ആമ്പലിന്റെ ജീവിതം മോഹിച്ച റോസാച്ചെടി

ഇളംവെയിലില്‍ തലയാട്ടി നില്‍ക്കുകയാണ് റോസാച്ചെടി. മനോഹരങ്ങളായ റോസാപ്പുഷ്പ്പങ്ങള്‍ അവളില്‍ വിരിഞ്ഞുനില്‍ക്കുന്നു. ചുവന്നുതുടുത്ത ആരും കൊതിക്കുന്ന പുഷ്പ്പങ്ങള്‍. സുന്ദരിയായി നിന്ന് തന്റെ ചുറ്റുപാടും കണ്ണോടിക്കവേ അവള്‍ ഒരു കാഴ്ച കണ്ടു.

അടുത്തുള്ള കുളത്തില്‍ ഒരാമ്പല്‍ പൂവ് വിടര്‍ന്നു നില്‍ക്കുന്നു. ചിറകുകള്‍ പോലെ തന്റെ ഇലകള്‍ വെള്ളത്തിന് മീതെ പറക്കുന്നു എന്ന് തോന്നും വിധം വിടര്‍ത്തിയിട്ട് അങ്ങനെ ചിരിച്ചുനില്‍ക്കുകയാണ് ആ ആമ്പല്‍ പൂവ്. വെള്ളത്തില്‍ ഇടക്കിടെ ഉണരുന്ന ചെറിയ ഓളങ്ങള്‍ അവള്‍ക്ക് ചുറ്റും ചലനങ്ങള്‍ സൃഷ്ട്ടിക്കുന്നു. ആ ആമ്പലിനെ നോക്കി നില്‍ക്കുമ്പോള്‍ അറിയാതെ ഒരു വിഷാദം റോസാച്ചെടിയുടെ മനസില്‍ പടര്‍ന്നുകയറി.

ആമ്പല്‍ എന്ത് ഭാഗ്യവതിയാണ് റോസാച്ചെടി ചിന്തിക്കുകയാണ്. എത്ര കഠിനമായ ചൂടിലും ജലത്തിന്റെ നനുത്ത കുളിരില്‍ അവള്‍ക്ക് വാടാതെ നില്ക്കാം. എത്രമാത്രം ജീവികളാണ് അവള്‍ക്ക് ചുറ്റും മുട്ടിയുരുമ്മി ലാളിച്ച് കടന്നുപോകുന്നത്. അത്രയും വലിയ കുളത്തിലെ റാണി തന്നെയാണ് അവള്‍. താനോ കുളത്തിനരികിലെ ഈ കുറ്റിക്കാട്ടില്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത അങ്ങനെ കഴിഞ്ഞുപോകുന്നു. ചിന്തിക്കുംന്തോറും അവള്‍ക്ക് ദുഃഖം ഏറി വന്നുകൊണ്ടിരുന്നു.

തന്റെ ദുഃഖം ദൈവത്തോട് പറയാന്‍ അവള്‍ തീരുമാനിച്ചു. ഈ ജീവിതം ഇങ്ങനെ കഴിഞ്ഞുകൂടിയാല്‍ പോര. തനിക്കും ചിലതൊക്കെ ആയിത്തീരുവാനുണ്ട്. അവള്‍ ദൈവത്തോട് കഠിനമായി പ്രാര്‍ഥിക്കുവാന്‍ തുടങ്ങി. അവളുടെ പ്രാര്‍ഥനയുടെ ശക്തിയാല്‍ ദൈവം അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. മനോഹാരിയായ അവളോട് ദൈവം എന്ത് സഹായമാണ് താന്‍ ചെയ്തു തരേണ്ടത് എന്ന് ആരാഞ്ഞു. അവള്‍ പറഞ്ഞു ”എനിക്ക് ഈ ജീവിതം മടുത്തു. ആ ആമ്പല്‍ച്ചെടിയെ നോക്കൂ. അവളുടെ ജീവിതമാണ് എന്റെതിനേക്കാള്‍ മികച്ചതും സന്തോഷകരവും എനിക്ക് ഈ കുറ്റിക്കാട്ടില്‍ നിന്ന് എന്റെ ജീവിതം പാഴാക്കുവാന്‍ സാധ്യമല്ല. എന്നെ ആ കുളത്തിലേക്ക് മാറ്റണം.”

ദൈവം അത്ഭുതപ്പെട്ടു. ആശകള്‍ക്ക് അതിരുകളില്ല എന്നെ യാഥാര്‍ത്ഥ്യം അദ്ദേഹം തിരിച്ചറിഞ്ഞു. ദൈവത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ ഉപദേശങ്ങളൊന്നും സ്വീകരിക്കുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല റോസാച്ചെടി. ഒടുവില്‍ അവളുടെ നിര്‍ബന്ധത്തിന് മുന്നില്‍ ഗത്യന്തരമില്ലാതെ ദൈവം അവളുടെ സ്ഥാനം കുളത്തിലേക്ക് മാറ്റിനല്കി.

