നമ്മള്‍ വിതച്ചത് നമുക്കുതന്നെ കൊയ്യാം

Profit Concept

പ്രക്രിയാധിഷ്ഠിതമായ ഒരു ബിസിനസിന്റെ കൈമാറ്റം അടുത്ത തലമുറയ്ക്ക് വരദാനമായി മാറുന്നു

ലോകമെമ്പാടുമുള്ള കുടുംബ ബിസിനസുകള്‍ (Family Business) എടുത്തു നോക്കുമ്പോള്‍ നമ്മില്‍ കൗതുകമുളവാക്കുന്ന ഒരു കണക്കു കാണാം. 30% വരുന്ന ഫാമിലി ബിസിനസുകള്‍ മാത്രമേ വിജയകരമായി അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ. രണ്ടാം തലമുറയില്‍ നിന്ന് മൂന്നാം തലമുറയിലേക്ക് വിജയകരമായി കൈമാറ്റം ചെയ്യപ്പെടുന്നവ 12% മാത്രം. മൂന്നാം തലമുറയില്‍ നിന്ന് നാലാം തലമുറയിലേക്ക് എത്തപ്പെടുമ്പോള്‍ 3% വരുന്ന ഫാമിലി ബിസിനസുകള്‍ മാത്രമേ
നിലനില്‍ക്കപ്പെടുന്നുള്ളൂ. ഇതിനര്‍ത്ഥം പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന അവസരത്തില്‍ 97% വരുന്ന ഫാമിലി ബിസിനസുകള്‍ക്ക് വിജയകരമായ കൈമാറ്റം സാധ്യമാവുന്നില്ല എന്നതാവുന്നു. പിന്‍തുടര്‍ച്ച രണ്ടാം തലമുറയിലേക്കെത്തുമ്പോള്‍ തന്നെ 70% ഫാമിലി ബിസിനസുകളും പരാജയപ്പെടുന്നു. എവിടെ
യാണ് ഫാമിലി ബിസിനസുകള്‍ക്ക് അടിപതറുന്നത്

ആദ്യ തലമുറയിലെ ബിസിനസ് ഫാമിലികളില്‍ നിലനില്‍ക്കുന്ന സമാനരൂപത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നയിക്കുന്ന നാല് കാരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.

1. ബിസിനസ് സ്ഥാപകനും ജീവിത പങ്കാളിയും അല്ലെങ്കില്‍ അടുത്ത തലമുറയില്‍പ്പെട്ടവരുമായുള്ള ആശയവിനിമയത്തിന്റെ അഭാവമോ അപര്യാപ്തതയോ.

2. കുടുംബ അധികാരശ്രേണിയും (Family Hierarchy) സ്ഥാപന അധികാരശ്രേണിയും (Organisational Hierarchy) തമ്മില്‍ വേര്‍തിരിക്കുവാനുള്ള മനസ്സില്ലായ്മ.

3. പിന്‍തുടര്‍ച്ച നടപ്പിലാക്കുന്നതിലുള്ള വെല്ലുവിളികള്‍ നേരിടുന്നതില്‍ സ്ഥാപകനുള്ള ശങ്ക.

4. മോശമായ ഒരു പിന്‍തുടര്‍ച്ചാ പദ്ധതിയുടെ (Succession Planning) കാരണത്താല്‍ കൈമാറ്റത്തിനുശേഷവും സ്ഥാപകന്‍ തന്നെ മെന്ററോ അല്ലെങ്കില്‍ മറ്റേതെങ്കിലും പദവിയിലോ തുടരേണ്ടിവരിക.

ഫാമിലി ബിസിനസുകളുടെ സുഗമമായ നടത്തിപ്പിനും വിജയത്തിനും മുകളില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ ഒരു തടസമാകുന്നു. ഫാമിലി ബിസിനസുകള്‍ പ്രൊഫഷണലൈസ് ചെയ്യുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഉടമസ്ഥതയും അധികാരവും വേര്‍തിരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, വിവിധ ബിസിനസുകളുടെ ഏകീകരണവും നടത്തിപ്പും ബിസിനസുകളിലേക്ക് കുടുംബാംഗങ്ങളുടെ ക്രമീകരണം, കുടുംബത്തിന്റെ ഭരണനിര്‍വ്വഹണം (Family Governance), കുടുംബത്തിനകത്തെ പിന്‍തുടര്‍ച്ചാ നിര്‍ണ്ണയ രീതികള്‍ എന്നിവയെ കണക്കിലെടുക്കുകയും കൃത്യമായി ആസൂത്രണം ചെയ്യുകയും ചെയ്തില്ല എങ്കില്‍ ശക്തമായ ഒരു പിന്‍തുടര്‍ച്ചാ രൂപരേഖ തയ്യാറാക്കുക അസാധ്യമാവും. അതുകൊണ്ടുതന്നെ അടുത്ത തലമുറയിലേക്ക് ബിസിനസ് കൈമാറുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമാവുന്നു.

