ബ്രാന്‍ഡ്, ഒരു പേരിനുമപ്പുറം

Brand

‘ബ്രാന്‍ഡ്’ എന്നത് കേവലം ഒരു പേരല്ല, ബിസിനസ് പ്രതിനിധാനം ചെയ്യുന്ന ഒരു സംസ്‌കാരമാണ്. ഉല്‍പ്പന്നത്തെക്കാളും സേവനത്തേക്കാളുമേറെ ആ
പേര് കൈമാറ്റം ചെയ്യപ്പെടുന്ന മൂല്യങ്ങള്‍ക്കാണ് പ്രസക്തി

മഹാത്മാഗാന്ധി എന്ന നാമം മനസിലേക്കോടിയെത്തുമ്പോള്‍ അര്‍ദ്ധനഗ്നനായ ഒരു വന്ദ്യ വയോധികന്റെ രൂപം മാത്രമല്ല നമ്മുടെ ഉള്‍ക്കാഴ്ചയില്‍ തെളിയുന്നത്. ഒരു സംസ്‌കാരവും വ്യക്തിത്വവും ജീവിത വീക്ഷണവും ഉള്‍പ്പെടുന്ന ആ വ്യക്തിയുടെ സമൂലമായ ഒരു പരിവേഷം കൂടി ആ രൂപത്തിനൊപ്പം മനസില്‍ നിറയുന്നു. അതായത് ഒരു നാമം അതു പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളെക്കൂടി പ്രതിഫലിപ്പിക്കുന്നു.

‘ബ്രാന്‍ഡ്’ എന്നത് കേവലം ഒരു പേരല്ല, ബിസിനസ് പ്രതിനിധാനം ചെയ്യുന്ന ഒരു സംസ്‌കാരമാണ്. ഉല്‍പ്പന്നത്തെക്കാളും സേവനത്തേക്കാളുമേറെ ആ പേര് കൈമാറ്റം ചെയ്യപ്പെടുന്ന മൂല്യങ്ങള്‍ക്കാണ് പ്രസക്തി. ഉപഭോക്താക്കള്‍ അവരുടെ നിരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും നേടുന്ന അറിവിന്റെ മൊത്തം സാരാംശമാണ് ബ്രാന്‍ഡ്. ശക്തമായ ഒരു ബ്രാന്‍ഡ് ചുറ്റുപാടുകളുമായി നിരന്തരം സംവേദിച്ച് പ്രതിനിധീകരിക്കുന്ന മൂല്യങ്ങളെ പ്രേക്ഷണം ചെയ്യുന്നു.

വിപണിയിലെ കിടമത്സരങ്ങള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാനും വളരാനും ഉല്‍പ്പന്നങ്ങളും സേവനങ്ങളും മികച്ചതായാല്‍ മാത്രം പോര. ബിസിനസിനെ ഒരു ബ്രാന്‍ഡാക്കി മാറ്റാന്‍ സാധിക്കാത്തിടത്തോളം കാലം ബിസിനസിന്റെ ദീര്‍ഘകാല നിലനില്‍പ്പ് ഉറപ്പുവരുത്താനാവില്ല. വിശ്വസ്തമായ ഒരു ബ്രാന്‍ഡിനുവേണ്ടി പണം മുടക്കുവാന്‍ ഉപഭോക്താവ് എപ്പോഴും തയാറാവുന്നു. വാങ്ങാന്‍ തീരുമാനമെടുക്കുന്ന ഉപഭോക്താവിന്റെ മനസിലേക്ക് കടന്നുകയറാനുള്ള ശക്തി ബ്രാന്‍ഡിനുണ്ടാവണം. അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുവാനും ആകര്‍ഷിക്കുവാനും ബ്രാന്‍ഡിനു കഴിയണം. മനോഹരമായ ഒരു പേരിടുക എന്നതല്ല ബ്രാന്‍ഡിംഗ്. പേരെന്തു തന്നെയായാലും അതു പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമാണ് പ്രസക്തി.

ബോധപൂര്‍വം ബ്രാന്‍ഡ് സൃഷ്ടിക്കുക

ബ്രാന്‍ഡ് നിങ്ങളുടെ ബിസിനസിന്റെ വ്യക്തിത്വമാണ്. ഉല്‍പ്പന്നങ്ങളെ വേര്‍തിരിച്ചറിയുവാനും ഗുണഫലങ്ങളെ വിശകലനം ചെയ്യുവാനും വാങ്ങുന്ന തീരുമാനമെടുക്കുവാനും ഉപഭോക്താവിനെ സഹായിക്കുന്നത് ബ്രാന്‍ഡാണ്. ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പന മുതല്‍ ഉപഭോക്താവിന്റെ സംതൃപ്തി വരെ നീളുന്ന ബോധപൂര്‍വമായ ഒരു പടുത്തുയര്‍ത്തല്‍ പ്രക്രിയയാണിത്. വിജയിച്ച ഒരു ബ്രാന്‍ഡ് നിങ്ങള്‍ക്കുണ്ടോ തീര്‍ച്ചയായും ആ ഒരു ബ്രാന്‍ഡിലൂടെ ഒരുപാട് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താവിലേക്കെത്തിക്കാം. വിശ്വസ്തമായ ഒരു ബ്രാന്‍ഡ് നാമം വഹിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കും.

