കേരളത്തിനാവശ്യം സമൂലമായ ഒരു രൂപരേഖ

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യാവസായികാഭിവൃദ്ധിയിലേക്ക് കേരളത്തിന് കുതിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്താണ്?

സംരംഭകത്വം (Enterpreneurship) വളരെ ആഴമേറിയതും വിശാലവുമായ ഒരു ആശയമാണ്. ചെറിയൊരു ഫ്രെയിമില്‍ ഒതുക്കുവാനാവാത്ത ഉയര്‍ന്ന ഒരു തലം അതിനുണ്ട്. സംരംഭം ചെറുതോ വലുതോ ആവട്ടെ, സംരംഭകന്റെ പാത സാധാരണമോ വ്യത്യസ്തമോ ആവട്ടെ അവന്റെ അനുഭവങ്ങള്‍ക്ക് ഒരു ഏകീകൃത സ്വഭാവമുണ്ട്. തീക്ഷ്ണമായ പൊള്ളിക്കുന്ന അനുഭവങ്ങളിലൂടെയുള്ള ഒരു യാത്രയാണ് സംരംഭകത്വം. വിജയിക്കുമെന്ന് തീര്‍ച്ചപ്പെടുത്താനാവാത്ത ഒരു യാത്ര. വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ച് എല്ലാ ഒന്നാം തീയതിയും കൃത്യമായി ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന്റെ ദിനചര്യകളും മനോനിലയുമല്ല സംരംഭകനുള്ളത്. ഒരു ജോലിക്കാരനില്‍ നിന്നും വ്യത്യസ്തമായ ബഹുമുഖമായ നിപുണതകള്‍ (Skills) സംരംഭകന്‍ ആര്‍ജ്ജിച്ചേ മതിയാവൂ. എപ്പോഴും പലവിധമായ സംഘട്ടനങ്ങളാല്‍ അസ്വസ്ഥമാണ് മനസ്. ഇത്തരം വെല്ലുവിളികള്‍ മറികടന്ന് സംരംഭം വിജയിപ്പിക്കുന്ന സംരംഭകന്റെ പ്രയാണം ലളിതമായ ഒന്നായി നാം വിലയിരുത്തിക്കൂടാ.

കേരളത്തിലെ വ്യവസായികാന്തരീക്ഷം നോക്കുക. കേരളം ഒരു സംരംഭക സൗഹൃദ സംസ്ഥാനം അല്ല എന്ന പരാതി എത്രയോ വര്‍ഷങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. വ്യവസായത്തിനായി മുന്നിട്ടിറങ്ങുന്നവരോടുള്ള സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും സമീപനത്തില്‍ വ്യത്യാസമുണ്ടാവണമെന്ന പരിവേദനങ്ങള്‍ ഇടയ്ക്കിടെ ഉയര്‍ന്ന് അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യാവസായികാഭിവൃദ്ധിയിലേക്ക് കേരളത്തിന് കുതിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്താണ്? സമൂഹവും ഭരണകൂടവും ഇന്നും വ്യവസായത്തിന്റെ നേര്‍ക്ക് സ്വീകരിച്ചിരിക്കുന്ന മനോഭാവത്തിലും നയത്തിലും വ്യത്യാസങ്ങളുണ്ടാകാത്തത് എന്തുകൊണ്ടാണ്?

ഞാനിത് പറയുമ്പോള്‍ ഇതു ശരിയല്ല എന്നു ചൂണ്ടിക്കാട്ടാന്‍ ചിലപ്പോള്‍ ഉദാഹരിക്കപ്പെടാവുന്ന ചില കാര്യങ്ങളുണ്ട്. ഇന്‍ഫോ പാര്‍ക്കും ടെക്‌നോ പാര്‍ക്കും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും സ്റ്റാര്‍ട്ടപ്പ് വില്ലെജുമൊക്കെയായി ഗവണ്‍മെന്റിന്റെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ വളരെ നല്ലതു തന്നെ. എംഎസ്എം (Micro, Small and Medium) സംരംഭങ്ങളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും സ്വീകരിക്കുന്ന നടപടികളേയും കാണാതെ പോകുന്നുമില്ല. വ്യവസായ വകുപ്പും ജില്ലാ വ്യവസായ കേന്ദ്രങ്ങളും സംരംഭകത്തെ പിന്താങ്ങുന്ന ബൃഹത്തായ പദ്ധതികളും നിലനില്‍ക്കുമ്പോഴും എന്തുകൊണ്ട് കേരളത്തിന്റെ വ്യാവസായികാന്തരീക്ഷത്തില്‍ ഗുണപ്രദമായ വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. കേവലമായ ന്യായ വിചാരങ്ങള്‍ക്കപ്പുറം ഇത് ചിന്തിക്കപ്പെടേണ്ടതും ചര്‍ച്ചകള്‍ക്ക് വിധേയമാവേണ്ടതുമാണ്.