കേരളത്തിലെ ഫാമിലി ബിസിനസുകള്‍ ഇത്തരം വെല്ലുവിളികളെ നേരിടുന്നതിനോ അടുത്ത തലമുറയിലേക്ക് ബിസിനസ് കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചോ അത്ര വലിയ പ്രാധാന്യം നല്‍കുന്നുണ്ടോ എന്നത് സംശയമാണ്. പലപ്പോഴും വ്യക്തമായ കാഴ്ചപ്പാടില്ലാതെ, പ്രൊഫഷണലൈസ് ചെയ്യാതെ കൈമാറ്റം ചെയ്യപ്പെടുന്ന ഈ ബിസിനസുകള്‍ പുതിയ തലമുറയുടെ കൈയ്യില്‍ പരാജയമായി മാറുന്നു. മിക്ക ഫാമിലി ബിസിനസുകളും വ്യക്ത്യാധിഷ്ഠിതമായാണ് മുന്നോട്ട് പോകുന്നത്. ബിസിനസ് സ്ഥാപകന്‍ തന്നെയാണ് എല്ലാം നിയന്ത്രിക്കുന്നത്. ആ വ്യക്തിയുടെ അഭാവം ബിസിനസിന് ശക്തമായ ആഘാതം ഏല്‍പ്പിക്കുന്ന രീതിയിലാവും മിക്കവാറും എല്ലാ ഫാമിലി ബിസിനസുകളുടേയും ഭരണ നിര്‍വ്വഹണ സംവിധാനം. ബിസിനസ് പ്രക്രിയാധിഷ്ഠിതമാക്കുന്നതിനോ വ്യവസ്ഥാനു സൃതമാക്കുന്നതിനോ ആദ്യതലമുറ തുനിയുന്നില്ല. ഇതില്‍ കാണിക്കുന്ന അലംഭാവം പിന്‍തുടര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ പരാജയത്തില്‍ കലാശിക്കുന്നു.

വളരെ കുറച്ചു ഫാമിലി ബിസിനസുകള്‍ മാത്രമേ കൃത്യമായ പ്ലാനിംഗോടുകൂടി അടുത്ത തലമുറയിലേക്ക് ബിസിനസ് കൈമാറ്റം ചെയ്യുന്നുള്ളൂ. ബിസിനസിലെ പിന്‍തുടര്‍ച്ച ഒരു നിമിഷം കൊണ്ടോ ഒരു ചെറിയ കാലയളവുകൊണ്ടോ സൃഷ്ടിച്ചെടുക്കുവാന്‍ കഴിയുന്നതല്ല. തികച്ചും ലാഘവത്തോടുകൂടി നടത്തുന്ന ഇത്തരം കൈമാറ്റങ്ങള്‍ 97% ബിസിനസുകളേയും പരാജയത്തിലേക്ക് നയിക്കുന്നു.

പ്രൊഫഷണലൈസ് ചെയ്യുക

ഒരു വ്യക്തിയിലോ അല്ലെങ്കില്‍ ചില വ്യക്തികളില്‍ മാത്രമായോ ബിസിനസ് കേന്ദ്രീകൃതമാകുന്നത് ഒഴിവാക്കി ഒരു പ്രൊഫഷണല്‍ മാനേജ്‌മെന്റ് സംവിധാനം കൊണ്ടുവരണം. പ്രക്രിയകള്‍ വ്യവസ്ഥാപിതമാക്കുന്നതോടെ വ്യക്ത്യാധിഷ്ഠിതമായ പ്രക്രിയകളിലെ പല ന്യൂനതകളും ഒഴിവാക്കാന്‍ സാധിക്കും. പ്രക്രിയാധിഷ്ഠിതമായ ഒരു ബിസിനസിന്റെ കൈമാറ്റം അടുത്ത തലമുറയ്ക്ക് വരദാനമായി മാറുന്നു. ആകസ്മികങ്ങളായ പല പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുവാന്‍ അത് അവരെ പ്രാപ്തരാക്കും.

