ബിസിനസില്‍ വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ഏറ്റവും മികച്ച 4 മാര്‍ഗ്ഗങ്ങള്‍

അരവിന്ദ് ടെക്സ്റ്റയില്‍ ഷോറൂം ആരംഭിച്ചിട്ട് അഞ്ചു വര്‍ഷം കഴിയുന്നു. ബിസിനസ് ലാഭകരമായി മുന്നോട്ടു പോകുന്നു. ആദ്യ വര്‍ഷങ്ങളിലെക്കാള്‍ വില്‍പ്പന വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷകള്‍ക്കൊത്ത് വരുമാനത്തില്‍ വലിയ വളര്‍ച്ച കാണുന്നില്ല. ഇത് അരവിന്ദിനെ നിരാശയിലാക്കി.

അരവിന്ദ് ചെലവുകള്‍ പരമാവധി ചുരുക്കി കര്‍ശനമായ സാമ്പത്തിക അച്ചടക്കം സ്ഥാപനത്തില്‍ കൊണ്ടുവന്നു. ജീവനക്കാര്‍ക്ക് വില്‍പ്പനയില്‍ പരിശീലനം നല്‍കി. എത്രമാത്രം പരിശ്രമിച്ചിട്ടും വരുമാനം ഒരു പരിധി വിട്ട് ഉയരുന്നില്ല. വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്? അരവിന്ദ് മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു തുടങ്ങി.

ഞാന്‍ അരവിന്ദുമായി സംസാരിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. സാധാരണ ഒരു സംരംഭകന്‍ വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അരവിന്ദന്‍ ചെയ്യുന്നുണ്ട്. അനാവശ്യ ചെലവുകള്‍ യാതൊന്നുമില്ല. വില്‍പ്പന വര്‍ദ്ധിപ്പിക്കുവാന്‍ പരമാവധി പരിശ്രമം നടത്തുന്നുമുണ്ട്. ബിസിനസ് ലാഭകരമെങ്കിലും വരുമാനം വളര്‍ന്നു വന്നില്ലെങ്കില്‍ ബിസിനസ് ഭാവിയില്‍ നിലനില്‍ക്കണമെന്നില്ല. എന്തൊക്കെയാണ് വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ബിസിനസില്‍ ചെയ്യേണ്ട കാര്യങ്ങള്‍? അരവിന്ദന് അറിയേണ്ടത് അതാണ്‌.

എന്തൊക്കെ ചെയ്‌താല്‍ ബിസിനസില്‍ വരുമാനം വര്‍ദ്ധിപ്പിക്കാം?

ഒരു മില്ല്യന്‍ ഡോളര്‍ ചോദ്യമാണ്. ഓരോ സംരംഭകനും മനസ്സില്‍ ചോദിച്ചുകൊണ്ടേയിരിക്കുന്ന ചോദ്യം. ചെലവ് ചുരുക്കലിന് പരിമിതികളുണ്ട്. ചെലവുകള്‍ ചുരുക്കി വരുമാനം വര്‍ദ്ധിപ്പിക്കുക പലപ്പോഴും പ്രയോഗികവുമാവില്ല. ബിസിനസ് വളരും തോറും ചെലവുകള്‍ കൂടിവരും. വരുമാനം വര്‍ദ്ധിപ്പിച്ചേ തീരൂ. അതിനെന്തു ചെയ്യണം?

വരുമാനം വര്‍ദ്ധിപ്പിക്കാന്‍ 4 മാര്‍ഗ്ഗങ്ങള്‍

ബിസിനസില്‍ വരുമാനം ഉയര്‍ത്താന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്. അവയിലൂടെ നമുക്കൊന്ന് കടന്നുപോകാം. നിങ്ങളുടെ ബിസിനസില്‍ നിങ്ങള്‍ക്ക് ഈ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. നാം അതിലേക്ക് കടക്കുന്നതിനു മുന്‍പ് ഒരു കാര്യം മനസ്സിലാക്കുക. നിങ്ങളുടെ കയ്യിലുള്ള ഉപഭോക്താക്കളുടേയും ഉല്‍പ്പന്നങ്ങളുടേയും വിവരങ്ങള്‍ (Data) അതീവ പ്രാധാന്യമുള്ളവയാണ്. നിങ്ങളുടെ കയ്യില്‍ അതുണ്ടെന്ന് വിശ്വസിക്കട്ടെ. എന്തിനെന്ന് നമുക്ക് വഴിയേ മനസ്സിലാക്കാം. വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന നാല് മാര്‍ഗ്ഗങ്ങളെക്കുറിച്ച് നമുക്കൊന്ന് ചര്‍ച്ച ചെയ്യാം.

