കേരളത്തിന്റെ ബിസിനസ് ഭൂപടത്തിലേക്ക് കൂടുതല്‍ ”പിങ്ക് സംരംഭകര്‍” കടന്നു വരട്ടെ

ആയിഷക്ക് പ്രായം അന്‍പതിനോടടുത്തുണ്ട്. പഠിക്കുന്ന രണ്ട് കുട്ടികളേയും ആയിഷയേയും തനിച്ചാക്കി രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരണമടഞ്ഞു. മലപ്പുറത്തുള്ള അഞ്ചു സെന്റ് സ്ഥലവും ചെറിയ ഒരു വീടുമാണ് ആകെയുള്ള സമ്പാദ്യം. പ്രതീക്ഷകളൊന്നുമില്ലാത്ത ശൂന്യമായ ഭാവി മാത്രം മുന്നില്‍. കുട്ടികളെ പുലര്‍ത്താനും പഠിപ്പിക്കാനും മറ്റൊരു മാര്‍ഗ്ഗവും കാണാതെയായപ്പോള്‍ ആയിഷ ചെറിയൊരു ബിസിനസ് ആരംഭിച്ചു.

പാചകത്തിനാവശ്യമായ അരിപ്പൊടിയും മറ്റ് കറിപ്പൊടികളും പൊടിച്ച് പാക്കറ്റിലാക്കി വില്‍പ്പന തുടങ്ങി. ഉത്പന്നങ്ങളുടെ മേന്മ കച്ചവടം പച്ച പിടിപ്പിച്ചു. ഭര്‍ത്താവ് മരിച്ചതും ഉപേക്ഷിച്ചതുമായ സ്ത്രീകളുടെ ഒരു കൂട്ടം ആയിഷ ഉണ്ടാക്കി. അവരാണിപ്പോള്‍ ആയിഷയുടെ ഉത്പന്നങ്ങള്‍ മാര്‍ക്കെറ്റ് ചെയ്യുന്നത്. ആയിഷയുടെ വ്യവസായം ഇപ്പോള്‍ ഇരുപതോളം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നു. നല്ല രീതിയില്‍ നടക്കുന്ന ബിസിനസ് ഇപ്പോള്‍ വിപുലീകരിക്കുവാനുള്ള പദ്ധതിയിലാണ് ആയിഷ.

കേരളത്തില്‍ നടക്കുന്ന മിക്കവാറും എല്ലാ ബിസിനസ് മീറ്റുകളിലേയും ട്രെയിനിംഗ് പ്രോഗ്രാമുകളിലേയും സജീവ സാന്നിദ്ധ്യമാണ് ഇന്ന് ആയിഷ. തന്റെ ബിസിനസ് വിപുലീകരിക്കുവാനും മെച്ചപ്പെടുത്തുവാനുമുള്ള ഒരു പാത കണ്ടെത്താനുള്ള യാത്ര. തന്റെ മുന്നില്‍ വഴിമുട്ടി നിന്ന ജീവിതത്തെ ആത്മധൈര്യത്തോടെയും പ്രത്യാശയോടെയും നേരിട്ട ആയിഷ കേരളത്തിലെ സ്ത്രീകള്‍ക്ക് ഒരു പാഠപുസ്തകമായി മാറുന്നു.

കേരളത്തിന്റെ സ്ത്രീശക്തി

മൂന്നരക്കോടി വരുന്ന കേരളത്തിന്റെ ജനസംഖ്യയില്‍ വലിയൊരു ശതമാനവും സ്ത്രീകളാണ്. ഇത് 1.80 കോടി വരും എന്നതാണ് ഏകദേശക്കണക്ക്. ദേശീയ ശരാശരിക്കും മേലിലാണ് കേരളത്തിലെ സ്ത്രീജനസംഖ്യ. പുരുഷന്മാരേക്കാള്‍ സ്ത്രീകളുള്ള ഒരു സംസ്ഥാനമായി കേരളം കണക്കാക്കപ്പെടുന്നു. സാക്ഷരതയുടെ തോതിലും കേരളത്തിലെ സ്ത്രീകള്‍ ഏറെ മുന്നിലാണ്.

