സര്‍ഗ്ഗാത്മകതയുടെ ഒരു മുറി

നവീനതയെ പുണരാതെ ബിസിനസുകള്‍ക്ക് നിലനില്‍പ്പില്ല എന്നത് അലിഖിതമായ സത്യം

മാറ്റം ബിസിനസിന്റെ അനിവാര്യതകളിലൊന്നാണ്. ഒന്നും മാറ്റങ്ങള്‍ കൂടാതെ നിലനില്‍ക്കുന്നില്ല. നിര്‍ബന്ധിതമായും സ്വയമേവയും നടത്തുന്ന മാറ്റങ്ങളിലൂടെയാണ് ഓരോ ബിസിനസും കടന്നുപോകുന്നത്. നിങ്ങള്‍ ബിസിനസ് തുടങ്ങിയ സമയത്തേയും ഇപ്പോഴത്തേയും വ്യത്യാസങ്ങള്‍ നോക്കൂ. കാലാന്തരത്തില്‍ സംഭവിച്ച ഈ മാറ്റങ്ങളാണ് ബിസിനസിനെ മുന്നോട്ടു നയിക്കുന്നത്. മാറ്റങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന ബിസിനസുകള്‍ കാലത്തിന്റെ വെല്ലുവിളികള്‍ മറികടന്ന് നിലനില്‍ക്കുന്നു. അല്ലാത്തവ പിടിച്ചു നില്‍ക്കാനാവാതെ ചരിത്രത്തിലേക്ക് മറയുന്നു. നവീനതയെ പുണരാതെ ബിസിനസുകള്‍ക്ക് നിലനില്‍പ്പില്ല എന്നത് അലിഖിതമായ സത്യം.

ഒരു ദിവസം നടപ്പിലാക്കപ്പെടുന്ന സമൂലമായ മാറ്റം അല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്. കാലഘട്ടത്തിനനുയോജ്യമായ രീതിയില്‍ അവസരോചിതമായി വിപണിയേയും എതിരാളികളേയും വിലയിരുത്തി നടപ്പിലാക്കപ്പെടേണ്ട ഒരു നിരന്തര പ്രക്രിയയാണ് മാറ്റം. ബിസിനസിന്റെ സംസ്‌ക്കാരം ഇതിനനുസരിച്ച് രൂപപ്പെടുത്തേണ്ടതുണ്ട്. ഇവിടെ മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നതും നടപ്പില്‍ വരുത്തുന്നതും വ്യക്തിനിഷ്ഠമായ ഒരു പ്രവൃത്തിയല്ല മറിച്ച് കൂട്ടായ, സംഘടിതമായ ഒരു പ്രവൃത്തിയാണ്. നവീനതയേയും (Innovation) മാറ്റത്തേയും (Change) ഉള്‍ക്കൊള്ളുവാനും യഥാസമയത്ത് അവ സന്നിവേശിപ്പിക്കുവാനും കഴിയുന്ന ഒരു സംസ്‌ക്കാരം ബിസിനസില്‍ എങ്ങിനെ വളര്‍ത്തിയെടുക്കുവാന്‍ കഴിയും?. ഇതിനെ ഒരു സംസ്‌ക്കാരം എന്ന് ഞാന്‍ വിവക്ഷിക്കുന്നത് ഇത് ഒരിക്കല്‍ മാത്രം നടപ്പിലാക്കേണ്ടതോ നിര്‍ബന്ധിതമായ രീതിയില്‍ നടപ്പിലാക്കേണ്ടതോ ആയ ഒന്നല്ല എന്നതുകൊണ്ടും നിരന്തരമായ ഈ മാറ്റമാണ് ബിസിനസിനെ മുന്നോട്ട് നയിക്കുന്ന ചാലകശക്തി എന്നതുകൊണ്ടുമാണ്. നമുക്കൊപ്പമുള്ളവരെ കൊണ്ട് ചിന്തിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യേണ്ട ഒന്നാണ് ഈ നൈരന്തര്യമാറ്റം. സര്‍ഗ്ഗാത്മകമായ ചിന്തകള്‍ക്ക് വിളനിലമാവുന്ന ബിസിനസ് സംസ്‌ക്കാരം സൃഷ്ടിക്കുകയാണ് ഇതിനുള്ള മാര്‍ഗ്ഗം.