മാര്‍ഗ്ഗം 1

ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക

നിങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ആദ്യത്തെ മാര്‍ഗ്ഗം. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഇല്ലായെന്ന് കരുതുക. എന്ത് സംഭവിക്കും? അവരില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് പരിധിയുണ്ട്. ഇവിടെ ഒരു പരിധി വിട്ട് വരുമാനം വളരില്ല. സ്ഥാപനത്തിലേക്ക് കടന്നു വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ കാലക്രമത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടായിക്കൊണ്ടേയിരിക്കേണ്ടതുണ്ട്.

ബിസിനസിലേക്ക് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കേണ്ടതുണ്ട്. ശക്തമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഇതിനായി നടപ്പിലാക്കേണ്ടതുണ്ട്. ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണ്. പുതിയ ഉപഭോക്താക്കള്‍ കടന്നുവരണം, അവര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങണം, വില്‍പ്പന വര്‍ദ്ധിക്കണം. വരുമാനത്തിലിത് ഗണ്യമായ വര്‍ദ്ധനവ്‌ വരുത്തും. നിങ്ങളുടെ ബിസിനസിനെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കേണ്ടതുണ്ട്. കൂടുതല്‍ ഉപഭോക്താക്കള്‍ എത്തുമ്പോള്‍ ബില്ലുകളുടെ എണ്ണം വര്‍ദ്ധിക്കും, ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വില്‍ക്കപ്പെടും.

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ സാധ്യമാകുന്ന രീതിയില്‍ വ്യത്യസ്തങ്ങളായ, നൂതനങ്ങളായ ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുക, ഓഫറുകളും ഡിസ്കൗണ്ടുകളും നല്‍കുക, ഏറ്റവും പുതിയ ഫാഷനുകള്‍ അവതരിപ്പിക്കുക, മേന്മയുള്ളതും ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുക, മികച്ച രീതിയില്‍ ഉപഭോക്താക്കളെ സേവിക്കുക എന്നിങ്ങനെയുള്ള നിരവധി മാര്‍ഗ്ഗങ്ങള്‍ ഇതിനായി പിന്തുടരാം.

നിങ്ങളുടെ ബിസിനസിലെ ഉപഭോക്താക്കളുടെ എണ്ണം പരിശോധിക്കുക. അവയില്‍ വ്യത്യാസം വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. ആരൊക്കെയാണ് ഉപഭോക്താക്കള്‍ എന്ന് മനസ്സിലാക്കുക. അവര്‍ എവിടെനിന്നും വരുന്നു? എന്തൊക്കെയാണ് അവര്‍ വാങ്ങുന്നത്? അവരുടെ അഭിരുചി എന്താണ്? എന്തുകൊണ്ടാണ് അവര്‍ നിങ്ങളുടെ സ്ഥാപനത്തില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്? അവര്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്താണ്? ഇതിനൊക്കെ ഉത്തരം കണ്ടെത്തുക. നിങ്ങളുടെ കയ്യില്‍ ഓരോ ഉപഭോക്താവിന്‍റേയും വിവരങ്ങള്‍ ഉണ്ടാവണം. അത് വിശകലനം ചെയ്യണം.

ഉപഭോക്താക്കളെ നിരീക്ഷിക്കുന്ന, ആഴത്തില്‍ പഠിക്കുന്ന ബിസിനസിന് അവര്‍ക്ക് എന്താണ് ആവശ്യമെന്ന് കൃത്യമായി മനസ്സിലാക്കുവാനും അത് നല്‍കുവാനും സാധിക്കും. ഇത് ബിസിനസ് സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ വരുത്തും. രുചികരമായ ഭക്ഷണം നല്‍കുന്ന ഒരു റെസ്റ്റോറന്‍റ് തേടി ഉപഭോക്താക്കള്‍ എത്തും. അവരുടെ ആവശ്യമറിഞ്ഞുള്ള വിഭവങ്ങള്‍ വിളമ്പാന്‍ റെസ്റ്റോറന്‍റിന് കഴിഞ്ഞാല്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.

