കംഗാരു ബിസിനസ്

ഇന്ത്യ കണ്ട ഏറ്റവും വലിയ ബിസിനസ് ദാര്‍ശനികനായ രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലായിരുന്നു ടാറ്റ എന്ന വ്യവസായം ഇന്ത്യ എന്ന കേന്ദ്രബിന്ദുവിന് ചുറ്റും നിന്ന് കറങ്ങുന്ന ബിസിനസ് എന്നതില്‍ നിന്നും ആഗോളതലത്തിലേക്കുയര്‍ന്നത്

നവീനതയെ രണ്ടുകൈകളും കൂട്ടി നെഞ്ചോട് ചേര്‍ത്തുവെച്ച ഒരു വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റ. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റ ടീ ടെറ്റ്‌ലി (Tetley) യേയും ടാറ്റ മോട്ടോഴ്‌സ് ജാഗ്വാര്‍ ലാന്‍ഡ് റോവറേയും ടാറ്റ സ്റ്റീല്‍സ് കോറസ്സിനേയും ഏറ്റെടുത്തു. ഈ ഏറ്റെടുക്കലിലൂടെ ടാറ്റ എന്ന ഇന്ത്യന്‍ സ്ഥാപനം ലോക വ്യവസായ ഭൂപടത്തിന്റെ നെറുകയിലേക്കുയര്‍ന്നു

ടാറ്റ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പടിയിറങ്ങിയ രത്തന്‍ ടാറ്റ തന്റെ സ്വകാര്യ സ്വത്തില്‍ നിന്നും വലിയൊരു തുക 20തിലധികം സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിക്ഷേപിച്ചു. ഭാവിയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന കമ്പനികള്‍ തെരഞ്ഞെടുത്താണ് രത്തന്‍ ടാറ്റ മുതല്‍ മുടക്കിയത്. അദ്ദേഹത്തിന്റെ ഈ തീരുമാനം ഇന്ത്യന്‍ വ്യവസായ ലോകത്തിന് വലിയൊരു മാതൃകയായി മാറി. വിജയിക്കുവാന്‍ ശക്തിയുള്ള പുതിയ ആശയങ്ങളുമായി ബിസിനസ് രംഗത്ത് കാലുറപ്പിക്കുവാന്‍ ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന അദ്ദേഹത്തിന്റെ ഈ തീരുമാനം പുതുമയേയും പുത്തന്‍ ആശയങ്ങളേയും സ്‌നേഹിക്കുന്ന രത്തന്‍ ടാറ്റ എന്ന വ്യക്തിയെ അറിയുന്നവര്‍ക്ക് ഒരിക്കലും ഒരത്ഭുതമായി മാറിയില്ല.

ഇവിടെ രത്തന്‍ ടാറ്റ തുറന്നിട്ട ഒരു വാതായനമുണ്ട്. ഇതിലൂടെ നമുക്ക് ഈ ലോകത്തെ നോക്കിക്കാണാം. അദ്ദേഹം കാണിച്ചു തന്ന ഈ മാതൃക നാം പകര്‍ത്തിയാല്‍ ഇന്ത്യയുടെ ബിസിനസ് ചരിത്രം മാറ്റിയെഴുതപ്പെടും.

വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടില്‍ ബിസിനസിന് പുതിയൊരു ചരിത്രം രചിക്കുവാന്‍ നമുക്ക് സാധിക്കും. നമ്മുടെ ബിസിനസുകള്‍ക്ക് അനന്തമായ സാദ്ധ്യതകള്‍ തുറന്നിടുവാന്‍ കഴിവുള്ള പ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. ഒരു സംസ്ഥാനത്തിന്റേയോ രാജ്യത്തിന്റേയോ അതിര്‍ത്തികളില്‍ നിന്നും മുക്തരായി ആഗോള ബിസിനസ് കമ്പോളത്തിന്റെ അനന്ത സാധ്യതകളിലേക്ക് നമുക്ക് വളരാം. അതിനായി നമ്മുടെ കാഴ്ചപ്പാടുകളും ചിന്തകളും വികസിതമാവണം.

