ഒരുമയുടെ ബലം

പങ്കാളിത്ത ബിസിനസുകള്‍ സര്‍ഗാത്മകമായ ഒരു പ്രക്രിയ ആണ്. ഇത്തരം ബിസിനസുകള്‍ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തന്ത്രപരമായ സഖ്യ(Strategic Alliances)ത്തിലൂടെ യാണ് പല ബിസിനസുകളും രൂപമെടുക്കുന്നത്. രണ്ടോ അതില്‍ കൂടുതലോ ഉള്ള ബിസിനസുകള്‍ തമ്മിലുള്ള തന്ത്രപരമായ സഖ്യമല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്. അതിലുപരിയായി വ്യക്തികള്‍ കൂടിച്ചേര്‍ന്ന് രൂപംനല്‍കുന്ന പാര്‍ട്ട് ണര്‍ഷിപ്പ് ബിസിനസുകളുടെ കാര്യമാണ്. ഓരോ വ്യക്തിയുടേയും അറിവും കഴിവും നിപുണതയും മറ്റു വിഭവങ്ങളും സംയോജിപ്പിച്ചു കൊണ്ടുള്ള വളരെ തന്ത്രപരവും സര്‍ഗാത്മകവുമായ ഒരു ഘടനാരൂപമാണ് പാര്‍ട്ട്ണര്‍ഷിപ്പ്.

പലപ്പോഴും ഒരു സംരംഭകന്‍ സ്വയം ബിസിനസ് ആരംഭിക്കുന്നതിനേക്കാളും എന്തുകൊണ്ടും മികച്ചതാകുന്നു പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസുകള്‍. ഇവിടെ പല വ്യക്തികളുടേയും ശക്തിയുടെ സൂക്ഷ്മമായ സംയോജനം ബിസിനസിനെ വിജയത്തിലേക്കും വളര്‍ച്ചയിലേക്കും നയിക്കുന്നു. ബിസിനസിന്റെ മൂലധനം പങ്കാളിത്തത്തോടെ സ്വരൂപിക്കുക എന്ന ലളിതമായ ലക്ഷ്യത്തേക്കാളുപരിയായി പങ്കാളിത്ത ബിസിനസുകളെ കാണണം. പാര്‍ട്ട്ണര്‍ഷിപ്പുകള്‍ വളരെ സര്‍ഗാത്മകമായ ഒരു പ്രക്രിയയാണ്. മൂലധന സമ്പാദനത്തിനായി മാത്രം പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസുകള്‍ ആരംഭിക്കുമ്പോള്‍ പലപ്പോഴും സര്‍ഗാത്മകമായ കഴിവുകളുടെ സൂക്ഷ്മമായ നിരീക്ഷണവും വിനിയോഗവും പരാജയപ്പെടുന്നു. ഇന്നത്തെ സ്റ്റാര്‍ട്ടപ്പ് ബിസിനസുകളുടെ വിജയരഹസ്യം നോക്കിയാല്‍ ഈ സര്‍ഗാത്മക വിഭവങ്ങളുടെ തന്ത്രപരമായ ക്രമീകരണവും വിനിയോഗവും കാണാന്‍ സാധിക്കും.

ഓരോ പാര്‍ട്ട്ണര്‍ഷിപ്പിനും വിജയിക്കാനും വളരാനും സാധിക്കുന്ന രീതിയില്‍ ശക്തമായ വിഭവങ്ങളുണ്ട്. ഏകനായ ഒരു വ്യക്തി ബിസിനസ് ചെയ്യുന്നതിനേക്കാള്‍ ശക്തി ഒരുമിച്ച് ബിസിനസ് ചെയ്യുമ്പോഴുണ്ട്. പക്ഷേ ഈ ശക്തിയുടെ തിരിച്ചറിവില്ലായ്മ പല പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസുകളേയും പരാജയത്തിലേക്കു നയിക്കുന്നു. ഒരാള്‍ ഒറ്റയ്ക്കു നില്‍ക്കുന്നതിനേക്കാള്‍ ശക്തനാണ് ഒരുമിച്ചു നില്‍ക്കുമ്പോള്‍. പക്ഷേ ഈ ആപ്തവാക്യം മനസിലാക്കാനോ പങ്കാളിത്ത ബിസിനസിനെ പൂര്‍ണമായും ഉപയോഗപ്പെടുത്താനോ സംരംഭകര്‍ക്ക് പലപ്പോഴും കഴിയാറില്ല.