വ്യക്തമായ കൈമാറ്റ രൂപരേഖ തയാറാക്കുക

പിന്‍തുടര്‍ച്ചാ രൂപരേഖ ഒട്ടും ഒഴിവാക്കാനാവാത്തതാണ്. ഫാമിലി ബിസിനസുകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയെല്ലാം ഈ രൂപരേഖ അഭിസംബോധന ചെയ്യുന്നു. ഫാമിലി അംഗങ്ങള്‍ വിവിധങ്ങളായ ബിസിനസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഭരണനിര്‍വ്വഹണ സംവിധാനം എങ്ങനെയായിരിക്കണം എന്നതുമെല്ലാം ഈ രൂപരേഖയിലൂടെ വ്യക്തമാക്കപ്പെടുന്നു. ഫാമിലി ബിസിനസുകളുടെ ‘ബൈബിള്‍’ ആയി നമുക്ക് ഈ രൂപരേഖയെ വിശേഷിപ്പിക്കാം.

അടുത്ത തലമുറയെ പരിശീലിപ്പിക്കുക

ബിസിനസ് കൈമാറ്റം ചെയ്യപ്പെടുന്നതിനു
മുന്‍പ് അടുത്ത തലമുറയെ പരിശീലിപ്പിക്കേണ്ട ഉത്തരവാദിത്തം മുന്‍ തലമുറയ്ക്കുണ്ട്. ഒരുദിവസം പെട്ടെന്ന് നീ നാളെ മുതല്‍ ബിസിനസിന്റെ ചുമതല ഏറ്റെടുക്കണം എന്നുപറയുമ്പോള്‍ അടുത്ത തലമുറയ്ക്ക് അതൊരു ഇടിവെട്ടേറ്റ പ്രതീതിയാകുന്നു. അതിനുപകരം പതിയെ അവരെ പരിശീലിപ്പിക്കുകയും ബിസിനസിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തരാക്കുകയും വേണം. അടുത്ത തലമുറയുടെ വിദ്യാഭ്യാസത്തിലും നൈപുണ്യ പരിശീലനത്തിലും വളരെയധികം പ്രാധാന്യം നല്‍കേണ്ടതുണ്ട്. ബിസിനസിലേക്കുള്ള പുതുതലമുറയുടെ പ്രവേശനം കൃത്യമായ ആസൂത്രണത്തിലൂടെയാവണം. എങ്കില്‍ മാത്രമേ നിലനില്‍ക്കപ്പെടുന്ന വിജയിക്കുന്ന ഫാമിലി ബിസിനസുകള്‍ ഉണ്ടാവുകയുള്ളൂ. മാത്രമല്ല ബിസിനസില്‍ സുതാര്യതയും ഉറപ്പുവരുത്തേണ്ടതാണ്.

കുടുംബാംഗങ്ങളുടെ ഇടയില്‍ യാതൊരു വിധത്തിലുമുള്ള മതിലുകളും ഉണ്ടാകരുത്. അംഗങ്ങളുടെ സുതാര്യമായ ഇടപെടലുകളും ആശയവിനിമയവും ഫാമിലി ബിസിനസുകളെ കൂടുതല്‍ ശക്തമാക്കുന്നു.

നിങ്ങള്‍ ഫാമിലി ബിസിനസിന്റെ ഭാഗമാണോ. എങ്കില്‍ ചിന്തിക്കുക അടുത്ത തലമുറയ്ക്കായി ഞാന്‍ ഈ ബിസിനസ് കൈമാറുമ്പോഴുള്ള എന്റെ പ്ലാന്‍ എന്താണ്? വരുംതലമുറയെ വാര്‍ത്തെടുക്കുവാനുള്ള എന്റെ പദ്ധതി എന്താണ്? ഞാന്‍ അവര്‍ക്കു കൈമാറ്റം ചെയ്യുന്ന ബിസിനസ് ഏതു രൂപത്തിലുള്ളതാവണം? ചിന്തിച്ചു തുടങ്ങിയിട്ടില്ലെങ്കില്‍ ദയവായി ഈയൊരു ചിന്തയ്ക്ക് ഇപ്പോള്‍ തുടക്കമിടുക.

 

 

 

Leave a comment