നമുക്ക് ലഭ്യമായ ഈ സ്ത്രീശക്തിയെ വ്യക്തമായ കാഴ്ച്ചപ്പാടോടെ ശാക്തീകരിക്കുകയും ഉപയോഗിക്കുവാനും ചെയ്യുവാന്‍ സാധിച്ചാല്‍ അത് കേരളത്തിന് വലിയൊരു മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല. ഏറ്റവും മികച്ച മനുഷ്യവിഭവശേഷി ലഭ്യമായ ഒരു സംസ്ഥാനം എന്ന നിലയില്‍ ശാക്തീകരിക്കപ്പെട്ട ഒരു സ്ത്രീസമൂഹത്തിന് ഇവിടെ അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുവാന്‍ കഴിയും. കഴിവുള്ള സ്ത്രീകള്‍ക്ക് വളരുവാനും കേരളത്തിന്റെ സാമ്പത്തിക മേഖലക്ക് സംഭാവന നല്‍കുവാനും സാധിക്കുന്ന രീതിയില്‍ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുവാന്‍ സാധിച്ചാല്‍ കേരളം ഒരു റോള്‍ മോഡല്‍ ആയി മാറും.

ഈ സ്ത്രീശക്തിയെ നാം വേണ്ടവിധം ഉപയോഗിക്കുന്നുണ്ടോ?

ഈ ചോദ്യം അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കേണ്ട ഒന്നല്ല. സ്ത്രീശക്തിയെ ശാക്തീകരിക്കുവാന്‍ രൂപീകൃതമായിട്ടുള്ളതും നടപ്പിലായിട്ടുള്ളതുമായ പദ്ധതികളുടെ ഗുണഫലങ്ങള്‍ ധാരാളമുണ്ട്. അത്തരത്തില്‍ എടുത്തുകാട്ടപ്പെടേണ്ടതും മാതൃകയായി മാറിയതുമായ ഒരു പദ്ധതി കുടുംബശ്രീ പദ്ധതിയാണ്. ഏകദേശം അന്‍പത് ലക്ഷത്തിന് മുകളില്‍ സ്ത്രീകള്‍ ഈ പദ്ധതിയുടെ ഗുണഫലം അനുഭവിക്കുന്നു.

എങ്കില്‍ പോലും കേരളത്തിന്റെ വളര്‍ന്നുവരുന്ന സാമ്പത്തിക മേഖലക്ക് മുതല്‍ക്കൂട്ടാവുന്ന രീതിയില്‍ ഈ സ്ത്രീ വിഭവമൂലധനത്തെ നമുക്ക് ഉപയോഗിക്കുവാന്‍ സാധിച്ചിട്ടുണ്ടോ എന്നത് ഒരു സ്വയം വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. ഇന്നും കടന്നുവരാന്‍ സ്ത്രീകള്‍ മടിച്ചു നില്‍ക്കുന്ന മേഖലകളുണ്ട്. സ്ത്രീയുടെ സര്‍ഗ്ഗശക്തിയും വിദ്യാഭ്യാസവും നിപുണതകളും വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ല. ബിസിനസ് മാനേജ്മന്റ് രംഗങ്ങളില്‍ ബിസിനസില്‍ സ്ത്രീ സാന്നിദ്ധ്യം മുന്‍പത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ തന്നെ കേരളത്തിലെ സ്ത്രീ ജനസംഖ്യയും വിദ്യാഭ്യാസവും കണക്കിലെടുക്കുമ്പോള്‍ അത് തുലോം കുറവാണ്.

