വലിയ ചിന്തയും ചെറിയ പ്രവൃത്തിയും

ബിസിനസിന്റെ അടിസ്ഥാനതലം ഒന്നു തന്നെയെങ്കില്‍പ്പോലും പ്രവര്‍ത്തന തലങ്ങളില്‍ സമൂലമായ മാറ്റം സംഭവിച്ചു കഴിഞ്ഞു

കേരളത്തിലെ ബിസിനസുകള്‍ക്ക് ആശാവഹവും വിപ്ലവകരവുമായ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. പഴയ ആശയങ്ങളില്‍ നിന്നും പുതിയ ആശയങ്ങളിലേക്ക് സംരംഭകത്വത്തിന്റെ തലം ഉയര്‍ന്നു കഴിഞ്ഞു. പ്രൊഫഷണലിസത്തിന്റെ ചട്ടക്കൂടുകള്‍ ബിസിനസിന് ആവശ്യമാണെന്നും പഠനം ബിസിനസിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും അനിവാര്യമാണെന്നുമുള്ള ബോധം ബിസിനസ് സമൂഹത്തില്‍ ഉടലെടുത്തിരിക്കുന്നു. പഴയ തലമുറയുടെ കാഴ്ചപ്പാടല്ല ഇന്ന് പുതുതലമുറക്കുള്ളത്. അതുകൊണ്ട് തന്നെ ആശയപരമായ സംവാദങ്ങള്‍ ഇരു തലമുറകളും തമ്മിലുണ്ട്. എങ്കില്‍പ്പോലും പുതുതലമുറയുടെ വാക്കുകള്‍ക്ക് കാതുകൊടുക്കുകയും അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്കി ബിസിനസിനെ പുതിയൊരു ലോകത്തേക്ക് നയിക്കുവാന്‍ ശ്രമിക്കുന്ന പഴയതലമുറ വലിയൊരു മാറ്റത്തിന്റെ നാന്ദിയാണ്.

ബിസിനസിന്റെ അടിസ്ഥാനതലം ഒന്നു തന്നെയെങ്കില്‍പ്പോലും പ്രവര്‍ത്തന തലങ്ങളില്‍ സമൂലമായ മാറ്റം സംഭവിച്ചു കഴിഞ്ഞു. കാഴ്ചപ്പാടുകളില്‍ വന്ന വ്യത്യാസങ്ങള്‍ തന്നെ പ്രധാനം. ലോകം കൈക്കുമ്പിളിലേക്കൊതുങ്ങുന്ന സാങ്കേതികതയുടെ യുഗത്തില്‍ അറിവും ആശയങ്ങളും ഒരിടത്തും തളച്ചിടപ്പെടുന്നില്ല. ആഗോള ബിസിനസ് സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനും ഉള്‍ക്കൊള്ളുവാനും നടപ്പില്‍ വരുത്തുവാനും ദീര്‍ഘമായ കാത്തിരിപ്പിന്റെ ആവശ്യം ഇന്നില്ല. ധ്രുതഗതിയില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും ബിസിനസിനെ പ്രവചനാതീതമാക്കുന്നു. സാങ്കേതിക വിദ്യയില്‍ സംഭവിക്കുന്ന ഒരു മാറ്റം ചിലപ്പോള്‍ ഒരു ബിസിനസിനെ ഇല്ലാതെയാക്കാം. പക്ഷെ മറ്റൊരു പുതിയ ബിസിനസിന്റെ വാതായനം തുറക്കാം.

വലുതിനെക്കുറിച്ച് ചിന്തിക്കുകയും വലുത് പ്രവൃത്തിക്കുകയും വലുത് നേടുകയും ചെയ്യുക (Think Big, Do Big and Achieve Big) എന്നതാണ് ഇന്ന് പുതുതലമുറയുടെ മുദ്രാവാക്യം. അതല്ലെങ്കില്‍ അതാവണം അവരുടെ ലക്ഷ്യം എന്നത് ശക്തമായ രീതിയില്‍ തലച്ചോറിലേക്ക് അടിച്ചേല്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു. ചെറിയ കാല്‍വെപ്പുകള്‍ സമയം കൊല്ലികള്‍ എന്ന ചിന്താഗതി പുതുതലമുറയ്ക്കുണ്ടോ? ബിസിനസ് തുടങ്ങുമ്പോഴേക്കും പടര്‍ന്ന് പന്തലിച്ച് ആഗോള ഭീമനായി മാറണം എന്ന ലക്ഷ്യം അവര്‍ സ്വപ്നം കാണുന്നു.

