ചിന്തിക്കുന്ന ബിസിനസുകള്‍

ഇവിടെ പിടിച്ചു നില്‍ക്കുവാന്‍ മാറ്റങ്ങള്‍ കൂടിയേ കഴിയൂ. നിങ്ങളുടെ ബിസിനസ് ‘ചിന്തിക്കുന്ന ബിസിനസാണോ’… ചിന്തിക്കൂ

ബിസിനസുകള്‍ക്ക് ചിന്തിക്കുവാന്‍ കഴിയുമോ? കേള്‍ക്കുമ്പോള്‍ തികച്ചും ഭ്രാന്തമായ ആശയം. ഒരു വ്യക്തി ചിന്തിക്കുന്നതുപോലെ ചിന്തിക്കുവാനും പെരുമാറുവാനും ബിസിനസുകള്‍ക്ക് എങ്ങനെ കഴിയും. ബിസിനസ് എന്നുപറയുന്നത് സമഗ്രമായ ഒരു ആശയത്തിന്റെ മൂര്‍ത്തരൂപമാകുന്നു. സാമാന്യ സങ്കല്‍പ്പത്തിന്റെ (Concept) പ്രായോഗികതലത്തിലുള്ള പ്രയോഗവും (Application) വിഭവങ്ങളും (Resources) മനുഷ്യ വിഭവശേഷിയുടെ പ്രയത്‌നവും ഒത്തുചേര്‍ന്ന സമ്പൂര്‍ണമായ ഒരു ആവാസവ്യവസ്ഥ (Ecsoystem) യാണ് ബിസിനസ് എന്ന് നമുക്ക് കാണുവാന്‍ കഴിയും. പരസ്പരവും ചുറ്റുപാടുകളുമായും സംവേദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതിനൊപ്പം പരസ്പരം അഭിവൃദ്ധിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഗുണഫലങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന ഉത്തമമായ ഒരു ആവാസവ്യവസ്ഥ.

ആവാസവ്യവസ്ഥയിലെ ഓരോ ഘടകവും തങ്ങളുടെ ചുമതലകളെക്കുറിച്ച് കൃത്യമായ ബോധം പുലര്‍ത്തുകയും വ്യവസ്ഥയുടെ ഒരുമിച്ചുള്ള ലക്ഷ്യപ്രാപ്തിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്നത് ‘സമഷ്ടിയായ മനസാണ്’ (Collective Mind). ഒരുമിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ആവാസവ്യവസ്ഥ തന്നെയാകുന്നു ബിസിനസ്.

ബിസിനസില്‍ സദാസമയവും നിലനില്‍ക്കുന്ന, പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ഈ കളക്ടീവ് മൈന്‍ഡ് നമ്മുടെ ബോധതലത്തിലേക്കും ശ്രദ്ധയിലേക്കും എത്തിയാല്‍ മാത്രമേ ഇതിന്റെ യഥാര്‍ത്ഥവും ശക്തവു മായ പ്രായോഗിക ഉപയോഗത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയുകയുള്ളൂ. ചെറിയൊരു ബിസിനസില്‍ ആശയങ്ങളുടെ രൂപീകരണവും പ്രയോഗവും കുറച്ച് വ്യക്തികളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ വലിയ ബിസിനസുകളില്‍ ഇവ ഒരുപാട് തലങ്ങളിലേക്ക് വ്യാപീകരിക്കപ്പെട്ടിരിക്കുന്നു. ബിസിനസിന്റെ നാഡീവ്യവസ്ഥയെന്ന് വേണമെങ്കില്‍ നമുക്കിതിനെ സൂചിപ്പിക്കാം. ഇത്തരമൊരു നാഡീവ്യവസ്ഥയുടെ സൂക്ഷ്മമായ രൂപീകരണവും പ്രയോഗവും ബിസിനസുകളെ ‘ചിന്തിക്കുന്ന ബിസിനസു’കളാക്കി മാറ്റുന്നു.

