സംരംഭങ്ങളുടെ ശവക്കുഴി തോണ്ടുന്ന അഭിനവ മാനേജര്‍മാര്‍

കേരളത്തിലെ ‘മാനേജ്‌മെന്റ്’ രംഗം അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രതിസന്ധി മാനേജ്‌മെന്റ് എന്തെന്നറിയാത്ത സംരംഭകരും തൊഴിലാളികളുമാണ്

മാനേജ്‌മെന്റ് എന്ന പദത്തിന് മുമ്പെങ്ങുമില്ലാത്ത ഒരു പ്രാധാന്യം കേരള സമൂഹത്തില്‍ വളര്‍ന്നുവരുന്നു. ബിസിനസ് മാനേജ്‌മെന്റ് പഠിച്ച് പ്രായോഗിക പരിശീലനം നേടുന്ന ഒരു പുതുതലമുറ കേരളത്തില്‍ വളര്‍ന്നുവരുന്നുവെന്നത് ആശാവഹമായ ഒരു മാറ്റം തന്നെ. ഭരണരംഗത്തും ബിസിനസ് രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പിലാക്കുവാന്‍ പ്രസ്ഥാനങ്ങളേയും രാജ്യത്തേയും പുരോഗതിയിലേക്ക് നയിക്കുവാന്‍ പുതിയ മാനേജ്‌മെന്റ് തന്ത്രങ്ങള്‍ക്കും തന്ത്രശാലികള്‍ക്കും കഴിയുമെന്നത് ഇരുളില്‍ വെളിച്ചം പകരുന്ന ഒരു ശുഭ പ്രതീക്ഷ തന്നെ.

മാനേജ്‌മെന്റ് പഠിക്കാനും പരിശീലിക്കാനും താല്‍പര്യമുള്ള ഉത്സാഹമുള്ള പുതിയ തലമുറയ്ക്ക് പിന്തുണയേകിക്കൊണ്ട് വളര്‍ന്നുവരുന്ന മാനേജ്‌മെന്റ് കോളെജുകളും മാനേജ്‌മെന്റ് അസോസിയേഷനുകളും കേരളത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് താങ്ങുംതണലുമാകും എന്നതില്‍ തര്‍ക്കമില്ല. എങ്കിലും ചില യാഥാര്‍ത്ഥ്യങ്ങള്‍ നാം കാണാതിരുന്നുകൂടാ. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കയ്പു നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ തുറന്നെഴുതുമ്പോള്‍ പല നെറ്റികളും ചുളിയും. കയ്പു നിറഞ്ഞ ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടും. എങ്കിലും പറയാതിരിക്കാന്‍ വയ്യ, ആരെങ്കിലും പറഞ്ഞേ പറ്റൂ.

കേരളത്തിലെ ‘മാനേജ്‌മെന്റ്’ രംഗം അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രതിസന്ധി മാനേജ്‌മെന്റ് എന്തെന്നറിയാത്ത സംരംഭകരും തൊഴിലാളികളുമാണ്. കുരുടന്മാര്‍ ആനയെ കാണും പോലെയാണ് പലരും മാനേജ്‌മെന്റ് എന്ന പര്‍വ്വതത്തെ സമീപിക്കുന്നതും വിലയിരുത്തുന്നതും പ്രവര്‍ത്തിക്കുന്നതും. മലയാളിയുടെ തൊഴില്‍ സംസ്‌കാരത്തിന്റെ ആന്തരിക ശൂന്യതയും പൊള്ളത്തരവും ഇവിടെ തുറന്നു കാട്ടപ്പെടുന്നു.

മലയാളിയുടെ തൊഴില്‍ സംസ്‌കാരത്തില്‍ ആഴമേറിയ മുറിവ് സംഭവിച്ചുകഴിഞ്ഞു. മന:പൂര്‍വമല്ലാതെ നാം അറിയാതെ നമ്മുടെ തൊഴില്‍ സംസ്‌കാരത്തില്‍ സംഭവിച്ച ഈ മാറ്റം ഇന്ന് കേരളത്തിന്റെ വികസനത്തിലും മുന്നോട്ടുള്ള പ്രയാണത്തിലും ധാരാളം പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു.

മാനേജ്‌മെന്റ് ഇന്ന് ആര്‍ക്കും എപ്പോഴും എടുത്തു പ്രയോഗിക്കാവുന്ന ഒരു ക്ലീഷേ ആയി മാറി. മാനേജ്‌മെന്റിന്റെ ബാലപാഠങ്ങള്‍ പോലുമറിയാത്തവര്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ (Key positions) കയറിയിരിക്കുമ്പോള്‍ മുന്നോട്ട് നീങ്ങാനാവാതെ ശ്വാസംമുട്ടി ഞെരുങ്ങുന്ന ഒരുപാട് ബിസിനസ് സ്ഥാപനങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. ‘മാനേജര്‍’ എന്ന പദവിയിലിരിക്കുമ്പോള്‍ തന്റെ കര്‍ത്തവ്യമെന്താണെന്നും അതെങ്ങനെ നിറവേറ്റണം എന്നുമറിയാത്തവര്‍ ബിസിനസ് സംരംഭങ്ങളുടെ ശവക്കുഴി തോണ്ടുന്നു.