വലിയ സ്വപ്നങ്ങളും വലിയ ആശയങ്ങളും നല്ലതുതന്നെ. വലുതിനെക്കുറിച്ച് ചിന്തിച്ച് പ്രവര്‍ത്തിച്ചാലെ എന്തെങ്കിലുമൊക്കെ ആയിത്തീരൂ. പക്ഷേ നമുക്ക് വേണ്ടത് നിലത്ത് കാലുറപ്പിച്ചു നിന്നുള്ള വളര്‍ച്ചയാണ്. മണ്ണില്‍ വേരുറപ്പിച്ചുനിന്ന് വളരാത്ത ഒരു ബിസിനസും നിലനിന്നിട്ടില്ല. ചിലപ്പോള്‍ താല്‍ക്കാലികമായ വളര്‍ച്ച കാണിക്കുമെങ്കിലും പതനം ഭീകരമായിരിക്കും.

ശൃംഖലകള്‍ (Chains) സൃഷ്ടിക്കുക എന്നതാണ് പുതിയ തരംഗം (New Trend). ആഗോള ഭീമന്മാര്‍ ലോകം മുഴുവന്‍ പടരുന്നതുപ്പോലെ ഒറ്റയടിക്ക് നൂറുകണക്കിന് ഷോപ്പുകള്‍. ശൃംഖലയ്‌ക്കൊരു ആശയം രൂപീകരിക്കുക. ഒരു ബ്രാന്‍ഡ് നാമം ഉണ്ടാക്കുക. ആ ബ്രാന്‍ഡിനു കീഴില്‍ ശൃംഖല രൂപീകരിക്കുക. ആശയത്തിന്റെ മഹത്തായ ആവിഷ്‌ക്കാരമായി ബിസിനസ് പടര്‍ന്നു പന്തലിക്കുന്നത് സ്വപ്നം കണ്ട് ഇറങ്ങുന്നവര്‍ കൈപൊള്ളി തുടങ്ങുമ്പോഴാണ് യാഥാര്‍ത്ഥ്യം മനസ്സിലാക്കി തുടങ്ങുന്നത്. ആശയം മാത്രമല്ല ബിസിനസ് രൂപപ്പെടുത്തുന്നത് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാകുമ്പോഴേക്കും കഥ പൂര്‍ത്തിയായി കഴിയും.

കാണുന്നതല്ല യാഥാര്‍ത്ഥ്യം

പൊടിപ്പും തൊങ്ങലും വച്ച കഥകള്‍ വായിച്ചറിയുന്നതല്ല പലപ്പോഴും യാഥാര്‍ത്ഥ്യം. വിജയിക്കപ്പെട്ട ബിസിനസുകാരന്റെ കഥകളില്‍ പലപ്പോഴും മറ്റുള്ളവര്‍ മനസ്സിലാക്കേണ്ട പല പാഠങ്ങളും ഉണ്ടാവാറില്ല. കഥയുടെ വരികള്‍ക്കിടയില്‍ ഉറങ്ങുന്ന ഈ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാതെയാണ് നാം വിജയങ്ങളെ നോക്കി കാണുന്നത്. ആശയങ്ങളില്‍ നിന്നും ബിസിനസ് വിജയങ്ങളിലേക്കുള്ള ഓരോ യാത്രയ്ക്കും പിന്നില്‍ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. അവയെ അറിയുകയാവാണം നമ്മുടെ ആദ്യലക്ഷ്യം.

ആശയത്തിന്റെ രൂപാന്തരത്വം

ആശയത്തിന്റെ രൂപാന്തരത്വമാണ് (Metamorphosis) ബിസിനസ്. ആശയത്തിന്റെ പിറവി ഏതു സമയത്തുമാകാം. ബിസിനസായി പരിണമിക്കുവാനുള്ള ശക്തി ആശയത്തിനുണ്ടാവണം. എല്ലാ ആശയങ്ങളും ബിസിനസാവണം എന്നില്ല. അതുകൊണ്ടുതന്നെ രൂപപ്പെട്ട ആശയം ബിസിനസായി മാറ്റപ്പെടുന്നതിനാവശ്യമായ വിഭവങ്ങളും അതിന്റെ ലഭ്യതയും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വിഭവങ്ങളുടെ (Resources) ലഭ്യതയും വിനിയോഗവും കൃത്യമായ രീതിയില്‍ വിശകലനം ചെയ്യാന്‍ സാധിക്കാതെ വരികയും ആശയത്തിനോട് ബന്ധപ്പെട്ടിരിക്കുന്ന റിസ്‌ക്ക് നിര്‍ണ്ണയിക്കുന്നതില്‍ വരുന്ന പാകപ്പിഴകളും ഏതു മഹത്തായ ആശയത്തേയും ബിസിനസാക്കി മാറ്റുന്നതില്‍ പരാജയപ്പെടുത്താം.