ഏതൊരു ബിസിനസിനും ഒരു സ്വാഭാവിക വളര്‍ച്ചയുണ്ട്. (Natural Growth). മാര്‍ക്കറ്റിനാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുവാന്‍ കഴിയുന്ന ബിസിനസുകള്‍ സ്വാഭാവികമായ വളര്‍ച്ച നേടുന്നു. ഈ സ്വാഭാവിക വളര്‍ച്ച ഉല്‍പ്പന്നങ്ങളുടേയോ സര്‍വീസുകളുടേയോ ആവശ്യകത യിലെ വ്യത്യാസം, ജനസംഖ്യയുടെ വര്‍ധനവ് എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. യാതൊരു ശ്രമവും ആവശ്യമില്ലാതെ തന്നെ ഇവിടെ ബിസിനസുകള്‍ സ്വാഭാവിക വളര്‍ച്ച നേടുന്നു. എന്നാല്‍ ഇത്തരം സ്വാഭാവിക വളര്‍ച്ച ഭാവിയിലേക്കുള്ള ഉന്നതിയും ഗ്യാരന്റിയുമാണെന്ന തെറ്റിദ്ധാരണ ബിസിനസുകാരനില്‍ സൃഷ്ടിക്കപ്പെടുകയും ബിസിനസ് മയോപിയയ്ക്ക് (ഹ്രസ്വദൃഷ്ടി) അടിമപ്പെടുകയും ചെയ്യുന്നു. അത്തരമൊരു ബിസിനസിനെ നമുക്ക് ചിന്തിക്കുന്ന ബിസിനസ് എന്ന വിശേഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതായി വരും.

ചിന്തിക്കുന്ന ബിസിനസുകള്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ ബിസിനസില്‍ അവലംബിച്ചിരിക്കുന്ന വ്യവസ്ഥകളിലും പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടല്ലാതെ ദീര്‍ഘകാല അഭിവൃദ്ധിയിലേക്ക് എത്തിപ്പെടാന്‍ സാധ്യമാകില്ല എന്ന് മനസിലാക്കി തുടങ്ങുന്നിടത്ത് ചിന്തിക്കുന്ന ബിസിനസുകള്‍ രൂപംകൊള്ളുന്നു. മാറ്റം അനിവാര്യമാണെന്നും അവ സമയാസമയങ്ങളില്‍ ആവശ്യമായ രൂപത്തില്‍ പ്രയോഗിക്കപ്പെട്ടില്ലെങ്കില്‍ ബിസിനസ് സ്വാഭാവിക വളര്‍ച്ചയ്ക്കപ്പുറം നേടില്ലായെന്നും മനസിലാക്കുന്ന ഒരു ബിസിനസുകാരന്‍ ഒരു സംസ്‌ക്കാരത്തിന്റെ പ്രവാചകനായി മാറുന്നു.

കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെഎഫ്‌സി) തങ്ങളുടെ ഉല്‍പ്പന്നശ്രേണിയിലേക്ക് പുതിയൊരു ഗ്രില്‍ഡ് ചിക്കന്‍ കൂട്ടിച്ചേര്‍ക്കുന്നതും ടൊയോട്ട ക്വാളിസ് പിന്‍വലിച്ച് ഇന്നോവ അവതരിപ്പിക്കുന്നതും ചിന്തിക്കുന്ന ബിസിനസ് എന്ന ആശയത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമാകണം എന്ന സംസ്‌കാരത്തിന്റെ പ്രയോഗം ബിസിനസിന്റെ സമസ്ത തലങ്ങളിലും സന്നിവേശിപ്പിക്കുവാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കു കഴിയുന്നു. സ്വാഭാവികമായ വളര്‍ച്ചയേക്കാളുപരി ലോകം മുഴുവന്‍ പടര്‍ന്നുപന്തലിക്കുവാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കു കഴിയുന്ന രഹസ്യവും മറ്റൊന്നല്ല. ചിന്തിക്കുന്ന ബിസിനസുകള്‍ സ്വാഭാവിക വളര്‍ച്ചയ്ക്കായി കാത്തുനി ല്‍ക്കുന്നില്ല. അവരുടെ വളര്‍ച്ചയുടെ സ്വഭാവവും തോതും അവര്‍ നിശ്ചയിക്കുന്നു.