മാര്‍ഗ്ഗം 2

ഓരോ ബില്ലിലേയും വില്‍പ്പന വര്‍ദ്ധിപ്പിക്കുക

ഓരോ ഉപഭോക്താവിന്‍റേയും ബില്‍ തുക വര്‍ദ്ധിപ്പിക്കുക. ഇത് മൊത്തം വില്‍പ്പനയില്‍ കാര്യമായ മാറ്റം കൊണ്ടുവരും. ഇതിനായി ഓരോ ഉപഭോക്താവിനേയും ലക്‌ഷ്യം വെയ്ക്കണം. സാധാരണ അവര്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് വില്‍ക്കാന്‍ സാധിക്കണം. ഇതിനായി ബിസിനസുകള്‍ക്ക് പ്രയോഗിക്കാവുന്ന വ്യത്യസ്ത തന്ത്രങ്ങളുണ്ട്.

ആയിരം രൂപയുടെ ഒരു സാരി തിരഞ്ഞെടുത്ത ഉപഭോക്താവിനോട് സെയില്‍സ് ഗേള്‍ ചോദിച്ചു.

“മാഡം, നല്ല സാരിയാണ് തിരഞ്ഞെടുത്തത്. ഏതെങ്കിലും ഫംഗ്ഷന് ഉടുക്കാനാണോ ഇത് വാങ്ങുന്നത്?  

“അതെ, ഒരു കല്യാണമുണ്ട്.” കസ്റ്റമര്‍ മറുപടി പറഞ്ഞു.

“വളരെ നല്ലത് മാഡം. ഈ നിറം മാഡത്തിന് ഇണങ്ങുന്നുണ്ട്‌. എന്നാല്‍ കല്യാണ ഫംഗ്ഷനൊക്കെ ഉടുക്കുവാനായുള്ള സാരികളുടെ പ്രത്യേക കളക്ഷന്‍ തന്നെ ഞങ്ങള്‍ക്കുണ്ട്‌. മാഡം എടുക്കണമെന്നില്ല. നമുക്കതൊന്ന് വെറുതെ നോക്കിയാലോ?”

അവള്‍ കസ്റ്റമറെ ആ സെക്ഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ആദ്യം ആയിരം രൂപയുടെ സാരി തിരഞ്ഞെടുത്ത കസ്റ്റമര്‍ അവസാനം രണ്ടായിരം രൂപയുടെ സാരി ഇഷ്ടപ്പെട്ട് അതു വാങ്ങുന്നു. സെയില്‍സ് ഗേള്‍ പ്രയോഗിച്ച ഈ തന്ത്രമാണ് അപ്പ്‌സെല്ലിംഗ്. കുറഞ്ഞ വിലയുള്ള ഉല്‍പ്പന്നം വാങ്ങുവാന്‍ വന്ന ഉപഭോക്താവിനെക്കൊണ്ട് അതിനെക്കാള്‍ വിലയുള്ള ഉല്‍പ്പന്നം വാങ്ങിപ്പിക്കുന്ന തന്ത്രം.

ഇനി അതേ കസ്റ്റമറോട് സെയില്‍സ് ഗേള്‍ പറയുന്നു.

“മാഡം, ഇതിന് യോജിച്ച മനോഹരമായ ബ്ലൗസ് വേണ്ടേ? ഞങ്ങള്‍ക്ക് ഡിസൈനര്‍ ബ്ലൗസുകള്‍ ഉണ്ട്. ഞാന്‍ കാണിച്ചു തരാം.”

അവള്‍ കസ്റ്റമറെ കൂട്ടികൊണ്ടുപോയി ബ്ലൗസ് തിരഞ്ഞെടുപ്പിക്കുന്നു. പിന്നെ ബ്ലൗസിന് ലൈനിംഗ്, അടിവസ്ത്രങ്ങള്‍ എന്നിവയും വാങ്ങിപ്പിക്കുന്നു. കസ്റ്റമറുടെ ബില്‍ തുക വീണ്ടും കൂടുന്നു. ഇങ്ങിനെ ഒരു ഉല്‍പ്പന്നം വാങ്ങുവാന്‍ വന്ന ഉപഭോക്താവിനെക്കൊണ്ട് മറ്റ് ഉല്‍പ്പന്നങ്ങള്‍ കൂടി വാങ്ങിപ്പിക്കുന്നു. ഇതാണ് ക്രോസ് സെല്ലിംഗ് എന്ന വില്‍പ്പന തന്ത്രം.

