെ മൊത്തത്തിലുള്ള ഒരു വിലയിരുത്തലാണ് ഈ ഘട്ടത്തില്‍ നടത്തുന്നത്. ഉപഭോക്താക്കള്‍ ഉല്‍പ്പന്നം ഉപയോഗിച്ചതിനു ശേഷമുള്ള അവരുടെ ഓരോ അഭിപ്രായവും രേഖപ്പെടുത്തുന്നു. ഉപഭോഗത്തിന് ശേഷമാകും ഈ ഉല്‍പ്പന്നം തന്‍റെ പ്രതീക്ഷകള്‍ക്കനുസരിച്ചാണോ എന്ന് ഉപഭോക്താവ് തീരുമാനിക്കുന്നത്. അങ്ങിനെയല്ലായെങ്കില്‍ അതെന്തു കൊണ്ടാണ് എന്നും അവര്‍ പ്രതികരിക്കുന്നു.

  • എന്താണ് ഉല്‍പ്പന്നത്തെക്കുറിച്ചുള്ള നിങ്ങളുടെ മൊത്തത്തിലുള്ള വിലയിരുത്തല്‍?
  • നിങ്ങള്‍ക്ക് ഈ ഉല്‍പ്പന്നം എത്രമാത്രം ആവശ്യമുണ്ട്?
  • വിപണിയിലെ മറ്റ് ഉല്‍പ്പന്നങ്ങളെക്കാള്‍ നിങ്ങള്‍ ഈ ഉല്‍പ്പന്നത്തിന് മുന്‍ഗണന നല്‍കുമോ?
  • എന്തൊക്കെ മാറ്റങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു?

ഇത്തരം ചോദ്യങ്ങള്‍ ഈ ഘട്ടത്തില്‍ ഉന്നയിക്കപ്പെടുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഉല്‍പ്പന്നത്തിന്‍റെ രുചി ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് കരുതുക. വലിയൊരു റിസ്ക്‌ എടുക്കുന്നതിനു മുന്‍പേ നിങ്ങള്‍ക്കത് മനസ്സിലാക്കുവാന്‍ സാധിക്കുന്നു. അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും ഉപഭോക്താക്കള്‍ സ്വീകരിക്കുന്ന ഒരു ഉല്‍പ്പന്നം വിപണിയിലേക്ക് അവതരിപ്പിക്കുവാനും സാധ്യമാകുന്നു.

ആരാണ് നിങ്ങളുടെ ഉപഭോക്താക്കള്‍?

പ്രോഡക്റ്റ് ടെസ്റ്റിംഗിന് മുന്‍പായി കൃത്യമായി ഉപഭോക്താക്കളെ നിര്‍വ്വചിക്കേണ്ട കടമ സംരംഭകനുണ്ട്. ആശയരൂപീകരണ ഘട്ടത്തില്‍ തന്നെ ഇത് ചെയ്തിട്ടുണ്ടാകും. ഉല്‍പ്പന്നങ്ങള്‍ ലക്‌ഷ്യം വെക്കുന്ന ഉപഭോക്താക്കളില്‍ തന്നെ പരീക്ഷിക്കുക എന്നത് കുറ്റമറ്റ പരീക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.

നിങ്ങള്‍ തലയില്‍ മുടി കിളിര്‍ക്കുവാനുള്ള ഒരു മരുന്നാണ് കണ്ടെത്തിയതെന്നിരിക്കട്ടെ. ഇത് ആരിലാണ് പരീക്ഷിക്കുവാന്‍ പോകുന്നത്? ഇവിടെ എല്ലാവരും ഉപഭോക്താക്കളാണോ? അതോ ചില പ്രത്യേക വിഭാഗങ്ങള്‍ മാത്രമാണോ?

  • സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപയോഗിക്കാമോ?
  • കുട്ടികള്‍ക്ക് അനുയോജ്യമാണോ? ആണെങ്കില്‍ ഏത് പ്രായം മുതല്‍ ഉപയോഗിക്കാം?
  • കഷണ്ടിയുള്ളവര്‍ക്ക് ഉപയോഗിക്കാമോ?
  • പ്രായമായവര്‍ക്ക് ഉപയോഗിക്കാമോ? അല്ലെങ്കില്‍ ഏത് പ്രായം വരെ ഉപയോഗിക്കാം?