തൊഴിലാളികളെ സംബന്ധിച്ചടത്തോളം പണമാണ് മുഖ്യം. തനിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും കവിഞ്ഞ് താന്‍ വാങ്ങിക്കുന്ന ശമ്പളത്തിന് ആനുപാതികമായ ജോലി ചെയ്യണം എന്ന ചിന്ത അവനില്ലയെന്നതാണ് ഛിദ്രമാര്‍ന്ന തൊഴില്‍ സംസ്‌കാരത്തിന്റെ ബാക്കിപത്രം. തന്നില്‍ നിന്ന് സ്ഥാപനം എന്തു പ്രതീക്ഷിക്കുന്നുവെന്നതും തനിക്ക് ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുന്നുണ്ടോയെന്നതും തൊഴിലാളിയെ സംബന്ധിച്ചടത്തോളം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് വാസ്തവം.

ചെയ്യുന്ന തൊഴിലില്‍ അറിവും പ്രാവീണ്യവും നേടുകയെന്നതില്‍ നിന്നും എന്തെങ്കിലുമൊക്കെ ചെയ്തു പരമാവധി ശമ്പളവും ആനുകൂല്യങ്ങളും കരസ്ഥമാക്കുകയെന്ന മനോനിലയിലേക്ക് (Mental Attitude) മലയാളി മാറിക്കഴിഞ്ഞു. കഴിവിനുമപ്പുറം തന്റെ ഈഗോയെ ഊട്ടി വളര്‍ത്തുന്ന ഒരു പ്രത്യേകതരം ജീവിയായി തൊഴില്‍ രംഗത്ത് മലയാളിക്ക് രൂപാന്തരം സംഭവിച്ചുകഴിഞ്ഞു. അറിയുവാനും പഠിക്കുവാനും ഇനിയുമെത്രയോ ബാക്കിയുണ്ട് എന്ന ചിന്ത അവനില്ല. എല്ലാം പഠിച്ചു കഴിഞ്ഞു എന്ന മനോഭാവം മലയാളിയെ ഗ്രസിച്ചുപോയി. മാനേജ്‌മെന്റ് അറിയാത്ത മാനേജര്‍മാരും അവര്‍ക്കു താഴെ ലക്ഷ്യമറിയാതെ പണിയെടുക്കുന്നവരും ഇന്ന് കേരളത്തിന്റെ തൊഴില്‍ സംസ്‌കാരത്തിന്റെ പരിച്ഛേദമാണ്.

മാനേജ്‌മെന്റ് പഠനം കഴിഞ്ഞിറിങ്ങുന്നവരുടെ മനോഭാവവും ഇതൊക്കെ തന്നെ. രണ്ടു വര്‍ഷത്തെ ബിസിനസ് മാനേജ്‌മെന്റ് പഠനവും കോളെജുകളിലെ ആക്റ്റിവിറ്റീസും ഉയര്‍ന്ന മാര്‍ക്കുമൊക്കെയായി കലാലയത്തിന്റെ പടിയിറങ്ങുന്നതോടെ മാനേജ്‌മെന്റ് ഗുരുക്കളായി മാറുന്നവരാണ് പലരും. സിദ്ധാന്തങ്ങളല്ല പ്രവൃത്തി എന്നും പ്രായോഗിക പരിജ്ഞാനമാണ് മാനേജ്‌മെന്റ് കഴിവിന്റെ മൂര്‍ച്ച കൂട്ടുന്നതെന്നും ഇവര്‍ മറക്കുന്നു. ഉയര്‍ന്ന ശമ്പളം എന്ന ലക്ഷ്യമല്ലാതെ തന്റെ കഴിവുകളെ പരിപോഷിപ്പിക്കുന്ന, മൂര്‍ച്ചയേകുന്ന കഠിനമായ പരീക്ഷണങ്ങളെ നേരിടാനോ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുവാനോ ഇവര്‍ തയാറാവുന്നില്ല.

ശമ്പളത്തിന്റെ ഏറ്റക്കുറവുകള്‍ക്കനുസരിച്ച് ഒരു സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് ചാടാന്‍ ഇവര്‍ ഒരുങ്ങി നില്‍ക്കുന്നു. തങ്ങളുടെ കഴിവുകളോ നല്‍കാന്‍ കഴിയുന്ന സേവനങ്ങളോ അല്ല ഇവരുടെ മനസില്‍. കൂടുതല്‍ ശമ്പളം ലഭിക്കുന്ന സ്ഥാനങ്ങള്‍ മാത്രമാണ് ഉള്ളില്‍. മോശമായ ഒരു തൊഴില്‍ സംസ്‌കാരം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ കഴിവുള്ള തൊഴിലാളികള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് സ്ഥാപനങ്ങള്‍ക്കും ഇവരെ സഹിക്കുകയല്ലാതെ നിവൃത്തിയില്ല.