ഈ രണ്ട് വില്‍പ്പന തന്ത്രങ്ങളും ശ്രദ്ധിക്കുക. ഇവിടെ ആയിരം രൂപ ചെലവഴിക്കുവാന്‍ വന്ന കസ്റ്റമര്‍ അതിനേക്കാള്‍ കൂടുതല്‍ തുക വിനിയോഗിക്കുന്നു. ആ കസ്റ്റമറുടെ ബില്ലിംഗ് വര്‍ദ്ധിക്കുന്നു. ഓരോ ഉപഭോക്താവിലും ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ബിസിനസിലെ മൊത്തം വില്‍പ്പനയില്‍ വലിയൊരു വര്‍ദ്ധനവ്‌ പ്രതീക്ഷിക്കാം. ഓരോ ഉപഭോക്താവിലും ശ്രദ്ധ ചെലുത്തുക. കൂടുതല്‍ വാങ്ങിപ്പിക്കുവാന്‍ ശ്രമിക്കുക. ഓരോ ബില്‍ തുകയും വര്‍ദ്ധിപ്പിക്കുവാന്‍ ശ്രദ്ധവെക്കുക. ഉപഭോക്താക്കള്‍ നടത്തുന്ന ഇടപാടുകളിലെ വര്‍ദ്ധനവ്‌ ബിസിനസിന്‍റെ വരുമാനം ഉയര്‍ത്തുന്നു.

മാര്‍ഗ്ഗം 3

ഉപഭോക്താക്കളുടെ ഇടപാടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക

നിങ്ങളുടെ സ്ഥാപനം ഉപഭോക്താക്കള്‍ കൂടുതല്‍ തവണ സന്ദര്‍ശിക്കട്ടെ. അതിനായി അവരെ പ്രേരിപ്പിക്കുക എന്നതാണ് നിങ്ങളുടെ കടമ. പുതിയ ഉല്‍പ്പന്നങ്ങള്‍, ഓഫറുകള്‍ ഡിസ്കൗണ്ടുകള്‍ മുതലായവ നല്‍കുക. ഓരോ സന്ദര്‍ശനത്തിലും അവര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു, വരുമാനം ഉയരുന്നു.

ചില സ്ഥാപനങ്ങള്‍ ഓഫര്‍ കൂപ്പണുകള്‍ നല്‍കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഒരു നിശ്ചിത തീയതിക്ക് മുന്‍പേ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ ഓഫര്‍ ലഭിക്കുന്നു. ഇത് ഉപഭോക്താവിനെ വീണ്ടും സ്ഥാപനം സന്ദര്‍ശിക്കുവാന്‍ പ്രേരിപ്പിക്കുന്നു. അവര്‍ കൂടുതല്‍ വാങ്ങുന്നു. ഇടപാടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ ഇതിലൂടെ കഴിയുന്നു.

വല്ലപ്പോഴും റസ്റ്റോറന്‍റ് സന്ദര്‍ശിക്കുന്ന ഉപഭോക്താവില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും റസ്റ്റോറന്‍റ് സന്ദര്‍ശിക്കുവാനുള്ള പ്രേരണ ഉടലെടുപ്പിക്കുക. അത്യന്തം രുചികരമായ, മറ്റെവിടെയും ലഭിക്കാത്ത വിഭവങ്ങള്‍ വിളമ്പുക. ബര്‍ത്ത്ഡേ പാര്‍ട്ടികള്‍ തുടങ്ങിയ കൂടിച്ചേരലുകള്‍ക്കായി അവസരമൊരുക്കുക. പരിപാടികള്‍ സംഘടിപ്പിക്കുക എന്നിങ്ങനെ ധാരാളം കാര്യങ്ങള്‍ ചെയ്യാം. ഉപഭോക്താവും സ്ഥാപനവുമായി വൈകാരികമായ ബന്ധം വളര്‍ത്തിയെടുക്കാം.