ഒരുക്കം വിദ്യാഭ്യാസത്തില്‍ നിന്നുതന്നെ തുടങ്ങണം

സ്വയം കണ്ടെത്താനും സ്വയം പര്യാപ്തമാകുവാനുമുള്ള മാനസികാവസ്ഥ യഥാര്‍ത്ഥത്തില്‍ ഉണ്ടാക്കിയെടുക്കേണ്ടത് വിദ്യാഭ്യാസത്തില്‍ നിന്നാണ്. നമ്മുടെ പെണ്‍കുട്ടികള്‍ വലിയ സ്വപ്നങ്ങള്‍ കാണുവാന്‍ മടിക്കുന്നു. അവരെ സ്വപ്നങ്ങള്‍ കാണുവാന്‍ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനാണ്. ബിസിനസ് പുരുഷന്‍മാരുടെ മേഖലയാണ് എന്ന് അവര്‍ കരുതുന്നു. ബിസിനസ് ചെയ്യുവാനുള്ള കഴിവുകള്‍ തങ്ങള്‍ക്കില്ല എന്നവര്‍ വിലയിരുത്തുന്നു. പഠനം കഴിഞ്ഞു ഒരു ജോലി എന്ന സ്വപ്നത്തിലേക്ക് മാത്രം ഒതുങ്ങുവാന്‍ അവര്‍ ഇഷ്ട്ടപ്പെടുന്നു.

വിദ്യാഭ്യാസം കഴിഞ്ഞു ഒരു ജോലിയുമായി കുടുംബത്തിന്റെ നിഴലില്‍ കഴിയുവാന്‍ അവരില്‍ ഒരു മാനസികാവസ്ഥ ഉടലെടുക്കുന്നുണ്ട്. ബിസിനസിന്റെ റിസ്‌ക്കും കുടുംബത്തിന്റെ പിന്തുണയില്ലായ്മയും ബിസിനസിലേക്ക് കടന്നുവരുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു. ബിസിനസ് കുടുംബങ്ങളില്‍ വ്യത്യസ്ഥമായ ഒരു മാനസികാവസ്ഥ നമുക്ക് കാണാമെങ്കിലും കേരളത്തിലെ ഭൂരിഭാഗം വരുന്ന കുടുംബങ്ങളില്‍ സ്ത്രീബിസിനസിനോട് ആഭിമുഖ്യമുള്ള കുടുംബങ്ങള്‍ വളരെ കുറവാണ്.

വിദ്യാഭ്യാസത്തില്‍ തന്നെ ബിസിനസ് നിപുണതകള്‍ സ്ത്രീകളില്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. ബിസിനസ് മാനേജ്മന്റ് പഠിക്കുന്ന സ്ത്രീകള്‍ തന്നെ അത് ജോലിക്കായുള്ള ഒരു മാര്‍ഗ്ഗം മാത്രമായാണ് കാണുന്നത്. സംരംഭകത്വം സ്ത്രീകളെ പഠിപ്പിക്കുവാന്‍ വിദ്യാഭ്യാസ പ്രക്രിയകള്‍ക്ക് സാധിക്കണം. ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ വിവിധങ്ങളായ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും അവ എത്രത്തോളം സ്ത്രീകളിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട് എന്ന് വിലയിരുത്തപ്പെടണം.

ബിസിനസിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ സ്ത്രീകള്‍ എത്തണം

കേരളത്തില്‍ ബിസിനസുകളിലെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. വളരെ അപൂര്‍വ്വമായുള്ള ചിലരെ ചൂണ്ടിക്കാട്ടി നാം ഉത്തരം പറയേണ്ട ഒന്നല്ല ഇത്. കേരളത്തിലെ സ്ത്രീകളുടെ സംഖ്യയും വിദ്യാഭ്യാസ നിലവാരവും നാം എടുക്കുമ്പോള്‍ ഇത് വളരെ തുച്ഛമാണ്. ബിസിനസ് മാനേജ്മന്റ് പഠിച്ച സ്ത്രീകള്‍ പോലും ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് എത്തുന്നത് വളരെ വിരളമാകുന്നു. നമ്മുടെ കുടുംബ, സാമൂഹ്യ അന്തരീക്ഷം ഇതിന് വിലങ്ങുതടിയാകുന്നുണ്ടോ?