മൂലധന സ്വരൂപണം മാത്രമല്ല ലക്ഷ്യം

മൂലധനം വളരെ അത്യാവശ്യമായ ഒന്നാണ്. പക്ഷേ, പാര്‍ട്ട്ണര്‍ഷിപ്പുകള്‍ സൃഷ്ടിക്കുമ്പോള്‍ പങ്കാളിയുടെ മറ്റു കഴിവുകള്‍ കൂടി പരിഗണിക്കപ്പെടണം. തുടങ്ങാന്‍ പോകുന്ന സംരംഭത്തില്‍ എങ്ങിനെ പങ്കാളിയുടെ അറിവും കഴിവുകളും പ്രയോജനപ്പെടുത്താം എന്ന വ്യക്തമായ കാഴ്ചപ്പാട് സംരംഭകനുണ്ടായിരിക്കണം. എല്ലാ പങ്കാളികളും തമ്മിലുള്ള ഈയൊരു പരസ്പര ധാരണയായിരിക്കും ബിസിനസിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഏറ്റവും വലിയ മുതല്‍ക്കൂട്ട്.

പങ്കാളികളെ തെരഞ്ഞെടുക്കുമ്പോള്‍ ബിസിനസില്‍ ഉപയുക്തമാകുന്ന സര്‍ഗാത്മകമായ കഴിവുകള്‍ കൂടി കണക്കിലെടുക്കണം. ചെയ്യുന്ന ബിസിനസിനെക്കുറിച്ച് യാതൊരു അറിവുമില്ലാതെ മൂലധനം മാത്രം നിക്ഷേപിക്കുന്ന പങ്കാളി ബിസിനസിന്റെ ഏറ്റവും വലിയ ബാധ്യതയാണ്.

വ്യക്തമായ പരസ്പര ധാരണ വളര്‍ത്തുക

പങ്കാളികള്‍ പരസ്പരം വ്യക്തമായ ധാരണ വളര്‍ത്തിയെടുക്കണം. പങ്കാളിയുടെ കഴിവുകളെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും വ്യക്തമായി പഠിക്കണം. പങ്കാളിയുടെ ഏറ്റവും വലിയ ശക്തി ഒരു ടീം പ്ലേയര്‍ ആയി നിലനില്‍ക്കാനുള്ള കഴിവാണ്. ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അനാവശ്യമായി ഇടപെടുകയും ശല്യമാവുകയും ചെയ്യുന്ന ഒരു പങ്കാളിയെക്കുറിച്ചാലോചിച്ചു നോക്കൂ. ബിസിനസിന്റെ ഏറ്റവും വലിയ പരാജയ കാരണങ്ങളിലൊന്നാണിത്. പരസ്പര വിശ്വാസവും ധാരണയും വളര്‍ത്തിയെടുക്കേണ്ടത് ഓരോ പങ്കാളിയുടേയും കടമയാണ്. ഇടപെടേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ സ്വയംധാരണ പുലര്‍ത്തി പക്വമായ ഇടപെടലുകളിലൂടെ മുന്നോട്ടുപോയാല്‍ ഓരോ പങ്കാളിയും നല്ലൊരു ടീം പ്ലേയര്‍ ആയി മാറുന്നു.

ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കുന്ന പാ ര്‍ട്ട്ണര്‍ഷിപ്പ് ഡീഡ് നിയമപരമായ ഒരു രേഖ മാത്രമാണ്. പൊതുവായ നിബന്ധനകള്‍ മാത്രം ഉള്‍ക്കൊള്ളിക്കുന്ന ഈ രേഖ ഒരിക്കലും പാര്‍ട്ട്ണര്‍ഷിപ്പ് എന്ന പ്രക്രിയയെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നില്ല.