വിജയിക്കപ്പെട്ട ഒരു ബിസിനസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പുതിയ ആശയങ്ങളും പുതുമകളും അനിവാര്യമാണ്. മൂലധനത്തിന്റെ ശ്രദ്ധയോടുള്ള നിക്ഷേപം വളരെ പ്രധാനമാണ്. ബിസിനസിന്റെ വികസനം മൂലധനത്തിന്റെ കരുതലോടെയുള്ള ഈ നിക്ഷേപത്തിലൂടെ മാത്രമേ സാധ്യമാവൂ. മറ്റു ബിസിനസുകളെ ഏറ്റെടുക്കുകയാവട്ടെ, പുതിയ സംരംഭങ്ങളിലേക്ക് നിക്ഷേപിക്കുകയാവട്ടെ വികസനത്തിന്റെ പാത തെരഞ്ഞെടുക്കുമ്പോള്‍ കൃത്യമായ രൂപരേഖ ഉണ്ടായിരിക്കണം.

കയ്യില്‍ ധാരാളം മൂലധനം ഉണ്ടാവുകയും എന്നാല്‍ അവ ബിസിനസില്‍ നിക്ഷേപിക്കുവാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ കഴിയാത്ത ബിസിനസില്‍ വിജയിച്ച അനുഭവ പരിജ്ഞാനമുള്ള ബിസിനസുകാര്‍ക്ക് എന്തുകൊണ്ട് രത്തന്‍ ടാറ്റയുടെ പാത പിന്തുടര്‍ന്നുകൂടാ. പുതുമയാര്‍ന്ന, വിജയിക്കുമെന്നുറപ്പുള്ള ആശയങ്ങള്‍ തലയിലിട്ട് പണമില്ലാതെ ഉഴറുന്ന പുതുതലമുറയ്ക്ക് താങ്ങായി നിന്ന് വൈവിധ്യമാര്‍ന്ന ബിസിനസ് സംരംഭങ്ങളിലേക്ക് തന്റെ ബിസിനസ് സാമ്രാജ്യത്തെ വ്യാപിപ്പിക്കുവാന്‍ ബിസിനസുകാരനു കഴിയും.

പുതിയ ആശയങ്ങളില്‍ നിക്ഷേപിക്കട്ടെ

കയ്യില്‍ പണമുള്ള വിജയിക്കപ്പെട്ട ബിസിനസിന്റെ ഉടമയാണോ നിങ്ങള്‍? എന്നാല്‍ എന്തുകൊണ്ട് ഈ പണം പുതിയ ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളില്‍ നിക്ഷേപിച്ച് വളരുവാന്‍ ശ്രമിച്ചുകൂടാ. നൂതനമായ ആശയങ്ങളുള്ള പുതുതലമുറയ്ക്ക് നല്‍കുന്ന ഈ
പിന്താങ്ങല്‍ (Support) സ്വന്തം ബിസിനസ് സ്ഥാപനം വളര്‍ത്തുവാനും നൂതനമായ ആശയങ്ങളിലൂടെ ആഗോളതലത്തിലേക്കുയര്‍ത്തുവാനും കഴിയും.

ബുദ്ധിയില്‍ നിക്ഷേപിക്കുക

പുതുതലമുറയുടെ ബുദ്ധിയില്‍ നമുക്ക് നിക്ഷേപിക്കാം. ഇപ്പോഴുള്ള ബി സിനസിന്റെ വിഭവങ്ങള്‍ നാം ബുദ്ധിപൂര്‍വ്വം വിനിയോഗിക്കുകയാണെങ്കില്‍ വലിയ മുതല്‍ മുടക്കുകള്‍ കൂടാതെ പുതിയ സംരഭങ്ങള്‍ പടുത്തുയര്‍ത്തുവാന്‍ കഴിയും. ഇപ്പോഴുള്ള വ്യവസായ സ്ഥാപനത്തിന്റെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മുതല്‍ മനുഷ്യവിഭവശേഷി വരെ പുതിയ ബിസിനസിന് ഉപയോഗിക്കുന്നതിലൂടെ വലിയൊരു മുതല്‍ മുടക്കിന്റെ ആവശ്യകത ഇല്ലാതെയാവുന്നു. ആശയങ്ങളുള്ള വ്യക്തികളെ കണ്ടെത്തുകയും ഇപ്പോഴുള്ള ബിസിനസിന്റെ വിഭവങ്ങള്‍ (Resources) ഉപയോഗിച്ച് അവര്‍ക്കാവശ്യമായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നല്‍കുകയും ചെയ്താല്‍ ഓരോ സ്റ്റാര്‍ട്ടപ്പിനുമുള്ള ഇന്‍ക്യുബേറ്റര്‍ ഇപ്പോഴുള്ള നമ്മുടെ ബിസിനസ് സ്ഥാപനങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയും.