പുരുഷന്മാരേക്കാള്‍ മികച്ച വില്പ്പനക്കാര്‍ സ്ത്രീകളാണ് എന്ന് പറയാറുണ്ട്. എന്നാല്‍ മാര്‍ക്കെറ്റിങ്ങില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന എത്ര സ്ത്രീജനങ്ങള്‍ നമുക്കുണ്ട്? നൈസര്‍ഗ്ഗികമായ അവരുടെ കഴിവുകള്‍ പോലും നാം ഉപയോഗിക്കുന്നില്ല. മാര്‍ക്കെറ്റിംഗ് ചിലപ്പോള്‍ നിരന്തരമായ യാത്രകള്‍ ആവശ്യമുള്ള ഒരു മേഖലയാണ്. സന്ധ്യ മയങ്ങിയാല്‍ പെണ്‍കുട്ടികള്‍ വീട്ടില്‍ കയറണം എന്ന മാനസികാവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ആ കെട്ടുകള്‍ പൊട്ടിച്ചു ഇത്തരം ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പെണ്‍കുട്ടികള്‍ മടിക്കുന്നു. ഇവിടെ മാറേണ്ടത് ഒരു സമൂഹം അങ്ങനെതന്നെയാണ്.

സമൂഹവും മാറ്റങ്ങള്‍ വരുത്തണം

തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ സ്ത്രീകളെ ശാക്തീകരിക്കുന്ന നിലയിലേക്ക് കാഴ്ചപ്പാടും മാനസികാവസ്ഥയും മാറ്റുവാന്‍ സമൂഹവും തയ്യാറാവേണ്ടതുണ്ട്. സ്വതന്ത്രമായും നിര്‍ഭയമായും സ്ത്രീകള്‍ക്ക് സഞ്ചരിക്കുവാനും താമസിക്കുവാനുമുള്ള സൗകര്യങ്ങള്‍ ഉടലെടുക്കണം. സ്ത്രീകള്‍ രാത്രി സഞ്ചരിക്കുന്നതും ഹോട്ടല്‍ റൂമുകളില്‍ താമസിക്കുന്നതും സദാചാരക്കണ്ണുകളോടെ വീക്ഷിക്കുന്ന ഒരു സമൂഹത്തില്‍ അവരെ ചങ്ങലക്കിടുവാന്‍ കുടുംബങ്ങള്‍ ജാഗരൂകരാകുന്നു. ഇത് സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്.

ഒരു പുരുഷനെപ്പോലെ തന്നെ സ്ത്രീക്കും ഏത് രാത്രികളിലും സ്വതന്ത്രമായി, ഭയമില്ലാതെ സഞ്ചരിക്കുവാന്‍ സാധിക്കട്ടെ. അവള്‍ക്ക് തലചായ്ക്കുവാന്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ഹോട്ടലുകള്‍ ഉയരട്ടെ. നമുക്കവയെ പിങ്ക് ഹോട്ടലുകള്‍ എന്ന് വിളിക്കാം. അവരുടെ വളര്‍ച്ചക്ക് ഈ സ്വാതന്ത്ര്യം വഴിതെളിക്കും. പുരുഷന് ലഭിക്കുന്ന അതേ സാമൂഹ്യ സുരക്ഷിതത്വം സ്ത്രീക്ക് ലഭിക്കുന്നുണ്ടോ എന്നത് അവളെ ശാക്തീകരിക്കുന്ന വേളയില്‍ നാം ആലോചിക്കേണ്ടതാണ്.

