സാമൂഹ്യ പ്രതിബദ്ധത നിലനില്‍പ്പിന്റെ ആണിക്കല്ല്

വ്യത്യസ്തതയാര്‍ന്ന മികച്ച ആശയങ്ങള്‍ ഉടലെടുക്കാതെയാവുമ്പോഴാണ് മറ്റുള്ളവരെ തോല്‍പ്പിക്കാന്‍ എന്തു മാര്‍ഗ്ഗവും സ്വീകരിക്കാം എന്ന മോശമായ ആശയത്തിലേക്കെത്തുന്നത്

ബിസിനസിലെ ഏറ്റവും ചിലവു കൂടിയ കലയായി മാറിക്കഴിഞ്ഞു ഇന്ന് വിപണനം (Marketing). തന്റെ ഉല്‍പ്പന്നത്തെയോ സേവനത്തെയോ ഉപഭോക്താവിന്റെ അടുക്കലേക്ക് എത്തിക്കുക എന്നതും അവയുടെ ഉപയോഗത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക എന്നതും ഇന്ന് ബിസിനസുകാരന്റെ ഏറ്റവും വലിയ തലവേദനകളിലൊന്നാവുന്നു. തന്റെ ഉല്‍പ്പന്നമോ സേവനമോ എത്ര ഗുണമേന്മയുള്ളതാവട്ടെ ഉപഭോക്താവിന് എത്രമേല്‍ പ്രയോജനപ്രദമാവട്ടെ പക്ഷേ ഇതിനെക്കുറിച്ച് ഉപഭോക്താവിനെ ബോധവത്കരിക്കുക കടുത്ത വെല്ലുവിളി തന്നെയാണ്.

കിടമത്സരത്തിന്റെ (Competition) രൂക്ഷത ഇന്ന് വളരെ വലുതാണ്. പുതിയതും മികച്ചതുമായ ഉല്‍്പ്പന്നങ്ങള്‍ വിപണിയിലേക്കെത്തിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ഉല്‍പ്പന്നങ്ങളാണ് ഏറ്റവും മികച്ചതെന്ന് ഓരോ സ്ഥാപനവും അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനായി പ്രലോഭിപ്പിക്കുന്ന വിലയും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. കിടമത്സരം കടുക്കുമ്പോള്‍ ഇതിനിടയില്‍പ്പെട്ടു ഞെരുങ്ങുന്ന പല സംരംഭങ്ങളും കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.

വിപണിയില്‍ ആരോഗ്യകരമായ മത്സരമാണാവശ്യം. അനാരോഗ്യമായ മത്സര പ്രവണതകള്‍ ഉപഭോക്താവിനെ യഥാര്‍ത്ഥ കാരണങ്ങളില്‍ നിന്നകറ്റി ശ്രദ്ധ വിലയിലും സമ്മാനങ്ങളിലും ആകര്‍ഷകങ്ങളായ പരസ്യ പ്രചാരണങ്ങളിലും മാത്രമായൊതുക്കുന്നു. അതിസുന്ദരിയായ സിനിമാനടി സ്വീകരണമുറിയിലെ ടെലിവിഷനില്‍ നിങ്ങള്‍ ഈ ഉല്‍പ്പന്നം ഉപയോഗിക്കൂ, ഇതാണ് ലോകത്തിലേറ്റവും മികച്ചത് എന്നു പറയുമ്പോള്‍ ഇത് വിശ്വസിച്ച് ഉല്‍പ്പന്നം വാങ്ങിക്കുന്ന ഉപഭോക്താവ് അറിയുന്നില്ല ഈ പരസ്യത്തിന്റേയും വിപണനത്തിന്റേയും ഭീമമായ ചിലവ് കൂടി താന്‍ വഹിക്കുന്നുണ്ടെന്ന്.

ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും വിപണനത്തില്‍ പരസ്യങ്ങള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഉല്‍പ്പന്ന ത്തെക്കുറിച്ച് ഉപഭോക്താവിന് അവബോധം സൃഷ്ടിക്കുന്നതില്‍ പരസ്യങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. സമൂഹത്തില്‍ വിശ്വാസ്യതയുള്ള വ്യക്തിത്വങ്ങള്‍ ഈ ഉല്‍പ്പന്നം നിങ്ങള്‍ ഉപയോഗിക്കൂ എന്നു പറയുമ്പോള്‍ ഉത്പ്പന്നത്തിന്റെ വിശ്വാസ്യത അവരുടെ മനസ്സില്‍ വാനോളം ഉയരുന്നു. നിരന്തരമായ പരസ്യങ്ങള്‍ വഴി ഉപഭോക്താവിന്റെ മനസ്സില്‍ സൃഷ്ടിക്കപ്പെടുന്ന ഉല്‍പ്പന്നത്തിന്റെ വ്യക്തിത്വം അവരുടെ വാങ്ങല്‍ ശീലത്തെ (buying habit) ആഴത്തില്‍ സ്വാധീനിക്കുന്നു.