വ്യക്തികളുടെ അനുഭവജ്ഞാനം ബിസിനസിന്റെ മുതല്‍ക്കൂട്ട്

ബിസിനസില്‍ നമുക്കൊപ്പമുള്ള വ്യക്തികള്‍ അവര്‍ തൊഴിലാളികളോ പാര്‍ട്ട്‌ണേഴ്‌സോ ആരുമാവാം, അവരുടെ അനുഭവ സമ്പത്ത് ബിസിനസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപിടിച്ച മുതല്‍ക്കൂട്ടാണ്. ഈ അനുഭവജ്ഞാനം നവീനതയേയും മാറ്റങ്ങളേയും ഉള്‍ക്കൊള്ളുവാന്‍ ബിസിനസിന്റെ അടിത്തറയാകുന്നു. ഇവരുടെ അനുഭവജ്ഞാനം പൂര്‍ണ്ണമായി ഉപയോഗിക്കുവാന്‍ കഴിയുന്ന ബിസിനസ് പ്രസ്ഥാനങ്ങള്‍ക്ക് സര്‍ഗ്ഗാത്മകങ്ങളായ ആശയങ്ങള്‍ക്ക് പഞ്ഞമുണ്ടാവില്ല. പുതുതലമുറയുടെ ഊര്‍ജ്ജവും പരിചയ സമ്പന്നരുടെ ജ്ഞാനവും മിശ്രണം (Blend) ചെയ്യുന്ന ഒരു തന്ത്രം ഇതിനായി നമുക്ക് രൂപപ്പെടുത്താം.

മാറ്റങ്ങളുടെ മുറി

നമുക്ക് വേണ്ടത് സര്‍ഗ്ഗാത്മകതയുടെ ഒരു മുറിയാണ് (Creative room). വിശാലമായ സുഖപ്രദമായ എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് ആശയങ്ങള്‍ പങ്കുവെക്കുവാന്‍ സാധിക്കുന്ന മനോഹരമായ ഒരു മുറി. ഇവിടെ വലിപ്പച്ചെറുപ്പങ്ങളില്ല ഈഗോയില്ല. ലക്ഷ്യം ഒന്നുമാത്രം സര്‍ഗ്ഗാത്മകമായ ഏത് ആശയത്തേയും രണ്ടു കൈകളും നീട്ടി സ്വീകരിക്കുക, അതിനായി അവസരം സൃഷ്ടിക്കുക. എല്ലാ ബിസിനസ് സ്ഥാപനങ്ങളിലും ഈയൊരു മുറി വേണം, മാറ്റങ്ങളുടെ മുറി.

ടീമിനെ തിരഞ്ഞെടുക്കുക

ആശയങ്ങള്‍ പരസ്പരം പങ്കുവെക്കുവാനായി തിരഞ്ഞെടുത്ത വ്യക്തികള്‍ ക്രിയേറ്റീവ് റൂമില്‍ ഒത്തുകൂടുന്നു. ഇവിടെ വ്യക്തികളെ തിരഞ്ഞെടുക്കുന്നതില്‍ അതീവ പ്രാധാന്യമുണ്ട്. വ്യക്തികളുടെ പരിചയ സമ്പന്നത, അനുഭവജ്ഞാനം, ബിസിനസിന്റെ ഉയര്‍ച്ചയ്ക്ക് അവര്‍ക്ക് നല്‍കുവാനാകുന്ന സംഭാവന എന്നിവ കണക്കിലെടുത്താവണം വ്യക്തികളെ തിരഞ്ഞെടുക്കേണ്ടത്. ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയത്തിന്റെ സ്വഭാവവും കണക്കിലെടുക്കണം. അത്യന്തം ഗൗരവകരമായ ഒരു പ്രക്രിയ (Process) എന്നതിനാല്‍ ഇതില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും അതീവ പ്രാധാന്യമുണ്ട്.