സമൂഹത്തില്‍ വരുന്ന ഈ മാറ്റം ഏതൊരു ജോലിയും ഒരു പുരുഷനെപ്പോലെ കൈകാര്യം ചെയ്യുവാന്‍ അവരെ പ്രാപ്തരാക്കും. ജോലിയിടങ്ങളില്‍, വഴികളില്‍, അന്തിയുറങ്ങുന്ന ഇടങ്ങളില്‍ ഒക്കെ ലഭിക്കുന്ന ഈ സുരക്ഷിതത്വം മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും ഭയത്തില്‍ നിന്ന് അവര്‍ക്ക് മോചനം നല്‍കും. ഇത് പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് കടന്നുവരുവാനും വളരുവാനും അവര്‍ക്ക് അവസരമൊരുക്കും.

സംരംഭകത്വത്തിലേക്ക് സ്ത്രീകള്‍ കടന്നു വരട്ടെ

ബിസിനസ് ആണ്‍കുട്ടികള്‍ക്കുള്ളതാണ് പെണ്‍കുട്ടികള്‍ കുടുംബം നോക്കി കഴിഞ്ഞാല്‍ മതി എന്ന കാഴ്ച്ചപ്പാടൊക്കെ മാറി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിസിനസിലേക്ക് കടന്നു വരുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. കേരളത്തിന്റെ ബിസിനസ് മണ്ഡലത്തില്‍ നിറഞ്ഞ ശോഭയോടെ ചൂണ്ടിക്കാണിക്കാവുന്ന ഒരുപാട് വനിതാരത്‌നങ്ങള്‍ വന്നു കഴിഞ്ഞു.

കുടുംബപരമായി ബിസിനസ് കൊണ്ടുനടക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായ ചിന്താഗതിയാണ് ബിസിനസ് പാരമ്പര്യമില്ലാത്ത കുടുംബങ്ങളുടേത്. അത്തരം കുടുംബങ്ങള്‍ ബിസിനസിലേക്ക് കടന്നു വരാന്‍ മടിക്കുന്നു. ആണ്‍കുട്ടികള്‍ തന്നെ ബിസിനസിലേക്ക് വരുന്നതിനെ അവര്‍ പേടിക്കുന്നു. പിന്നെയാണ് പെണ്‍കുട്ടികളുടെ കാര്യം. അവര്‍ക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ് പെണ്‍കുട്ടികള്‍ ബിസിനസിലേക്ക് കടന്നു വരുന്നത്. യാതൊരു ബിസിനസ് പാരമ്പര്യവുമില്ലാത്ത കുടുംബങ്ങളില്‍ നിന്നും വന്ന എത്രയോ സ്ത്രീകള്‍ ബിസിനസില്‍ വിജയം വരിച്ചിരിക്കുന്നു. എങ്കിലും ഇത്തരം കുടുംബങ്ങളുടെ ആദ്യത്തെ ഓപ്ഷന്‍ ഒരിക്കലും ബിസിനസല്ല.

പുരുഷന്മാര്‍ ബിസിനസിലേക്ക് കടന്നു വരുമ്പോള്‍ കുടുംബങ്ങള്‍ നല്‍കുന്ന പിന്തുണ സ്ത്രീകള്‍ക്കും ലഭ്യമാകണം. കുടുംബത്തിന്റെ പിന്തുണയാണ് ഏത് സ്ത്രീയുടെയും ശക്തി. സ്വയം പര്യാപ്തയായ നിലയിലേക്ക് സ്ത്രീയെ മാറ്റിയെടുക്കേണ്ട പ്രാഥമിക ചുമതല കുടുംബത്തിനും സമൂഹത്തിനുമാണ്. ബിസിനസിന്റെ വലുപ്പമല്ല ഇവിടെ പ്രാധാന്യം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ചെറിയ ബിസിനസുകളിലേക്ക് ധാരാളം സ്ത്രീകള്‍ കടന്നുവരുന്നുണ്ട്. കുടുംബശ്രീ പോലുള്ള സംരംഭങ്ങള്‍ അതിന് ശക്തമായ ഒരു കാരണമാണ്. തങ്ങള്‍ക്ക് കൈകാര്യം ചെയ്യുവാന്‍ സാധ്യമായ വലുപ്പത്തിലുള്ള ബിസിനസുകള്‍ ആരംഭിക്കുകയും അത് പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയാണ് ശരിയായ ഒരു ബിസിനസ് മോഡല്‍.