മുതല്‍മുടക്കുക അടിസ്ഥാന സൗകര്യത്തില്‍

ചെറിയൊരു സ്ഥലം മാത്രം മതി പുതിയ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍, യുവസംരംഭകര്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കേണ്ടത് ഇന്‍ഫ്രാസ്ട്രക്ച്ചറിലാണ്. ഇത് ലാഭിക്കുവാന്‍ നമുക്ക് സ്റ്റാര്‍ട്ടപ്പിന്റേയും ഇപ്പോഴുള്ള ബിസിനസിന്റേയും വിഭവങ്ങളുടെ സംയോജനത്തിലൂടെ സാധിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ സ്ഥലവും സൗകര്യങ്ങളും വലിയ മുതല്‍ മുടക്കില്ലാതെ നല്‍കുവാന്‍ ഇന്ന് പല ബിസിനസുകള്‍ക്കും വളരെ ബു ദ്ധിമുട്ടില്ലാതെ സാധിക്കും. കുറഞ്ഞ ചെലവില്‍ വലിയൊരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുവാന്‍ ഈ തന്ത്രത്തിലൂടെ നിലവില്‍ അടിസ്ഥാന സൗകര്യങ്ങളുള്ള ബിസിനസുകള്‍ക്ക് കഴിയും. പണം മുടക്കുവാന്‍ കഴിവില്ലാത്ത മിടുമിടുക്ക•ാര്‍ക്ക് ഇതൊരു വരദാനമായി മാറും. അവരുടെ ബുദ്ധിയും ബിസിനസുകാരന്റെ വിഭവങ്ങളും കൂടിച്ചേരുമ്പോള്‍ ഓരോ വ്യവസായവും ഓരോ ഇന്‍ക്യുബേറ്ററായി മാറും.

വിജയിക്കുന്ന ആശയങ്ങള്‍ കണ്ടെത്തുക

മിടുക്കര്‍ക്കായി വാതിലുകള്‍ തുറന്നിടുക. നിങ്ങള്‍ക്കു മുന്നില്‍ അവര്‍ ആശയങ്ങള്‍ അവതരിപ്പിക്കട്ടെ. വിജയിക്കുമെന്നുറപ്പുള്ള ആശയങ്ങള്‍ വളരുവാന്‍ എന്തുകൊണ്ട് നമ്മുടെ ഇപ്പോഴുള്ള പ്രസ്ഥാനങ്ങളെ ഉപയോഗിച്ചുകൂടാ. ചെറിയൊരു ഓഫീസ് മതിയാവും ഇത്തരമൊരു ആശയത്തിന് ലോകം മുഴുവന്‍ കീഴടക്കുന്ന ഒരു സംരംഭമാകുവാന്‍. ഈ പാര്‍ട്ട്ണര്‍ഷിപ്പ് രണ്ടുപേര്‍ക്കും ഒരുപോലെ ഗുണകരം. പുതിയ പാതകളിലേക്ക് പുതിയ ലോകത്തിലേക്ക് തന്റെ ബിസിനസിനെ പായിക്കുവാന്‍ എന്തുകൊണ്ട് പുതു തലമുറയുടെ ബുദ്ധിയില്‍ നമുക്ക് നിക്ഷേപിച്ചുകൂടാ? കംഗാരു തന്റെ കുട്ടിയെ ശരീരത്തില്‍ കൊണ്ടുനടക്കുന്നതുപോലെ ഈ സ്റ്റാര്‍ട്ടപ്പ് നമ്മുടെ ബിസിനസിനും കൊണ്ടു നടക്കാം. ഓരോ ബിസിനസും കംഗാരുവിനെ പോലെയാവട്ടെ.

 

 

 

Leave a comment