നിങ്ങള്‍ ഒറ്റയ്ക്കല്ല

നിങ്ങള്‍ ഒരു ബില്‍ഗേറ്റ്‌സ് ആകണമെങ്കില്‍, സ്റ്റീവ് ജോബ്‌സ് ആകണമെങ്കില്‍ നിങ്ങളെപ്പോലെ മിടുക്കരായ വ്യക്തികള്‍ നിങ്ങള്‍ക്കൊപ്പം വേണം. ഇത് തിരിച്ചറിയുകയാണ് വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടി

സിനിമ ഒരു കലയാണ്. നമ്മളെ രസിപ്പിക്കുകയും കണ്ണീരണി യിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന, മനുഷ്യന്റെ മാനസിക വികാര വിക്ഷോഭങ്ങളെ അഭ്രപാളിയുടെ ചട്ടക്കൂടിനുള്ളിലാക്കി നമ്മുടെ കണ്ണുകള്‍ക്ക് മുന്നിലേക്കെത്തിക്കുന്ന അതുല്യമായ കലാസൃഷ്ടി. ജയിംസ് കാമറൂണിന്റെ ടൈറ്റാനിക്കോ അവതാറോ, രാജമൗലിയുടെ ബാഹുബലിയോ ഒക്കെ സിനിമ എന്ന കലാസൃഷ്ടിയുടെ വളര്‍ച്ചയും മാറ്റങ്ങളും നമുക്ക് മുന്നില്‍ കാട്ടിത്തരുന്നു. ഒരു കലാസൃഷ്ടി എന്നതുപോലെതന്നെ ഒരു വ്യവസായം കൂടിയാണ് സിനിമ. അനേകലക്ഷം പേരുടെ വിയര്‍പ്പാണ് സിനിമ എന്ന ഉല്‍പ്പന്നം. കലാസൃഷ്ടി എന്ന നിലയില്‍ അതിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് സാമ്പത്തികമായ വിജയം കൈവരിക്കുക എന്നതും. ഉപഭോക്താവിന്റെ താല്‍പര്യത്തിനിണങ്ങും വിധം തന്റെ ഉല്‍പ്പന്നത്തെ നിര്‍മ്മിക്കുന്നതിന്റേയും അവതരിപ്പിക്കുന്നതിന്റേയും പരിപൂ ര്‍ണ്ണമായ ഉത്തരവാദിത്തം സംവിധായകനാകുന്നു. ജനങ്ങള്‍ സ്വീകരിക്കുന്ന ഉല്‍പ്പന്നത്തിനു മാത്രമേ സാമ്പത്തികമായി വിജയിക്കുവാനും വ്യവസായത്തെ നിലനിര്‍ത്തുവാനും കഴിയുകയുള്ളൂ.

എന്താണ് സിനിമയുടെ വിജയത്തിന്റെ സൂത്രവാക്യം? ഇവിടെ ബാഹുബലിയുടെ സൂത്രവാക്യവും ദൃശ്യത്തിന്റെ സൂത്രവാക്യവും എന്താണ്? ബാഹുബലിയുടെ ഹൈ ബജറ്റും വിശാലമായ കാന്‍വാസുമല്ല ദൃശ്യത്തിന്റേത്. എങ്കിലും രണ്ട് ചിത്രങ്ങളും വിജയിച്ചതിന്റെ കാരണമെന്താണ്? ശക്തമായ തിരക്കഥയാണോ, സംവിധാനത്തിന്റെ മികവാണോ, അഭിനേതാക്കളുടെ കഴിവാണോ, ബജറ്റാണോ ചോദ്യങ്ങളുടെ പട്ടിക ഇനിയും നീട്ടാം. പക്ഷേ ഈ വിജയങ്ങളുടെ യഥാര്‍ത്ഥ ഫോര്‍മുല എന്താവാം?