ഈ വിപണിയില്‍ ആര്‍ക്കാണ് സ്വാധീനം? ആരുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്നു. മികച്ച ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംരംഭങ്ങള്‍ പരസ്യങ്ങള്‍ക്ക് വേണ്ടി കൂടി അതിഭീമമായ തുക വിനിയോഗിച്ചാലേ മാര്‍ക്കറ്റില്‍ അല്‍പ്പമെങ്കിലും ഇടം കണ്ടെത്താനാവൂ എന്ന നിലയിലേക്ക് അന്തരീക്ഷം മാറിയിരിക്കുന്നു. പ്രധാനപ്പെട്ട ടെലിവിഷനുകളിലോ പത്രങ്ങളിലോ മാഗസിനുകളിലോ പരസ്യം നല്‍കുക എന്നത് ഇന്ന് പല സംരംഭങ്ങളെയും സംബന്ധിച്ചിടത്തോളം ചിന്തിക്കാനാവാത്ത കാര്യമാണ്. ഉല്‍പ്പാദനത്തില്‍ മിടുക്കരായ പല സംരംഭകരും വിപണിയില്‍ കാലിടറി വീഴുന്നതും തുടര്‍ക്കഥയാവുകയാണ്.

ബിസിനസ് സംസ്‌ക്കാരം ഉടലെടുക്കുന്നില്ല

ബിസിനസില്‍ ഉള്‍ക്കാഴ്ചയുള്ള (Insight), നിലനില്‍ക്കപ്പെടുന്ന (Sustainable), ദീര്‍ഘവീക്ഷണമുള്ള (Longsighted) തന്ത്രങ്ങളാണാവശ്യം. തന്റെ ഉല്‍പ്പന്നത്തിന് മാര്‍ക്കറ്റില്‍ കുത്തക സൃഷ്ടിക്കുവാന്‍ പരസ്യങ്ങളിലൂടെ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉല്‍പ്പന്നത്തിന് ആ ഗുണമേന്മ ഉറപ്പുവരുത്തുവാന്‍ സംരംഭകന് കഴിയുന്നുണ്ടോ എന്നത് ഒരു ചോദ്യചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്നു. പരസ്യത്തിന് ചിലവഴിക്കുന്ന ഭീമമായ തുക വിപണിയില്‍ നിന്നും തിരിച്ചു പിടിക്കുക എന്നതും ശ്രമകരമായ ദൗത്യമാണ്. പരസ്യത്തിലൂടെ ജനങ്ങളോട് സംവദിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാതെ വന്നാല്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍ ആ സംരംഭത്തെ മാത്രമല്ല ദോഷകരമായി ബാധിക്കുക, ആ വ്യവസായത്തിലെ (Industry) മറ്റു സംരംഭങ്ങളേയും കൂടി അത് ദോഷകരമായി ബാധിക്കുകയും ഉപഭോക്താക്കള്‍ സംശയ ദൃഷ്ടിയോടു കൂടി മാത്രം ഉല്‍പ്പന്നങ്ങളെ കാണാന്‍ തുടങ്ങുകയും ചെയ്യും. ഇവിടെ ബിസിനസ് സംസ്‌ക്കാരം ഉടലെടുക്കുകയാണോ നശിക്കുകയാണോ എന്നത് ആഴത്തില്‍ പരിശോധിക്കേണ്ട വസ്തുതയാണ്.

സാമൂഹ്യ പ്രതിബദ്ധത എന്ത്?