ബ്രാന്‍ഡിനെ സംരക്ഷിക്കുക

നിങ്ങളുടെ ബിസിനസിനായി നിങ്ങള്‍ സൃഷ്ടിക്കുന്ന ബ്രാന്‍ഡും നിങ്ങളുടെ സ്വന്തമാണ്. വളരെ ബോധപൂര്‍വം സംരക്ഷിക്കപ്പെടേണ്ട ഒന്നാണിത്. നിങ്ങളുടെ ബിസിനസ് മാര്‍ക്കറ്റ് പിടിച്ചു നിര്‍ത്തുവാനും അനുകരണങ്ങളെ ഒഴിവാക്കുവാനും ബ്രാന്‍ഡിന്റെ സംരക്ഷണത്തിനു കഴിയുന്നു. ബിസിനസ് തന്ത്രങ്ങളില്‍ അതീവ പ്രാധാന്യമുള്ള ബ്രാന്‍ഡ് നാമത്തെ രജിസ്റ്റര്‍ ചെയ്ത് സംരക്ഷിക്കാന്‍ സാധിക്കും. ഒരു ബ്രാന്‍ഡ് പടുത്തുയര്‍ത്തുമ്പോള്‍ തന്നെ ആ നാമം ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് സംരക്ഷണം നേടിയില്ലായെങ്കില്‍ നാം വളര്‍ത്തിയെടുത്ത ബ്രാന്‍ഡ് പ്രതി
യോഗികളുടെ കൈയിലെത്തുന്ന അവസ്ഥ ഉണ്ടാവാം.

ബ്രാന്‍ഡും മൂല്യവും

ബ്രാന്‍ഡ് മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ബിസിനസ് ഏതു സംസ്‌കാരത്തിലൂന്നിയാണോ വളരുന്നത് അതിനെ ബ്രാന്‍ഡ് പ്രതിഫലിപ്പിക്കുന്നു. ഉദാഹരണമായി കല്യാണ്‍ ജൂവല്ലേഴ്‌സ് എന്ന ബ്രാന്‍ഡ് ‘വിശ്വാസം’ എന്ന മൂല്യത്തെ പ്രതിഫലിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. ഉല്‍പ്പന്നത്തെക്കുറിച്ചോ ഈ ബ്രാന്‍ഡിനെക്കുറിച്ചോ ഉപഭോക്താവ് ചിന്തിക്കുമ്പോള്‍ വിശ്വാസം എന്ന മൂല്യം കൂടി ആ നാമത്തിനൊപ്പം പ്രേക്ഷണം ചെയ്യപ്പെടുന്നു. പരസ്യങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഏതു മൂല്യങ്ങളെയാണ് ജനങ്ങളിലെത്തിക്കേണ്ടതെന്ന് വ്യക്തമായ ധാരണയുണ്ടാവണം. പ്രശസ്തരായ വ്യക്തികള്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായി എത്തുന്നത് ജനങ്ങള്‍ ബ്രാന്‍ഡിനോട് മാനസികമായി അടുക്കാന്‍ സഹായകമാണ്. ആ വ്യക്തിയും അദ്ദേഹം പ്രതിനിധീകരിക്കുന്ന മൂല്യങ്ങളും കൂടി ബ്രാന്‍ഡുമായി കൂട്ടിച്ചേര്‍ക്കപ്പെടുന്നു.

ബ്രാന്‍ഡിന്റെ വ്യക്തിത്വം

ഓരോ ബ്രാന്‍ഡിനും തനതായ വ്യക്തിത്വമുണ്ട്. ബോധപൂര്‍വം സന്നിവേശിപ്പിക്കപ്പെടുന്ന ഈ വ്യക്തിത്വം ഉപഭോക്താവിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. വിലയെക്കുറിച്ച് വ്യാകുലപ്പെടാതെ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കളുണ്ട്. ശക്തമായ ഒരു ആത്മബന്ധം ഈ ബ്രാന്‍ഡിന്റെ വ്യക്തിത്വവുമായി ഉപഭോക്താവില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് കാരണം.

നിങ്ങള്‍ക്കൊരു ബ്രാന്‍ഡുണ്ടോ?

ഇല്ല എന്നാണുത്തരമെങ്കില്‍ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കപ്പെടണം. നിങ്ങളുടെ ബിസിനസിന്റെ ഇനിയുള്ള നിലനില്‍പ്പും വളര്‍ച്ചയും ഈ ബ്രാന്‍ഡ് പടുത്തുയര്‍ത്തലിലൂടെയാണ്. കൃത്യമായ കണക്കുകൂട്ടലുകളോടെയും വ്യക്തമായ രൂപരേഖകളിലൂടെയുമാണ് ഒരു ബ്രാന്‍ഡ് സൃഷ്ടിക്കപ്പെടേണ്ടത്. നിങ്ങള്‍ ബിസിനസില്‍ രൂപപ്പെടുത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്ത മൂല്യങ്ങളും സംസ്‌കാരവും ഈ ബ്രാന്‍ഡ് നാമത്തിലൂടെ ഉപഭോക്താവിലേക്കെത്തണം.

 

 

 

Leave a comment