മോഡറേറ്ററെ നിശ്ചയിക്കുക

ചര്‍ച്ചകള്‍ സൗമ്യമായ രീതിയില്‍ കൈകാര്യം (Manage) ചെയ്യാന്‍ കഴിവുള്ള ഒരു വ്യക്തിയെ മോഡറേറ്ററായി (Moderator) തിരഞ്ഞെടുക്കാം. ചര്‍ച്ചകളുടെ ദിശയും ഗതിയും നിയന്ത്രിച്ച് ഫലപ്രദമായ ഒരു പര്യവസാനത്തിലേക്കെത്തിക്കേണ്ട ചുമതല മോഡറേറ്റര്‍ക്കാണ്. നിഷ്പക്ഷമായും ശാന്തമായും കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഇദ്ദേഹത്തിന് കഴിയണം.

ലക്ഷ്യം (Goal) തീരുമാനിക്കുക

ആശയങ്ങള്‍ രൂപീകരിക്കുന്നതിനും പങ്കുവെക്കുന്നതിനും വിഷയം വളരെ പ്രസക്തമാണ്. വിഷയത്തിന്റെ (ഉദ്ദേശ്യത്തിന്റെ) പ്രസക്തി ടീം അംഗങ്ങള്‍ക്ക് മനസ്സിലാവണം. ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം ‘ഒരു സമയം ഒരു വിഷയം’ എന്ന രീതിയില്‍ വേണം സര്‍ഗ്ഗാത്മക മീറ്റിംഗുകള്‍ സംഘടിപ്പിക്കുവാന്‍. Smart (Specific, Measurable, Attainable, Relevant,Time Bound) ആയ ഗോള്‍ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണമായി കമ്പനിയുടെ കസ്റ്റമേഴ്‌സുമായുള്ള ബന്ധം എങ്ങിനെ മെച്ചപ്പെടുത്താം? എന്ന വിഷയത്തിലെ ചര്‍ച്ച (Brain Storming) പുതിയ ആശയങ്ങള്‍ക്ക് ചിലപ്പോള്‍ വഴിമരുന്നിടും. വിഷയങ്ങള്‍ പ്രസക്തവും ഉപകാരപ്രദവുമാകണം. ചര്‍ച്ചകള്‍ എങ്ങുമെത്താത്ത വിഷയങ്ങള്‍ പങ്കെടുക്കുന്നവരെ മടുപ്പിലേക്കെത്തിക്കും.

സംസാരിക്കുവാന്‍ സമയം നല്‍കുക

ഈ സര്‍ഗ്ഗാത്മക ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സംസാരിക്കുവാന്‍ അവസരവും സമയവും നല്കണം. ഇതിനായി ഓരോ വ്യക്തിക്കും നിശ്ചിത സമയപരിധി നിശ്ചയിക്കുക. ഒരു വ്യക്തി സംസാരിച്ചു കഴിഞ്ഞാല്‍ മാത്രമേ അടുത്ത വ്യക്തി സംസാരിക്കുവാന്‍ പാടുള്ളൂ. ഓരോ വ്യക്തിയുടേയും ഊഴം നിശ്ചയിക്കുന്നത് ചര്‍ച്ചകളെ കൂടുതല്‍ രൂപഭദ്രമാക്കും. ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാവണം മോഡറേറ്ററുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. മറ്റുള്ളവര്‍ നിശബ്ദരായി പറയുന്നയാളെ ശ്രവിക്കുകയും നോട്ടുകള്‍ തയ്യാറാക്കുകയും ചെയ്യണം. നല്‍കിയ സമയത്തിനുള്ളില്‍ സംസാരം അവസാനിപ്പിക്കുവാന്‍ മോഡറേറ്റര്‍ക്ക് ശ്രദ്ധ കൊടുക്കാം.

വിഷയത്തില്‍ ശ്രദ്ധയൂന്നുക

വിഷയത്തില്‍ നിന്നും വ്യതിചലിക്കാത്ത ചര്‍ച്ചയാവണം നടക്കേണ്ടത്. ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ സമയപരിധിക്കുള്ളില്‍ നിന്നും വിഷയത്തില്‍ തന്നെ ശ്രദ്ധയൂന്നിയായിരിക്കണം സംസാരിക്കേണ്ടത്. വിഷയത്തില്‍ നിന്നും വ്യതിചലിക്കുന്നതായി തോന്നിയാല്‍ മോഡറേറ്റര്‍ സൗമ്യമായി ഇടപെട്ട് വിഷയത്തിലേക്ക് തിരികെ കൊണ്ടുവരാം.

