ബുദ്ധിപൂര്‍വം നെയ്യുന്ന വലക്കണ്ണികള്‍

വലിയൊരു വലക്കണ്ണിയിലെ അംഗങ്ങളാകാനും അവയെ ഉപയോഗപ്പെടുത്താനും നിരന്തരമായ ശ്രമവും ശ്രദ്ധയും ആവശ്യമാണ്. സങ്കോചം വെടിഞ്ഞ് നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളെ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ ബിസിനസുകാരന് കഴിയണം

ഒരു ബിസിനസുകാരന്റെ വിജയത്തിനു പിന്നിലുള്ള പ്രധാനപ്പെട്ട രഹസ്യം എന്തായിരിക്കും? പ്രവര്‍ത്തന മേഖലയിലുള്ള അഗാധമായ ജ്ഞാനമോ നൈപുണ്യമോ മൂലധന നിക്ഷേപമോ…എന്താവാം വിജയത്തിന്റെ രഹസ്യം. ഈ ചോദ്യത്തിന് നല്ലൊരു ശതമാനം വിജയികളും നല്‍കുന്ന മറുപടി ഒന്നായിരിക്കും. ”എന്റെ വിജയത്തിന്റെ മുഖ്യ കാരണം ബന്ധങ്ങള്‍ സൃഷ്ടിക്കാനും അതു നിലനിര്‍ത്താനുമുള്ള കഴിവാണ്”.
വളരെ ലളിതമായ ഉത്തരം. പക്ഷേ ദീര്‍ഘകാല ബന്ധങ്ങളുടെ സൃഷ്ടിയും പരി
പാലനവും അത്ര എളുപ്പമുള്ള ഒന്നല്ല. അസാധാരണമായ ഈ കഴിവാണ് ബിസിനസുകാരന്റെ വിജയത്തിന്റെ താക്കോല്‍ (Master Key).

വെറുതെ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ തന്റെ ബിസിനസിന് ഗുണപരമായ, ഉല്‍പ്പാദനക്ഷമമായ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് ബിസിനസുകാരന്റെ മിടുക്ക്. ബന്ധങ്ങളുടെ ബാഹുല്യം പലപ്പോഴും അവയുടെ പരിപാലനത്തിന് വലിയൊരു തടസമായി മാറാം. അതുകൊണ്ടുതന്നെ തനിക്ക് ഏറ്റവും ഗുണകരമായ ബന്ധങ്ങള്‍ തെരഞ്ഞെടുക്കാനും ദീര്‍ഘകാലം ആ ബന്ധങ്ങള്‍ നിലനിര്‍ത്താനും ബിസിനസുകാരന് സാധിക്കണം. ബന്ധങ്ങളിലൂടെയുള്ള ബിസിനസ് വളര്‍ച്ചയായിരിക്കണം ബന്ധങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴുള്ള മാനദണ്ഡം. ബിസിനസുമായി ബന്ധപ്പെട്ട ബന്ധങ്ങളെക്കുറിച്ചു മാത്രമാണ് ഇവിടെ പറയുന്നത്, നമ്മുടെ വ്യക്തിപരവും സ്വകാര്യവുമായ ബന്ധങ്ങള്‍ ഇതില്‍പ്പെടുന്നില്ല.
ഈ ബന്ധങ്ങളുടെ സൃഷ്ടിയെ നമുക്ക് ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് (Business Networking) എന്നുവിളിക്കാം. മേന്മയുള്ള ബന്ധങ്ങളുടെ ഒരു ശൃംഖലയെന്ന് ഇതിനെ അര്‍ത്ഥമാക്കാം. ബിസിനസിന്റെ വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും ആക്കം കൂട്ടുന്ന, അവലംബമാകുന്ന ബന്ധങ്ങള്‍ നെറ്റ്‌വര്‍ക്കിംഗിലൂടെ സാധ്യമാകുന്നു. ബന്ധങ്ങളുടെ ഈയൊരു ശൃംഖല നെയ്‌തെടുക്കുകയാണ് ഈ കാലഘട്ടത്തില്‍ ബിസിനസുകാരന്‍ ചെയ്യേണ്ട പ്രധാന ദൗത്യം.