കേരളത്തിന്റെ തൊഴില്‍ സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ച കാണാന്‍ രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയ്‌നില്‍ ഒന്നു കയറിയാല്‍ മതി. ട്രെയ്‌നില്‍ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ. തിരുവനന്തപുരം എത്തുന്നതുവരെയുള്ള ചര്‍ച്ച ക്ഷാമബത്തയും ആനുകൂല്യങ്ങളും മാത്രം. തങ്ങള്‍ക്ക് ലഭിക്കേണ്ടതിനെക്കുറിച്ചുള്ള ആകാംക്ഷയും വേവലാതികളും മാത്രം. പലതവണ ചെവി കൂര്‍പ്പിച്ചു നോക്കി തങ്ങളുടെ ഉത്തരവാദിത്തത്തെപ്പറ്റി.. അത് കൃത്യമായി നിറവേറ്റുന്നതിനെപ്പറ്റി.. അവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനെപ്പറ്റി… എന്തെങ്കിലും വാക്കുകള്‍ വീഴുന്നുണ്ടോ എന്നു നോക്കി. ഇല്ല അതൊന്നും അവര്‍ക്ക് വിഷയമേയല്ല. മുഖ്യമന്ത്രി പറഞ്ഞതുപോലെ ജീവിതങ്ങളാണ് ഓരോ ഫയലിലും ഉള്ളത്. പക്ഷേ, നമുക്കിതിനൊക്കെ എന്തു വില കിട്ടേണ്ടത് കിട്ടണം എന്നതല്ലാതെ കൊടുക്കേണ്ടത് കൊടുക്കണം എന്ന ചിന്ത മലയാളിക്കില്ല.

മലയാളിയുടെ തൊഴില്‍ സംസ്‌കാരത്തില്‍ വലിയൊരു അപചയം സംഭവിച്ചിരിക്കുന്നു. അറിവില്ലാതെ അറിവുണ്ടെന്നു നടിക്കുകയും കഴിവില്ലാതെ കഴിവുണ്ടെന്ന് നടിക്കുകയും വാചാലതയിലൂടെ കാര്യങ്ങള്‍ നടപ്പിലാക്കാം എന്നു വ്യാമോഹിക്കുന്ന കൃത്രിമത്വം നിറഞ്ഞ ഒരു സംസ്‌കാരത്തിന്റെ ഉടമകളായി നാം മാറിക്കഴിഞ്ഞു. ഇത് തിരിച്ചറിയാന്‍ ഇനിയും വൈകിയാല്‍ ദൈവത്തിന്റെ നാട് കുറെ കോമാളികളുടെ നാടായി അധ:പതിക്കും.

സമൂലമായ ഒരു മാറ്റം കേരളത്തിന്റെ തൊഴില്‍ സംസ്‌കാരത്തില്‍ ആവശ്യമാണ്. മലയാളിയുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും അടിമുടി അഴിച്ചുപണി ആവശ്യമാണ്. ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഭാഷയും കഴിവും വികസിപ്പിക്കുവാന്‍ കഴിയുന്ന സിലബസുകള്‍ സൃഷ്ടിക്കപ്പെടണം. മാനേജ്‌മെന്റ് അറിയാവുന്ന ഭരണനിപുണര്‍ ഉണ്ടാവണം. തൊഴിലാളി യൂണിയനുകള്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ മാത്രമല്ല അവരുടെ പ്രകടനം കൂടി വിലയിരുത്താന്‍ തയാറാവണം. മോശമായവരെ മാറ്റിനിര്‍ത്താന്‍ യൂണിയനുകള്‍ തന്നെ തയാറാവണം. അല്ലെങ്കില്‍ ഈ തൊഴില്‍ സംസ്‌കാരഅപചയത്തിന് അവസാനം ഉത്തരം പറയേണ്ടിവരിക തൊഴിലാളികളെ നയിക്കുന്നവര്‍ തന്നെയാവും.

ഈ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും എന്ന ശുഭപ്രതീക്ഷയുണ്ട്. ആര്‍ജ്ജവമുള്ള ഒരു ഭരണത്തിന് തൊഴില്‍ സംസ്‌കാരത്തെ മാറ്റിമറിക്കാന്‍ സാധിക്കും. അതിനായുള്ള ശ്രമം എല്ലാ ഭാഗത്തു നിന്നും ഉണ്ടാവണം എന്നത് അടിയന്തരമായ ഒരാവശ്യം തന്നെയാണ്.

 

 

 

Leave a comment