ഓരോ വീട്ടിലും ഓരോ സംരംഭമാകാം

കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കില്‍ ഓരോ വീടും ഓരോ സംരംഭത്തിന്റെ അടിത്തറയാകും. സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നും ആരംഭിക്കാവുന്ന സംരംഭങ്ങള്‍ കുടുംബത്തിന് മറ്റൊരു വരുമാന മാര്‍ഗ്ഗം കൂടി തുറക്കും. കേരളത്തിന്റെ തനിമയായ ഉത്പന്നങ്ങള്‍ മുതല്‍ ഏതൊരു പുതിയ ആശയവും സ്വീകരിക്കാം. ആയിഷയെ പോലെ ഭക്ഷ്യഉത്പന്നങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കാം, റോസ് മേരിയെ പോലെ ഡേ കെയര്‍ തുടങ്ങാം, റീനയെപ്പോലെ തയ്യല്‍ക്കട ആരംഭിക്കാം, മീനുവിനെപ്പോലെ ഡാന്‍സ് ക്ലാസ് തുടങ്ങാം എന്തൊക്കെ എന്തൊക്കെ സാദ്ധ്യതകള്‍. മാനസികമായി നാം തയ്യാറെടുത്താല്‍ അനന്തമായ സാധ്യതകളാണ് ബിസിനസുകള്‍ക്കുള്ളത്. വീട്ടിലുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ നമുക്ക് ലോകം മുഴുവന്‍ വില്ക്കാം. ലോകകമ്പോളം നമുക്ക് മുന്നില്‍ തുറന്നു കിടക്കുന്നു.

”പിങ്ക് സംരംഭകര്‍”

കേരളത്തില്‍ പിങ്ക് സംരംഭങ്ങള്‍ (സ്ത്രീകള്‍ നയിക്കുന്ന സംരംഭങ്ങള്‍) ഉയരണം. സ്ത്രീകള്‍ ധൈര്യമായി ബിസിനസിലേക്ക് കടന്നുവരണം. വിദ്യാഭ്യാസത്തിലൂടെ തന്നെ അതിനായി അവരെ തയ്യാറെടുപ്പിക്കുവാന്‍ നമുക്ക് കഴിയണം. മതിയായ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തണം. സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് വ്യത്യാസം സംഭവിക്കണം. പിങ്ക് സംരംഭകര്‍ക്ക് കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ രംഗങ്ങളില്‍ വിപ്ലവം സൃഷ്ട്ടിക്കുവാന്‍ സാധിക്കണം.

സ്ത്രീകള്‍ നയിക്കുന്ന ”പിങ്ക് സംരംഭങ്ങള്‍” കുടുംബങ്ങളെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കും. സ്ത്രീകള്‍ ധൈര്യപൂര്‍വ്വം ബിസിനസിലേക്ക് കടന്നുവരികയാണ് വേണ്ടത്. അതിനവരെ തടുക്കുന്ന ചങ്ങലകള്‍ ഒഴിവാക്കുവാന്‍ കുടുംബങ്ങള്‍ക്കും സമൂഹത്തിനും കഴിയണം. വിജയിച്ച ഒരുപാട് ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. അവ കണ്ടുപഠിക്കുവാന്‍ നാം തയ്യാറാവണം. വലിയൊരു മാറ്റത്തിന് നാം തയ്യാറെടുത്താല്‍ അത് നടപ്പിലാക്കുവാന്‍ ശക്തമായ സ്ത്രീ വിഭവശേഷി നമുക്കുണ്ട്.

പിങ്ക് സംരംഭകര്‍ കടന്നു വരട്ടെ. ബിസിനസിലൂടെ സ്ത്രീശാക്തീകരണം സംഭവിക്കട്ടെ. കേരളം ഒരു മാതൃകയാവട്ടെ.
 

Leave a comment