ഇന്ന് നെറ്റ്‌വര്‍ക്കിംഗ് നമ്മുടെ ബിസിനസ് സംസ്‌ക്കാരത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളും ഇന്ന് വ്യാപകം. മീറ്റിംഗുകളും ട്രെയിനിംഗുകളും ബിസിനസ് പ്രോഗ്രാമുകളുമൊക്കെ ഇന്ന് നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളായി മാറിയിരിക്കുന്നു. പരസ്പരം അറിവ് പങ്കുവയ്ക്കാനും ബിസിനസ് ഡീലുകള്‍ ഉറപ്പിക്കാനും ഈ പരിപാടികള്‍ അടിത്തറയൊരുക്കുന്നു.

നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നതുകൊണ്ടോ പരസ്പരം കൈകള്‍
പിടിച്ച് കുലുക്കുന്നതു കൊണ്ടോ ബിസിനസ് കാര്‍ഡുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതുകൊണ്ടോ ഗുണപരമായ ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. വ്യക്തമായ ഒരു നെറ്റ്‌വര്‍ക്കിംഗ് തന്ത്രം (Networking Strategy) ബിസിനസുകാരന് ഉണ്ടായിരുന്നാല്‍ മാത്രമേ ഈ പരിപാടികളിലെ പങ്കാളിത്തം ഗുണകരമാകുന്നുള്ളൂ. താന്‍ ചെലവഴിക്കുന്ന സമയവും പണവും ബുദ്ധിപരമായി ബന്ധങ്ങളാക്കി മാറ്റാന്‍ ബിസിനസുകാരനു കഴിയണം.

നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളില്‍ നാം കണ്ടുമുട്ടുന്ന എല്ലാവരും നമ്മുടെ ബിസിനസ്സിന് ഗുണകരമാകണമെന്നില്ല. നമ്മുടെ വ്യക്തിപരവും ബിസിനസ് സംബന്ധമായതുമായ വളര്‍ച്ചയ്ക്ക് സഹായകരമായ വ്യക്തിത്വങ്ങളെ കണ്ടെത്തി പരിചയപ്പെടാനും ബന്ധങ്ങള്‍ സൃഷ്ടിക്കാനുമാണ്
നാം ശ്രമിക്കേണ്ടത്. നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളില്‍ പങ്കെടുക്കുന്ന ചിലര്‍ പരിചിതരായവര്‍ക്കൊപ്പം മാത്രം ഇരിക്കുകയും സംവേദിക്കുകയും ചെയ്യുന്ന കാഴ്ച വളരെ സാധാരണമാണ്. ഇത്തരം ഇവന്റുകള്‍ പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനുള്ള ചെറിയൊരു സമയം മാത്രമേ നല്‍കുന്നുള്ളൂ. അതുകൊണ്ടു തന്നെ ആ സമയം നാം ബുദ്ധിപൂര്‍വം ചെലവഴിക്കണം.

പുതിയ വ്യക്തിത്വങ്ങളെ പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനുമാണ് ഈ സമയം പ്രയോജനപ്പെടുത്തേണ്ടത്. ഈ ഇവന്റുകള്‍ നല്‍കുന്ന ഗുണങ്ങള്‍ മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

അറിവ് പങ്കുവയ്ക്കാന്‍ കഴിയുന്നു

അറിവുകളും ആശയങ്ങളും പങ്കുവയ്ക്കുവാനുള്ള വലിയൊരു വാതായനമാണ് നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകള്‍ തുറന്നിടുന്നത്. നമുക്ക് മുമ്പേ നടന്ന ദീര്‍ഘദര്‍ശികളില്‍ നിന്നും നിധി സമാനമായ അറിവുകള്‍ സ്വീകരിക്കാനും വളര്‍ച്ചയ്ക്കായി ഉപയോഗിക്കാനും ഈ ഇവന്റുകള്‍ മാര്‍ഗമൊരുക്കുന്നു.

അവസരങ്ങള്‍ തുറക്കപ്പെടുന്നു

ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതോടെ ബിസിനസില്‍ പുതിയ അവസരങ്ങള്‍ തുറക്കപ്പെടുന്നു. ഉല്‍പ്പന്നങ്ങളും സേവനങ്ങളും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും Referrals സമ്പാദിക്കുവാനും വഴിയൊരുങ്ങുന്നു. ഇടപാടുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പുകള്‍ക്കും ഈ ഇവന്റുകള്‍ വേദികളാകുന്നു. വളര്‍ച്ചയ്ക്ക് കളമൊരുക്കുന്ന ഒട്ടേറെ അവസരങ്ങളൊരുക്കാന്‍ നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകള്‍ക്കാവുന്നു. ബന്ധങ്ങളിലൂടെ ബിസിനസ് വളര്‍ച്ചയിലേക്ക് മുന്നേറുന്നു.