ഓരോ പങ്കാളിക്കുമുള്ള അറിവും കഴിവും മനസിലാക്കിക്കൊണ്ട് ബിസിനസിന്റെ പ്രക്രിയകളില്‍ ഓരോരുത്തരുടേയും പ്രവര്‍ത്തനമേഖലകള്‍
നിശ്ചയിക്കണം. മാര്‍ക്കറ്റിംഗില്‍ അറിവും പ്രാഗല്‍ഭ്യവുമുള്ള പങ്കാളിക്ക് ആ മേഖല കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിയും. ധനപരമായ വിനിയോഗത്തിലും എക്കൗണ്ട്‌സിലും കഴിവുള്ള പങ്കാളിക്ക് ആ മേഖലയില്‍ ശ്രദ്ധ ചെലുത്താം.

ഇങ്ങനെ പങ്കാളികളുടെ അഭിരുചിക്കനുസൃതമായ മേഖലകള്‍ കണ്ടെത്തുകയും അവ മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്താല്‍ ബിസിനസ് കൂടുതല്‍ കാര്യക്ഷമമാകും.

പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുക

പ്രവര്‍ത്തിക്കേണ്ട മേഖലകള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പ്രവര്‍ത്തനത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയാണ് അടുത്തപടി. പങ്കാളിയുടെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത് പ്രക്രിയകളുടെ താളം തെറ്റിക്കും, ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോവുകയും ചെയ്യും. പങ്കാളികളുടെ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചിരുന്ന് വിശകലനം ചെയ്യുകയും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നതിനപ്പുറമുള്ള നിരന്തരമായ ഇടപെടലുകള്‍ ദോഷകരമായി മാറും.

പ്രവര്‍ത്തനങ്ങളുടെ വിശകലനം സംസ്‌കാരമാക്കുക

ഓരോ പങ്കാളിയും കൈകാര്യം ചെയ്യുന്ന മേഖലകള്‍ വ്യക്തമായ ഇടവേളകളില്‍ ഒരുമിച്ചിരുന്ന് വിശകലനം നടത്തുകയും മറ്റു പങ്കാളികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുക്കുകയും ചെയ്യണം. പ്രക്രിയകളില്‍ യഥാസമയം നടത്തുന്ന തിരുത്തലുകളിലൂടെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ടുപോകാന്‍ ബിസിനസിനു സാധിക്കും. അഹംബോധം (Ego) മാറ്റിനി ര്‍ത്തി വലിയൊരു കാന്‍വാസില്‍ ബിസിനസിനെ കാണുമ്പോള്‍ പക്വമായ തീരുമാനങ്ങള്‍ ഉടലെടുക്കും. ഇതിനായി ഒരു വേദി സൃഷ്ടിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ ഈ വിശകലനവും തിരുത്തലുകളും ഒരു സംസ്‌കാരമായി മാറണം.

വിശ്വസിക്കാവുന്ന ഒരു മാര്‍ഗദര്‍ശി

പ്രശ്‌നങ്ങളില്‍ വ്യക്തമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ കഴിവുള്ള പക്ഷപാതിത്തമില്ലാത്ത നല്ലൊരു മാര്‍ഗദര്‍ശി (Mentor) ഏതൊരു ബിസിനസിന്റേയും മുതല്‍ക്കൂട്ടാണ്. പങ്കാളികള്‍ തമ്മിലുടലെടുക്കുന്ന ആശയപരവും സൃഷ്ടിപരവുമായ അഭിപ്രായ വ്യത്യാസങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കി എല്ലാവരേയും ഒരുമിച്ച് മുന്നോട്ടുനയിക്കുവാന്‍ ഈ വ്യക്തിക്ക് സാധിക്കണം. പങ്കാളിത്ത ബിസിനസുകള്‍ വളരെ ശക്തമായ ബിസിനസ് രൂപങ്ങളില്‍ ഒന്നാവുന്നു. ഭാവിയില്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങളും ബലഹീനതകളും മുന്നില്‍ക്കണ്ട് വ്യക്തമായ ധാരണകളോടെ എഴുതി തയ്യാറാക്കിയ ഒരു മാര്‍ഗരേഖ പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസിന്റെ ബൈബിള്‍ ആണ്, ഈ ബൈബിള്‍ ഒഴിച്ചു കൂടാനാവാത്തതുമാകുന്നു.

 

 

 

 

Leave a comment