ഇവിടെ സിനിമ എന്ന വ്യവസായത്തിന്റെ സമ്പൂര്‍ണ്ണതയ്ക്ക് അനിഷേധ്യ സ്ഥാനമുണ്ട്. പല ഘടകങ്ങളുടെ ശരിയായ സംയോജനത്തിലൂടെയാണ് സിനിമ എന്ന ഉല്‍പ്പന്നം പിറവി യെടുക്കുന്നത്. വിജയിക്കപ്പെട്ട ഒരു സിനിമ നോക്കൂ, ഒരു ഘടകത്തെ മാത്രമെടുത്ത് വിശകലനം ചെയ്യുക അസാധ്യമാവും. സമ്പൂര്‍ണ്ണതയുടെ സങ്കലനമാകുന്നു സിനിമ എന്ന ഉല്‍പ്പന്നം. തിരക്കഥാകൃത്ത് മുതല്‍ സംവിധായകനും നിര്‍മ്മാതാവും ലൈറ്റ് ബോയും ഉള്‍പ്പെടെയുള്ള വ്യക്തികളുടെ കൂട്ടായ പ്രവര്‍ത്തനം ഈ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ നിശ്ചയിക്കുന്നു. എവിടെ പാളിച്ച സംഭവിച്ചാലും അത് ഉല്‍പ്പന്നത്തില്‍ പ്രതിഫലിക്കുന്നു. ഒരു സിനിമയുടെ വിജയത്തിന്റെ ഉത്തരവാദി ഒരാള്‍ മാത്രമാണോ? ഒരു ബിസിനസിന്റെ വിജയത്തിന്റെ ഉത്തരവാദി ഒരാള്‍ മാത്രമാണോ? അവതാര്‍ എന്ന ചിത്രത്തിന്റെ വിജയം ജെയിംസ് കാമറൂണിനു മാത്രം അവകാശപ്പെട്ടതാണോ? ദൃശ്യം എന്ന ചിത്രത്തിന്റെ വിജയം ജിത്തു ജോസഫിന് മാത്രം അവകാശപ്പെട്ടതാണോ? തീര്‍ച്ചയായും അല്ല. എങ്കിലും നയിക്കുന്നവര്‍ പ്രശസ്തിയിലേക്കുയരുന്നു. ആപ്പിള്‍ എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വം സ്റ്റീവ് ജോബ്‌സിനാവാം എന്നാല്‍ ആപ്പിള്‍ വിജയിച്ചതിന്റെ അവകാശം അതിന്റെ ലക്ഷകണക്കിനു വരുന്ന തൊഴിലാളികള്‍ക്കാണ്.

പടനായകനെ മാത്രമേ ആളുകള്‍ കാണൂ. വിജയത്തിനു വേണ്ടി വിയര്‍പ്പൊഴുക്കുന്നവര്‍ തിരശ്ശീലയ്ക്കു പിന്നിലാണ്. അപ്പോള്‍ ഒരു ബിസിനസിന്റെ വിജയം അത് നയിക്കുന്ന വ്യക്തിയെ മാത്രം ആശ്രയിച്ചാണോ ഇരിക്കുന്നത്. ബിസിനസിന്റെ സമ്പൂര്‍ണ്ണതയെ ഉള്‍ക്കൊള്ളാന്‍ ഈ വ്യക്തി മാത്രം മതിയോ. തീര്‍ച്ചയായും അല്ല. പടനായകനു പിന്നില്‍ സമര്‍ത്ഥരായ, നിപുണരായ പടയാളികള്‍ കൂടിയേ മതിയാവൂ. അതല്ലെങ്കില്‍ ഈ യുദ്ധം അതിവേഗം അവസാനിക്കും.

നിങ്ങള്‍ ഒരു ബില്‍ഗേറ്റ്‌സ് ആകണമെങ്കില്‍, സ്റ്റീവ് ജോബ്‌സ് ആകണമെങ്കില്‍ നിങ്ങളെപ്പോലെ മിടുക്കരായ വ്യക്തികള്‍ നിങ്ങള്‍ക്കൊപ്പം വേണം. ഇത് തിരിച്ചറിയുകയാണ് വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടി. ശരിയായ വ്യക്തികള്‍ ശരിയായ സ്ഥാനങ്ങളില്‍ ഉണ്ടാവുക എന്നതു തന്നെയാണ് ബിസിനസ് വിജയത്തിന്റെ കാച്ചിക്കുറുക്കിയ സൂത്രവാക്യം. നിങ്ങ ളുടെ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം എത്ര നല്ലതാവട്ടെ, നിങ്ങളുടെ ബിസിനസ് തന്ത്രങ്ങള്‍ എത്ര മികച്ചതാവട്ടെ, വിശാലമായ മാര്‍ക്കറ്റ് ഉണ്ടായിക്കൊള്ളട്ടെ പക്ഷേ ശരിയായ വ്യക്തികള്‍ നിങ്ങള്‍ ക്കൊപ്പം ഇല്ലെങ്കില്‍ വിജയം അപ്രാപ്യമാണ്.