ആത്മവിശ്വാസം വര്‍ധിക്കുന്നു

നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളില്‍ പങ്കെടുക്കുകയും ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതോടെ നമ്മുടെ ആത്മവിശ്വാസം വര്‍ധിക്കപ്പെടുന്നു. മറ്റുള്ളവരോട് ഇടപെടാനും സംവേദിക്കാനുമുള്ള സങ്കോചം പതിയെ ഇല്ലാതാവുകയും ആത്മവിശ്വാസം കൈവരിക്കുകയും ചെയ്യുന്നു.

നമ്മുടെ വ്യക്തിമൂല്യം ഉയര്‍ത്തപ്പെടുന്നു

പരിചയങ്ങളും ബന്ധങ്ങളും ഉടലെടുക്കുന്നതോടെ നമ്മുടെ വ്യക്തിമൂല്യവും ഉയരുന്നു. നെറ്റ്‌വര്‍ക്കിംഗ് സര്‍ക്കിളുകളില്‍ നാം പരിചിതമുഖങ്ങളാകുന്നു. നമ്മുടെ ബിസിനസിന്റേയും വ്യക്തിത്വത്തിന്റേയും വ്യക്തമായ ഒരു രൂപരേഖ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നു. നമ്മുടെ വ്യക്തിമൂല്യം ഉയരുന്നത് ബിസിനസിന്റെ വളര്‍ച്ചയ്ക്ക് അവലംബമാകുന്നു.

ചെലവുകുറഞ്ഞ മാര്‍ക്കറ്റിംഗ്

നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളില്‍ നാം പരിചയപ്പെടുന്ന ഓരോ വ്യക്തിയും നമ്മുടെ പ്രചാരകനാകുന്നു. അവര്‍ നമ്മുടെ ബിസിനസ് മറ്റുള്ളവര്‍ക്ക് ശുപാര്‍ശ ചെയ്യുന്നു. അത്തരത്തില്‍ ഏറ്റവും ചെലവുകുറഞ്ഞ ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണ് നെറ്റ്‌വര്‍ക്കിംഗ്. അങ്ങനെ പരസ്പരം സഹായിക്കുന്ന ഒരു ശൃംഖല രൂപപ്പെടുന്നു. ഈ വലക്കണ്ണികളിലെ അംഗങ്ങള്‍ പരസ്പരം ബിസിനസിനെ പിന്‍താങ്ങുകയും വളര്‍ത്തുകയും ചെയ്യുന്നു.

വളരെക്കുറഞ്ഞ സമയത്തിനുള്ളില്‍ നമ്മളേയും നമ്മുടെ ബിസിനസിനേയും പരിചയപ്പെടുത്താന്‍ നാം പരിശീലിക്കേണ്ടതുണ്ട്. എന്തുകൊണ്ട് നമ്മുടെ ബിസിനസ് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നുവെന്ന് നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളില്‍ ലഭിക്കുന്ന പരിമിതമായ സമയത്തിനുള്ളില്‍ ബോധ്യപ്പെടുത്തുവാന്‍ നമുക്ക് കഴിയണം. മറ്റുള്ളവരില്‍ നിന്നും നാം സഹായം പ്രതീക്ഷിക്കുന്നതുപോലെ മറ്റുള്ളവരെ സഹായിക്കാന്‍ നമ്മളും സന്നദ്ധരായിരിക്കണം.

വലിയൊരു വലക്കണ്ണിയിലെ അംഗങ്ങളാകാനും അവയെ ഉപയോഗപ്പെടുത്താനും നിരന്തരമായ ശ്രമവും ശ്രദ്ധയും ആവശ്യമാണ്. സങ്കോചം വെടിഞ്ഞ് ഇത്തരം ഇവന്റുകളെ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ ബിസിനസുകാരന് കഴിയണം. നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളില്‍ നിന്നും നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുകയാണോ? എങ്കില്‍ ഈ നിമിഷം ഒരു തീരുമാനമെടുക്കൂ, ഒരിക്കലും വൈകാതെ.

 

 

 

 

Leave a comment