വിശദമായ, ആഴത്തിലുള്ള ചിന്തകള്‍ക്കും അവലോകനങ്ങള്‍ക്കും ശേഷമാകും നിങ്ങള്‍ യഥാര്‍ത്ഥ ഉപഭോക്താക്കളെ നിശ്ചയിക്കുന്നത്. പ്രോഡക്റ്റ് ടെസ്റ്റിംഗിനായി തിരഞ്ഞെടുക്കേണ്ടതും അവരെയാണ്. സമയം അനാവശ്യമായി കളയാതിരിക്കാനും കൃത്യമായ ഫലം ലഭിക്കുവാനും ഇത് സഹായിക്കും.

ഉപഭോക്താവ് പറയുന്നത് ശ്രദ്ധിക്കാം

കമ്പനി പുതിയൊരു ഏണി (Ladder) വികസിപ്പിച്ചെടുത്തു. ഇന്ന് വിപണിയിലുള്ള ഏണികളെക്കാളൊക്കെ സൗകര്യപ്രദവും, സവിശേഷതകളുള്ളതും, ഉപയോഗങ്ങള്‍ ഉള്ളതുമായ ഒന്ന്. ഇതിന്‍റെ മാതൃക നിര്‍മ്മിച്ചതിനു ശേഷം കമ്പനി അത് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കുവാന്‍ നല്‍കി.

കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ ഈ ഉപഭോക്താക്കള്‍ ഏണി ഉപയോഗിക്കുന്നത് നിരീക്ഷിച്ചു. വീടിനുള്ളില്‍, പുറത്ത്, ഏണിപ്പടികളില്‍, ഉയരങ്ങളില്‍ വൃത്തിയാക്കുവാന്‍, ഫലങ്ങള്‍ പറിക്കുവാന്‍, പെയിന്‍റ് അടിക്കുവാന്‍, യാത്ര ചെയ്യുമ്പോള്‍ മടക്കി കാറിനുള്ളില്‍ വെക്കുവാന്‍ അങ്ങിനെ അവര്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും പിന്നാലെ നടന്ന് നിരീക്ഷിച്ചു. ഓരോ ഘട്ടങ്ങളിലും ഉപഭോക്താക്കള്‍ അത് കൈകാര്യം ചെയ്യുമ്പോഴുള്ള പ്രശ്നങ്ങള്‍ എഞ്ചിനീയര്‍മാര്‍ കണ്ടെത്തി. അതു കൂടാതെ ഉപഭോക്താക്കളുടെ അനുഭവങ്ങളില്‍ നിന്നുമുള്ള അഭിപ്രായങ്ങളും അവര്‍ ശേഖരിച്ചു.

കമ്പനി എഞ്ചിനീയര്‍മാരുടേയും ഉപഭോക്താക്കളുടെയും അഭിപ്രായങ്ങള്‍ പഠിച്ചു. ഉല്‍പ്പന്നത്തില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തി. മാറ്റങ്ങള്‍ വരുത്തിയ ഉല്‍പ്പന്നം വീണ്ടും ഉപഭോക്താക്കള്‍ക്ക് നല്‍കി. അങ്ങിനെ തങ്ങളുടെ ഏണി ഉപയോഗിക്കുവാന്‍ പോകുന്ന ഉപഭോക്താക്കളെ അതിന്‍റെ രൂപകല്‍പ്പനയില്‍ ഭാഗഭാഗാക്കി. ഈ തന്ത്രം നല്ലൊരു ഉല്‍പ്പന്നത്തെ നിര്‍മ്മിക്കുവാന്‍ കമ്പനിയെ സഹായിച്ചു.

ഉല്‍പ്പന്നം വിറ്റ് തുടങ്ങും മുന്‍പേ

ഉല്‍പ്പന്നത്തിന്‍റെ വില്‍പ്പന ആരംഭിക്കുന്നതിന് മുന്‍പേ തന്നെ ഉപഭോക്താക്കള്‍ ബിസിനസിന്‍റെ ഭാഗമാകുന്ന അതി സുന്ദരമായ കാഴ്ചയാണ് നിങ്ങള്‍ കണ്ടത്. ഉപഭോക്താവിന്‍റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന ഉല്‍പ്പന്നം വിപണിയില്‍ മിന്നല്‍ പോലെ പായും. തന്‍റെ മനസ്സില്‍ രൂപം കൊണ്ട ഉല്‍പ്പന്നം ഉപഭോക്താവ് ഇഷ്ടപ്പെട്ടുകൊള്ളും എന്ന് നിര്‍ബന്ധം പിടിക്കുവാന്‍ ഒരു സംരംഭകനും സാധിക്കുകയില്ല. ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് നല്‍കുക. അവര്‍ ഉത്തരം പറയട്ടെ. അതിനു ശേഷം മാത്രം ഉല്‍പ്പാദനത്തിലേക്ക് കടക്കുക.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a comment