വിമര്‍ശനങ്ങള്‍ ഒഴിവാക്കാം

മറ്റുള്ളവരെ വിമര്‍ശിക്കുവാനുള്ള വേദിയാക്കി ഇതിനെ മാറ്റിയാല്‍ നേരെ വിപരീത ഫലമായിരിക്കും ലഭിക്കുക. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും നിരുത്സാഹപ്പെടുത്തുകയും തടയുകയും ചെയ്യണം. തങ്ങള്‍ എന്തിനായിട്ടാണ് ഒത്തുകൂടിയിരിക്കുന്നതെന്നും സമയപരിധിക്കുള്ളില്‍ ഫലപ്രദമായ രീതിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും ടീമംഗങ്ങള്‍ക്ക് ബോദ്ധ്യമുണ്ടാവണം. ആശയങ്ങള്‍ക്ക് പ്രാധാന്യമുള്ള ചര്‍ച്ചകളാണാവശ്യമെന്നും മറ്റുള്ളവയ്ക്കുള്ള വേദിയല്ല ഇതെന്നും ബോധ്യപ്പെടുത്തേണ്ട കടമ മോഡറേറ്ററുടേതാണ്.

ഇപ്പോള്‍ നമ്മള്‍ സര്‍ഗ്ഗാത്മക മുറി (Creative room) തുറന്നു കഴിഞ്ഞു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ മുറിയില്‍ ഒത്തുകൂടാം. ഒത്തുകൂടുന്നതിനു മുന്‍പ് നിശ്ചയിക്കപ്പെട്ട വിഷയം എല്ലാവര്‍ക്കും അയച്ചു കൊടുക്കാം. നന്നായി തയ്യാറെടുക്കാന്‍ ഇത് ടീമംഗങ്ങളെ സഹായിക്കും. ആശയങ്ങള്‍ ചെറുതോ വലുതോ ആവട്ടെ, അവര്‍ പറയുന്നത് തെറ്റോ ശരിയോ ആവട്ടെ ഓരോ ആശയത്തേയും പ്രോത്സാഹിപ്പിക്കുക. നല്ലതെന്നും നടപ്പിലാക്കാന്‍ സാധിക്കുമെന്നും തോന്നുന്ന ആശയങ്ങള്‍ ബിസിനസിലേക്ക് സന്നിവേശിപ്പിക്കുക. നമുക്കൊപ്പമുള്ള വ്യക്തികളുടെ അറിവും പരിചയ സമ്പത്തും ബിസിനസിന്റെ ഓരോ ചുവടുവെപ്പിനും മുതല്‍ക്കൂട്ടാവണം. സ്ഥലവും കെട്ടിടവും ഉപകരണങ്ങളും മാത്രമല്ല ബിസിനസിന്റെ ആസ്തി എന്നും വ്യക്തികളുടെ സര്‍ഗ്ഗാത്മകതയും ആസ്തി തന്നെയാണെന്നും നാം തിരിച്ചറിയണം.

ആശയങ്ങളുടെ കൂടിച്ചേരലുകള്‍ക്കും പങ്കുവെക്കലിനും നാം ചിലവഴിക്കുന്ന ഈ സമയം ബിസിനസിന് നല്‍കുന്ന ഊര്‍ജ്ജം വളരെയധികമാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ (Decision making) തങ്ങള്‍ക്കും പങ്കുണ്ടെന്ന തിരിച്ചറിയല്‍ ആശയങ്ങളെ ഫലപ്രദമായി നടപ്പിലാക്കുവാന്‍ വ്യക്തികളെ പ്രചോദിപ്പിക്കുന്നു.

• സര്‍ഗ്ഗാത്മകങ്ങളായ ഈ നിമിഷങ്ങള്‍ക്കായി സമയം കണ്ടെത്തുക.

• ആശയങ്ങള്‍ പങ്കുവെ്ക്കാന്‍ അവസരം നല്‍കുക.

• നല്ല ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുക.

• വിഷയങ്ങള്‍ നേരത്തെ നിശ്ചയിക്കുകയും ടീമംഗങ്ങളെ അറിയിക്കുകയും ചെയ്യുക.

• വായനയും റിസര്‍ച്ചും പ്രോത്സാഹിപ്പിക്കുക. ആശയങ്ങള്‍ക്ക് ഇവ കൂടുതല്‍ ദൃഢത നല്‍കും.

 

 

Leave a comment