ശരിയായ വ്യക്തികള്‍ ശരിയായ സ്ഥാനങ്ങളില്‍ എന്ന് ഞാന്‍ പറയുന്നത് ജോലി എന്താണോ അതിനിണങ്ങുന്ന വ്യക്തികള്‍ എന്നാണ്. ഏതു ജോലിയാണോ നിര്‍വ്വഹിക്കാനുള്ളത് അത് സമര്‍ത്ഥമായി നടപ്പിലാക്കുവാന്‍ കഴിയുന്ന വൈദഗ്ധ്യമുള്ള വ്യക്തികള്‍. അവര്‍ക്കു മാത്രമേ ആ പ്രത്യേക ജോലി അത് ഉദ്ദേശിക്കുന്ന ഫലത്തിലേക്ക് എത്തിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇവരെ തെരഞ്ഞെടുക്കുകയും അവര്‍ക്കിണങ്ങുന്ന ജോലി അവരെക്കൊണ്ട് നിര്‍വ്വഹിപ്പിക്കുകയും ചെയ്യുമ്പോള്‍ വിജയത്തിന്റെ സൂത്രവാക്യം നടപ്പിലാക്കപ്പെടുന്നു.സാമര്‍ത്ഥ്യവും വൈദഗ്ധ്യവുമല്ലാതെ ഇവിടെ മറ്റൊന്നും പകരം വയ്ക്കാനില്ല. വ്യക്തിയുമായുള്ള ബന്ധത്തിനോ വികാരങ്ങള്‍ക്കോ ഇവിടെ പ്രസക്തിയില്ല. തന്റെ സ്ഥാപനത്തിലെ പ്രധാനപ്പെട്ട വ്യക്തികള്‍ ആരെന്ന് തിരിച്ചറിയാന്‍ ബിസിനസുകാരനാവണം.

ബിസിനസ് എന്ന കളിയില്‍ അവരുടെ ഭാഗം കൃത്യമായി നിര്‍വചിക്കപ്പെടണം. ബിസിനസിലെ ഓരോ റോളും സമര്‍ത്ഥരും നിപുണരുമായ വ്യക്തികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആ ജോലി ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിലേക്കെത്തുന്നു. സമര്‍ത്ഥനായ തിരക്കഥാകൃത്തും, സംവിധായകനും സംഗീത സംവിധായകനും വസ്ത്രാലങ്കാര വിദ്ധഗ്ധനും കൂടിച്ചേരുമ്പോള്‍ സൃഷ്ടി ക്കപ്പെടുന്ന ഒരു കലാ സൃഷ്ടി പോലെ കാമ്പുള്ളതായി മാറുന്നു ബിസിനസും. ഫൈനാന്‍സ് കൈകാര്യം ചെയ്യാനറിയാത്ത ഒരു വ്യക്തിയെ ഫൈനാന്‍സ് ഏല്‍പ്പിക്കുന്നതാലോചിക്കുക. വിശ്വസ്തത മാത്രമാവാം ചിലപ്പോള്‍ ഈ ജോലി ആ വ്യക്തിയെ ഏല്‍പ്പിച്ചതിനു ള്ള മാനദണ്ഡം. പക്ഷേ ഫൈനാന്‍സ് കൈകാര്യം ചെയ്യുന്ന വ്യക്തിക്കു വേണ്ട അനേകം ഗുണങ്ങളിലും കഴിവുകളിലും ഒന്നു മാത്രമാണ് ഈ പറയുന്ന വിശ്വസ്തത. താനുറങ്ങുമ്പോള്‍ ആരും ശല്യപ്പെടുത്താതിരിക്കാന്‍ കുരങ്ങനെ ഉടവാള് ഏല്‍പ്പിച്ച് ഉറങ്ങിയ രാജാവിന്റെ അനുഭവമാണ് ഇവിടെ ബിസിനസുകാരനു ണ്ടാവുക. ഈ വ്യക്തി ബിസിനസിന്റെ അന്തകനാകുന്ന കാഴ്ച അതി വിദൂരമല്ല.

തനിക്കൊപ്പം മിടുക്കന്മാരെ നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് വിജയിക്കപ്പെട്ട ഓരോ ബിസിനസുകാരന്റെയും സൂത്രവാക്യം. അവരുടെ തലയില്‍ വിരിഞ്ഞ ഓരോ തന്ത്രവും നടപ്പിലാക്കുവാന്‍ കഴിയുന്ന അതിസമര്‍ത്ഥരായ വ്യക്തികള്‍ ഉളളതുകൊണ്ട് മാത്രം വിജയപീഠത്തി ലേറിയവര്‍. യുദ്ധം ചെയ്യാനറിയാത്ത പടയാളികളുമായി യുദ്ധത്തിനിറങ്ങുന്ന
നായകന്റെ വിധി നിര്‍ണ്ണയിക്കുവാന്‍ കവിടി നിരത്തേണ്ട ആവശ്യമില്ല, പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കൂ. അവിടെ നില്‍ക്കുന്നവര്‍ സമര്‍ത്ഥരാണോ? അല്ലെങ്കില്‍ തീരുമാനം നിങ്ങളുടേതാണ്.

വിജയിച്ച ഒരു ബിസിനസുകാരന്‍ നാളെ പ്രസംഗ പീഠത്തില്‍ നിന്ന് സംസാരിക്കുമ്പോള്‍ ഓര്‍ക്കുക. ആ വ്യക്തിക്ക് പിന്നില്‍ അനേകം മുഖങ്ങള്‍ നിരന്നു നില്‍ക്കുന്നുണ്ട്. അവരുടെ കൈകള്‍ ആ വ്യക്തിയെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഇതു തിരിച്ചറിയുക.

 

 

Leave a comment