കുളത്തിന് നടുവില്‍ വിടര്‍ന്നു നിന്ന ആമ്പല്‍ചെടിയുടെ മുന്നില്‍ അവള്‍ തന്റെ റോസാഷ്പ്പങ്ങളുമായി തലയുയര്‍ത്തി നിന്നു. ജലത്തിന്റെ കുളിര്‍ അവളുടെ സിരകളിലേക്ക് അരിച്ചുകയറി. കുളത്തിലെ ജീവികള്‍ അവളെ കണ്ട് അത്ഭുതത്തോടെ അവള്‍ക്ക് ചുറ്റും നീന്തിത്തുടിച്ചു. കരയില്‍ നില്‍ക്കുന്ന മറ്റ് ചെടികളോട് അവള്‍ക്ക് സഹാനുഭൂതി തോന്നി. തന്നെപ്പോലെ ഭാഗ്യവതി ആകുവാന്‍ അവര്‍ക്കൊന്നും ആയില്ലല്ലോ എന്ന അഹങ്കാരത്തോടെ അവള്‍ ആമ്പലിനെ ഇടക്കിടക്ക് ഒളികണ്ണിട്ടു നോക്കി തലയാട്ടി നിന്നു.

ജലത്തില്‍ കുറച്ചധികം സമയം നിന്ന് കഴിഞ്ഞപ്പോള്‍ റോസാച്ചെടിയുടെ വേരുകള്‍ മെല്ലെ ചീഞ്ഞുതുടങ്ങി. തന്റെ കാലുകളില്‍ നിന്ന് മെല്ലെ മുകളിലേക്ക് പടരുന്ന വേദന അവള്‍ തിരിച്ചറിഞ്ഞു തുടങ്ങി. തന്റെ വേരുകളും ശരീരവും ചീഞ്ഞു തുടങ്ങുകയാണ് എന്ന യാഥാര്‍ത്ഥ്യം അവള്‍ മനസിലാക്കി. വിടര്‍ന്നു നിന്നിരുന്ന മനോഹരങ്ങളായ തന്റെ പൂക്കള്‍ വാടി അടര്‍ന്നു വെള്ളത്തിലേക്ക് വീഴുന്നത് അവള്‍ കണ്ടു. സമയം കടന്നുപോകെ ജലത്തില്‍ ചിലവഴിക്കുവാനുള്ള കഴിവില്ലാത്ത അവളുടെ ശരീരം ചീഞ്ഞഴുകി ജലത്തിലേക്ക് ചേര്‍ന്നു.

സ്റ്റേജില്‍ അതിഗംഭീരമായി കോമഡി അവതരിപ്പിക്കുന്ന ഒരു കൊമേഡിയനോട് കാണികളിലൊരാള്‍ ചോദിച്ചു ”എന്ത് കൊണ്ട് താങ്കള്‍ക്ക് ചാര്‍ളി ചാപ്ലിനെപ്പോലെ ആകാന്‍ ശ്രമിച്ചു കൂടാ. അങ്ങനെ ആയാല്‍ നിങ്ങളെ കൂടുതല്‍ ആളുകള്‍ ആസ്വദിക്കും, നിങ്ങള്‍ ലോകം മുഴുവന്‍ അറിയപ്പെടും.”

കൊമേഡിയന്‍ മറുപടി പറഞ്ഞു ”ചാപ്ലിന്‍ എത്ര ശ്രമിച്ചാലും ഞാനാകുവാന്‍ കഴിയില്ല. ഞാന്‍ എത്ര ശ്രമിച്ചാലും ചാപ്ലിനും ആകില്ല. ചാപ്ലിനാകുവാന്‍ ശ്രമിക്കുംതോറും ഞാന്‍ ഞാനല്ലാതെയായി മാറും. ഞാന്‍ ഞാനായി നിലനിക്കുന്നത് തന്നെയാണ് നല്ലത്. ഞാന്‍ മറ്റൊരാളാകാന്‍ ശ്രമിക്കുംതോറും എന്റെ അസ്തിത്വം ഇല്ലാതെയായിക്കൊണ്ടിരിക്കും.”

നിങ്ങള്‍ എന്തുകൊണ്ട് മറ്റൊരാളെപ്പോലെയായില്ല? എന്ന ചോദ്യം അപ്രസക്തവും വിഡ്ഢിത്തവുമാണ്. ഭൂമിയിലെ ഏറ്റവും വികലമായ ചിന്തയുടെ ബഹിസ്ഫുരണം കൂടിയാണ് ആ ചോദ്യം. നീ അവനെപ്പോലെയാകൂ എന്നതിന് പകരം നീ നീയാകൂ എന്ന് ആരും പറയുന്നില്ല. ഒന്നും മറ്റൊന്നിനു തുല്യമല്ല. ഒന്നും മറ്റൊന്നല്ല. കാഴ്ചകളില്‍ ഒന്നുതന്നെ എന്ന് തോന്നുന്നവ പോലും അങ്ങനെയല്ല.

ഇനി മറ്റൊരാളാട് നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെയാകുന്നില്ല എന്ന് ചോദിക്കുന്നതിന് മുന്‍പ് ഒന്നാലോചിക്കുക, കാരണം ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയൊരു വിഡ്ഢിത്തമാണ് നാവിന്‍ തുമ്പില്‍. ഓരോരുത്തരും അവരായി തന്നെ ജീവിക്കട്ടെ. അവനവന്റെ വഴികള്‍ കണ്ടെത്തുന്നവരാണ് ഈ ലോകത്തെ മുന്നോട്ട് നയിക്കുന്നത്. ഓരോരുത്തരും അവരുടെ വഴികള്‍ കണ്ടെത്തട്ടെ. അവരായി ജീവിക്കട്ടെ.

 

Leave a comment