ഉപഭോക്താവ് നിങ്ങളുടെ ബിസിനസ് കൂടുതല്‍ തവണ സന്ദര്‍ശിക്കണമെങ്കില്‍ അതിനൊരു കാരണം ആവശ്യമാണ്. ഏറ്റവും പുതിയ ഫാഷന്‍ ഡ്രസ്സ്‌ എപ്പോഴും ലഭ്യമായ ഒരു അപ്പാരല്‍ ഷോറൂം ഉപഭോക്താക്കളെ നിരന്തരം സന്ദര്‍ശിക്കാന്‍ പ്രലോഭിപ്പിക്കും. ഓരോ പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും വസ്ത്രങ്ങള്‍ എടുക്കാന്‍ അവര്‍ ഷോറൂമില്‍ എത്തും. ഓരോ തവണയും അവര്‍ പണം മുടക്കും, വില്‍പ്പന കൂടും, വരുമാനം ഉയരും.

ഒരിക്കല്‍ സ്ഥാപനം സന്ദര്‍ശിക്കുന്ന ഉപഭോക്താവിനെ വീണ്ടും അവിടേക്ക് ആകര്‍ഷിക്കണം. ഏതുതരം ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നതെന്ന ഡാറ്റ നിരന്തരം വിശകലനം ചെയ്യണം. അവര്‍ക്കിഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്ക്‌ ചെയ്യാന്‍ സാധിക്കണം. മധുരമായി അവരോട് ഇടപഴകാന്‍ സാധിക്കണം. ബിസിനസും ഒരു കുടുംബമാണ്. ഉപഭോക്താവ് ആ കുടുംബാംഗവും. ഓരോ ഇടപാടും ഇടപഴകലാണ്. അവിടെ ഉടലെടുക്കുന്ന സ്നേഹം സ്ഥാപനം വീണ്ടും സന്ദര്‍ശിക്കാന്‍ അവരെ ഓര്‍മ്മപ്പെടുത്തും. അവര്‍ സ്ഥിര സന്ദര്‍ശകരാകും. സ്ഥിരമായി വരുമാനം നല്‍കുന്നവരാകും.

മാര്‍ഗ്ഗം 4

ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുക

വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒന്നാണിത്. കിടമത്സരം കൂടുതലുള്ള വിപണിയില്‍ വില വര്‍ദ്ധിപ്പിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുക അല്‍പ്പം റിസ്ക്‌ കൂടുതലാണ്. എതിരാളികളുടെ ഉല്‍പ്പന്നങ്ങളെക്കാള്‍ വില കൂടുതല്‍ ഈടാക്കുമ്പോള്‍ ഉപഭോക്താക്കള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് മറ്റാരും നല്‍കാത്ത അത്യസാധാരണമായ സേവനം നല്‍കി വില വര്‍ദ്ധിപ്പിക്കുന്നതിലും തടസ്സമില്ല.

ഇവിടെ നിങ്ങള്‍ അല്പം മാറി ചിന്തിക്കേണ്ട ആവശ്യമുണ്ട്. എതിരാളികളുടെ പക്കല്‍ ലഭ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുക, എതിരാളികള്‍ നല്‍കുന്നതിനേക്കാള്‍ മികച്ച സേവനം നല്‍കുക, കൂടുതല്‍ മേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക, വിലകള്‍ താരതമ്യപ്പെടുത്താന്‍ സാധിക്കാത്ത വിധമുള്ള അനുഭവം അവര്‍ക്ക് പ്രദാനം ചെയ്യുക. ഇവിടെയൊക്കെ നിങ്ങള്‍ക്ക് വില ഉയര്‍ത്തുവാനുള്ള സ്വാതന്ത്ര്യം ലഭിക്കും.

നാവില്‍ കൊതിയൂറും രുചിയുള്ള വിഭവങ്ങള്‍ നല്‍കുന്ന, മനോഹരമായ അന്തരീക്ഷമുള്ള (Ambience) ഒരു റസ്റ്റോറന്‍റിന് തങ്ങളുടെ എതിരാളിയുടെ വിഭവങ്ങളെക്കാള്‍ കൂടുതല്‍ വില ഈടാക്കാന്‍ സാധിക്കും. വിലയുടെ താരതമ്യം ഇവിടെ അപ്രസക്തമാകുന്നു. വിലനിര്‍ണ്ണയ തന്ത്രങ്ങള്‍ പഠിക്കുകയും അവ കൃത്യമായി പ്രയോഗിക്കുകയും ചെയ്യുക. താരതമ്യത്തിനുള്ള സാധ്യതകളെ ഇല്ലായ്മ ചെയ്യുക എന്നതാണ് വില കൂട്ടുവാനുള്ള തന്ത്രം. എതിരാളികളെക്കാള്‍ മികച്ചു നില്‍ക്കുക എന്നതു തന്നെ സാരം.

ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമ്പോള്‍ വരുമാനവും വര്‍ദ്ധിക്കുന്നു.  വിലനിര്‍ണ്ണയം ഉപഭോക്താവിന്‍റെ മനശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന ഗുണനിലവാരമുള്ള ഒരു അപ്പാരല്‍ ബ്രാന്‍ഡിന് ഉയര്‍ന്ന വില ഈടാക്കാം. സ്വന്തം ബ്രാന്‍ഡുകള്‍ വലിയൊരു മുന്‍തൂക്കമാണ് സംരംഭകന് നല്‍കുന്നത്. മറ്റു ബ്രാന്‍ഡുകള്‍ വില്‍ക്കുന്നതിന്‍റെ ഒപ്പം സ്വന്തം ബ്രാന്‍ഡ്‌ കൂടി വളര്‍ത്താന്‍ സംരംഭകന് സാധിച്ചാല്‍ അത് വലിയൊരു നേട്ടം തന്നെയാണ്.

ഉപഭോക്താവും വരുമാനവും

ഉപഭോക്താവും വരുമാനവും പരസ്പരപൂരകങ്ങളാണ്. രണ്ടും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഉപഭോക്താവ് ഉണ്ടെങ്കില്‍ മാത്രമേ വില്പനയുള്ളൂ. വില്‍പ്പനയിലൂടെ മാത്രമേ വരുമാനമുള്ളൂ. ഉപഭോക്താവിന്‍റെ ഓരോ ചലനവും വില്‍പ്പനയെ ബാധിക്കുന്നു അത് വരുമാനത്തേയും. ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന ബിസിനസിന് കൂടുതല്‍ വരുമാനം ഉണ്ടാക്കുവാനും അത് ഉയര്‍ത്തുവാനും സാധിക്കും.

ഉപഭോക്താവിന്‍റെ ഓരോ ഇടപാടും സസൂക്ഷ്മം നിരീക്ഷിക്കുകയും പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക. ഇതിനായി ആദ്യം ചെയ്യേണ്ടത് ഉപഭോക്താവിന്‍റെ പൂര്‍ണ്ണ ഡാറ്റ ബിസിനസില്‍ സൂക്ഷിക്കുക എന്നതാണ്. ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയുള്ള ഒരു ഉപഭോക്താവ് നിങ്ങളുടെ ബിസിനസില്‍ നിന്നും തുച്ഛമായ തുകക്കുള്ള ഉല്‍പ്പന്നങ്ങളേ വാങ്ങുന്നുള്ളുവെങ്കില്‍ അതിനുള്ള കാരണം നിങ്ങള്‍ അറിയണം. ഓരോ അറിവും തെറ്റുകള്‍ തിരുത്താന്‍ സഹായകമാകും. ഒരിക്കല്‍ വന്ന ഉപഭോക്താവ് വീണ്ടും നിങ്ങളുടെ സ്ഥാപനത്തിലേക്ക് കടന്നു വരുന്നില്ലായെങ്കില്‍ അത് എന്തുകൊണ്ട്?

ഉപഭോക്താക്കള്‍ തന്നെ വരുമാനം വര്‍ദ്ധിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്കുപദേശിക്കും. അവരത് നിശബ്ധമായി ചെയ്യുന്നുണ്ട്. നിങ്ങളത് കാണുന്നില്ല. ഉപഭോക്താക്കളെ ശ്രദ്ധിക്കുക, അവര്‍ പറയുന്നത് ശ്രവിക്കുക, അവരുടെ പരാതികള്‍ക്ക് പരിഹാരം നല്‍കുക, അവരെ മാന്യമായി സ്വീകരിക്കുകയും പെരുമാറുകയും ചെയ്യുക, അവര്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങളും സേവനവും നല്‍കുക. അവര്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കും.

  

Leave a comment