ഈ ‘സോപ്പ്’ തേച്ചു കുളിച്ചാല്‍ നിങ്ങള്‍ വെളുക്കും എന്നു പരസ്യത്തിലൂടെ പറയുന്ന വ്യക്തിയുടേയും സംരംഭത്തിന്റേയും സാമൂഹ്യ പ്രതിബദ്ധത എന്താണ്? ഇവിടെ അവര്‍ നല്കുന്ന സന്ദേശം എന്താണ് ? എണ്ണ തേച്ചാല്‍ മുടി പനങ്കുലപോലെ വളരുമെന്നും ഏറ്റവും ശുദ്ധമായ ആഹാരമാണ് നിങ്ങള്‍ കഴിക്കുന്നതെന്നും കിട്ടുന്ന കാശ് പോക്കറ്റില്‍ ഇട്ട് ജനങ്ങള്‍ക്ക് മുന്നില്‍ നിന്നും വിളിച്ചു പറയുമ്പോള്‍ ഇത് സത്യമാണോ അല്ലയോ എന്നത് ആരു പരീക്ഷിക്കുന്നു. പണം ഉപഭോക്താക്കളുടെ ബോധത്തെ വിലക്കെടുക്കുവാന്‍ ഉപയോഗിക്കുമ്പോള്‍ തങ്ങള്‍ക്ക് ഈ സമൂഹത്തിനോടുള്ള ബാധ്യതയും പ്രതിബദ്ധതയും സംരംഭങ്ങള്‍ മറന്നുകൂടാ.

പൊള്ളയായ അവകാശ വാദങ്ങളിലൂടെ ഒരു ബ്രാന്‍ഡും സൃഷ്ടിക്കപ്പെടുന്നില്ല. സമൂഹവും ജനങ്ങളും മണ്ടന്മാരല്ല. ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ക്ക് മുന്നില്‍ വെളിവാക്കപ്പെടും. സത്യസന്ധത ബ്രാന്‍ഡിന്റെ അതിശക്തമായ ഘടകങ്ങളിലൊന്നാണ്. ദശാബ്ദങ്ങളെടുത്ത് സൃഷ്ടിക്കപ്പെട്ട ഒരു ബ്രാന്‍ഡ് തകര്‍ന്നടിയാന്‍ നിമിഷങ്ങള്‍ മതി. ജനങ്ങള്‍ തിരസ്‌ക്കരിച്ച ഒരു ബ്രാന്‍ഡിന് ബിസിനസിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാവില്ല. പരസ്യങ്ങള്‍ ഉപഭോക്താക്കളുമായി സംവദിക്കുമ്പോള്‍ അത് സത്യസന്ധമായ ഭാഷയിലാവണം. കിടമത്സരത്തെ തോല്‍പ്പിിക്കുവാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കുക എന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്ന പോലെയാണ്.

ആശയങ്ങളാണ് ആവശ്യം

ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി നവീനങ്ങളായ ആശയങ്ങള്‍ ആവണം മുളയ്‌ക്കേണ്ടത്. ഉപഭോക്താവ് എന്തുകൊണ്ട് ഈ ഉല്‍പ്പന്നം വാങ്ങണം എന്നു പറയുമ്പോള്‍ വ്യത്യ സ്തമായ ആശയങ്ങളിലൂടെ അത് അവതരിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ പരസ്യങ്ങള്‍ അവരുടെ മനസ്സിലേക്ക് ഇടിച്ചു കയറുകയൂള്ളൂ. വ്യത്യസ്തതയാര്‍ന്ന മികച്ച ആശയങ്ങള്‍ ഉടലെടുക്കാതെയാവുമ്പോഴാണ് മറ്റുള്ളവരെ തോല്‍പ്പിക്കാന്‍ എന്തു മാര്‍ഗ്ഗവും സ്വീകരിക്കാം എന്ന മോശമായ ആശയത്തിലേക്കെത്തുന്നത്.

ഉല്‍പ്പന്നത്തിന്റെ, സേവനത്തിന്റെ സത്യസന്ധത (Integrity) തകര്‍ക്കാത്ത, ബിസിനസിനെ ബാധിക്കാത്ത പരസ്യങ്ങള്‍ മാത്രമേ ദീര്‍ഘകാലം നിലനില്‍ക്കുന്ന ബ്രാന്‍ഡുകളെ വാര്‍ത്തെടുക്കുകയുള്ളൂ. നല്ലൊരു ബിസിനസ് സംസ്‌കാരവും പുതിയ തലമുറയ്ക്ക് സ്ഥാനവും കണ്ടെത്തണമെങ്കില്‍ വേണ്ടത് കൂട്ടായ യത്‌നമാണ്. നാം പണം ഉണ്ടാക്കുമായിരിക്കാം പക്ഷേ നാം സമൂഹത്തില്‍ സൃഷ്ടിക്കുന്ന തരംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

 

 

 

Leave a comment