കൈവിട്ട കളി

കൃത്യമായ രൂപരേഖയില്ലാതെ (Planning) തുടങ്ങുന്ന ബിസിനസ്, അതിന്റെ ആശയം എത്ര നൂതനവും മഹത്തരവുമാവട്ടെ, കൈവിട്ട കളിയാണ്. ചെറിയൊരു ഷോപ്പു തുടങ്ങുന്നതുപോലെയല്ല ശൃംഖല സ്ഥാപിക്കുന്നത്. ചെറിയൊരു ബിസിനസിന്റെ വിഭവ ആവശ്യകത അല്ല വലിയ സംരംഭകങ്ങള്‍ക്കാവശ്യം. ചിലപ്പോള്‍ വളരെ സുഗമമായി തുടങ്ങുവാന്‍ സാധിക്കുമെങ്കിലും മുന്നോട്ടു പോകുമ്പോള്‍ സകല നിയന്ത്രണങ്ങളും ചിലപ്പോള്‍ അറ്റുപോകും. മറ്റുള്ളവരുടെ പണം ഉപയോഗിച്ച് ബിസിനസ് മുന്നോട്ടു കൊണ്ടുപോകാം എന്ന സങ്കല്‍പ്പം എപ്പോഴും പ്രാവര്‍ത്തികമല്ല. എന്തു സംഭവിച്ചാലും ബിസിനസ് പൂര്‍ണ്ണമായും നിയന്ത്രണത്തിലാണ് എന്നുറപ്പു വരുത്തുന്ന വ്യക്തമായ തന്ത്രം രൂപീകരിച്ചാവണം വലിയ സംരംഭങ്ങളിലേക്കിറങ്ങുന്നത്.

എടുത്തു ചാടാതിരിക്കുക

എത്ര നല്ല ആശയമാണെങ്കിലും ബിസിനസ് തുടങ്ങുന്നത് നൂറുതവണ തിരിച്ചും മറിച്ചും ചിന്തിച്ചതിനു ശേഷവും കൃത്യമായ പ്ലാനിങ്ങോടും കൂടിയാവണം. ആശയം നടപ്പിലാക്കുവാന്‍ സംരംഭകര്‍ക്കുള്ള അറിവു തന്നെ പ്രധാന ഘടകം. എല്ലാ വശങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചതിനുശേഷവും പ്രൊഫഷണലുകളുമായി ആലോചിച്ചതിനു ശേഷവുമാവണം തീരുമാനം. അഭിമുഖീകരിക്കുവാന്‍ പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണം സംരംഭകര്‍ക്കുണ്ടാവണം. കൈയ്യിലുള്ള കുറച്ചു പണം ബിസിനസ് തുടങ്ങാന്‍ ഉപയോഗിക്കാം, ശേഷം പണം നാട്ടുകാര്‍ നല്‍കും എന്ന ധാരണയിലാണ് വലിയ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ എന്താവും വിധി എന്ന് പ്രവചിക്കുവാന്‍ കഴിയില്ല.

കേരളത്തിലെ ബിസിനസ് സമൂഹത്തില്‍ വന്ന ആശാവഹമായ വലിയൊരു മാറ്റം പുതിയ തലമുറയുടേയും സ്ത്രീകളുടേയും ബിസിനസ് അഭിരുചി വര്‍ദ്ധിച്ചു എന്നതാണ്. ബിസിനസിനെക്കുറിച്ചും മാനേജ്‌മെന്റിനെക്കുറിച്ചും ആശയപരമായ സംവാദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുവാന്‍ തുടങ്ങിയിരിക്കുന്നു. പഠനം ബിസിനസിന്റെ ഭാഗമായി മാറിയിരിക്കുന്നു. ബിസിനസ് ശൃംഖല സൃഷ്ടിക്കുന്നത് ഞാനൊരുദാഹരണമായി എടുത്തുകാട്ടി എന്നു മാത്രം. എടുത്തു ചാട്ടങ്ങളില്‍ പ്രധാനപ്പെട്ട ഒരുദാഹരണം, കുറച്ചുകൂടി ചിന്തിച്ച്, പ്ലാന്‍ ചെയ്ത് മണ്ണില്‍ വേരുറപ്പിച്ച് നിന്ന് വളരാന്‍ ശ്രമിച്ചാല്‍ വരുന്ന മാറ്റം ഈ സമൂഹത്തില്‍ പുത്തന്‍ വിജയഗാഥകള്‍ പിറക്കും എന്നതു തന്നെയത്രേ.

 

 

 

Leave a comment