ചിന്തിക്കുന്ന ബിസിനസുകള്‍ നിരന്തരം തങ്ങളുടെ പ്രവൃത്തികള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കും. ചുറ്റുപാടുകളിലും പ്രതിയോഗികളിലും വരുന്ന മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നു. പഠനവും പരീക്ഷണങ്ങളും അവയുടെ സംസ്‌കാരത്തിന്റെ ഭാഗമാകുന്നു. ഗുണകരമായ പുതിയതെന്തും സ്വീകരിക്കുന്നതും ഗുണപരമല്ലാത്ത പഴയതെന്തും തിരസ്‌ക്കരിക്കുന്നതും സ്വാഭാവികമായ ഒരു പ്രക്രിയയായി മാറുന്നു. സ്ഥാപനത്തിലെ ഓരോ വ്യക്തിയും ഈ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നു. മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതുള്‍ക്കൊള്ളാഞ്ഞാല്‍ ദീര്‍ഘ കാലം നിലനില്‍പ്പില്ല എന്നുമുള്ള യാഥാര്‍ത്ഥ്യം അവരുള്‍ക്കൊള്ളുന്നു. ഓരോ പ്രക്രിയയിലും നിരന്ത രമായ മെച്ചപ്പെടുത്തല്‍ ബിസിനസിന്റെ സ്വഭാവമാകുന്നു. ഇപ്പോള്‍ നില്‍ക്കുന്ന തലത്തില്‍ നി ന്നും അടുത്ത തലത്തിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ അതും അന്തിമമല്ല എന്ന യാഥാര്‍ത്ഥ്യം ചിന്തിക്കുന്ന ബിസിനസുകള്‍ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ടുതന്നെ നിര ന്തരമായ മാറ്റങ്ങളും അഭിവൃദ്ധിയും ചിന്തിക്കുന്ന ബിസിനസുകളെ വ്യത്യസ്തരാക്കുന്നു.

ഓരോ ആവാസവ്യവസ്ഥയിലും അതിലെ ഘടകങ്ങളില്‍ കാലാനുസൃതമായ വ്യത്യാസങ്ങള്‍ സംഭവിക്കുന്നു. ഇവ അതിനെ കൂടുതല്‍ കരുത്തുറ്റതാക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. ബിസിനസിന്റെ ആവാസവ്യവസ്ഥ മനസിലാക്കുകയും അതിനെ നിരന്തമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യേണ്ടത് ചിന്തിക്കുന്ന ഒരു ബിസിനസുകാരന്റെ കടമയാണ്.

‘Cat eats rats” എന്ന കാലഘട്ടം മാറിക്കഴിഞ്ഞു. ഇപ്പോള്‍ ‘cat eats cats” ന്റെ കാലഘട്ടമാണ്. പൂച്ചകള്‍ പൂച്ചകളെ തന്നെ തിന്നുന്നു. ചാള്‍സ് ഡാര്‍വിന്റെ ‘Survival of the fittest” എന്ന സിദ്ധാന്തം ബിസിനസുകള്‍ക്കും ബാധകമാണ്. ഇവിടെ പിടിച്ചു നില്‍ക്കുവാന്‍ മാറ്റങ്ങള്‍ കൂടിയേ കഴിയൂ. നിങ്ങളുടെ ബിസിനസ് ‘ചിന്തിക്കുന്ന ബിസിനസാണോ’…ചിന്തിക്കൂ.

 

 

Leave a comment