സംരംഭകത്വം തീക്ഷ്ണമായ അനുഭവം തന്നെയാണ്. സംരംഭകത്വത്തിന്റെ തുടക്കം മുതല്‍ തന്നെ പടവെട്ടുന്ന ഒരു യോദ്ധാവിന്റെ മാനസികാവസ്ഥയിലാണ് സംരംഭകന്‍. ലൈസന്‍സിംഗ് മുതല്‍ മൂലധനം കണ്ടെത്തുന്നതിനും ഉല്‍പ്പന്നം സൃഷ്ടിക്കുന്നതിനും ഉല്‍പ്പാദനത്തിനും വിപണനത്തിനും നിയമപരമായ നടപടിക്രമങ്ങള്‍ പിന്തുടരുന്നതിനും സംരംഭകന്‍ നടത്തുന്ന യുദ്ധത്തില്‍ അവനെ പിന്താങ്ങുന്നതിനും കൈത്താങ്ങായി നിലകൊള്ളുന്നതിനുമുള്ള വലിയൊരു ബാധ്യത ഗവണ്‍മെന്റിനും സമൂഹത്തിനുമുണ്ട്. ആരും ലക്ഷങ്ങള്‍ പോക്കറ്റിലിട്ടു കൊണ്ടല്ല സംരംഭങ്ങള്‍ ആരംഭിക്കുന്നത്. തലയിലുള്ള ആശയങ്ങളും ഒഴിഞ്ഞ കൈകളുമായി വ്യവസായം കെട്ടിപ്പൊക്കാന്‍ ഒരുങ്ങിയിറങ്ങുന്ന സംരംഭകനെ ഇരുകൈകളും നീട്ടി സ്വീകരിച്ച് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന മനോഗതി നിലനില്‍ക്കുന്ന സമൂഹവും വ്യവസ്ഥിതിയുമാണോ ഇന്നു നമുക്കുള്ളത് ?

കേവല മാറ്റങ്ങള്‍ക്കപ്പുറം സമൂലമായ വ്യക്തമായ രൂപരേഖയുള്ള മാറ്റങ്ങളാണ് നമുക്കാവശ്യം. തൊലിപ്പുറത്തെ ചികിത്സകൊണ്ട് ഈ രോഗം ഭേദമാകുകയില്ല. പ്രഖ്യാപനങ്ങളേക്കാളും അനാവശ്യ ചര്‍ച്ചകളെക്കാളും നമുക്കാവശ്യം ഒരു മാസ്റ്റര്‍ പ്ലാനാണ്. ഇന്നത്തെ മൊത്തം വ്യാവസായികാന്തരീക്ഷം വിലയിരുത്തി വിദഗ്ധര്‍ തയാറാക്കുന്ന യാഥാര്‍ത്ഥ്യ ബോധമുള്ള ഒരു രൂപരേഖ. സംരംഭകത്വത്തെ ത്വരിതപ്പെടുത്തുന്ന, സംരംഭകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുന്ന, സംരംഭകത്വത്തിന്റെ ബാലപാഠങ്ങളറിയാത്ത ഉദ്യോഗസ്ഥ പ്രകൃതികള്‍ തീര്‍ക്കുന്ന പത്മവ്യൂഹങ്ങള്‍ ഉടച്ചെറിയുന്ന കാതലുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിനു മാത്രമേ അതു തയാറാക്കാനും നടപ്പിലാക്കാനും കഴിയുകയുള്ളൂ.

അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ അല്ലെങ്കില്‍ വേണ്ട ദേശീയതലത്തില്‍ എടുത്തുകാട്ടാവുന്ന എത്ര വ്യവസായ സംരംഭങ്ങള്‍ കേരളത്തിനുണ്ട്. എണ്ണിത്തീര്‍ക്കാന്‍ എല്ലാ കൈവിരലുകളും ആവശ്യമില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ എടുത്തുകാട്ടാവുന്ന എത്ര വിജയ സംരംഭങ്ങളുണ്ട്. ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ശരിയാണെങ്കില്‍ കേരളം ഇന്നൊരു പറുദീസയായേനെ. എവിടെയാണ് തെറ്റു പറ്റുന്നത്. എന്തുകൊണ്ട് അവ കണ്ടെത്താനും പരിഹരിക്കാനും നമുക്ക് കഴിയുന്നില്ല. അതിനു കഴിയണമെങ്കില്‍ സംരംഭകത്വത്തിനോടുള്ള നമ്മുടെ കാഴ്ചപ്പാടുകളില്‍ വ്യത്യാസം വരണം. ഐഎഎസുകാരും ഐപിഎസുകാരും മാനേജ്‌മെന്റ് വിദഗ്ധരും നേതൃത്വം നല്‍കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്തുകൊണ്ട് നഷ്ടത്തിലാകുന്നു. ഈ സ്ഥാപനങ്ങളെ നയിക്കുന്നവര്‍ക്ക് വിവരമില്ലാത്തതു കൊണ്ടാണോ. വിദഗ്ധര്‍ നയിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയുമുണ്ടായിട്ടു കൂടി നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഏകനായി സംരംഭത്തെ നയിക്കുന്ന സ്വകാര്യമേഖലയിലെ സംരംഭകന്റെ അവസ്ഥ ആലോചിച്ചുനോക്കുക. ഗവണ്‍മെന്റും മാനേജ്‌മെന്റ് വിദഗ്ധരും യൂണിയനുമൊക്കെ ഭരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ജനങ്ങളുടെ പണം തിന്നുതീര്‍ക്കുമ്പോള്‍ സമൂഹത്തിന്റെ സാമ്പത്തിക അടിത്തറയ്ക്കായി ഖജനാവ് നിറയ്ക്കാന്‍ അക്ഷീണം പരിശ്രമിക്കുന്ന സ്വകാര്യ സംരംഭകരെ ലൈസന്‍സിംഗ് ഇനത്തിലും നികുതിയിനത്തിലും പിഴിഞ്ഞ് അവനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും തടസമില്ലാതെ ഏര്‍പ്പെടുത്തിക്കൊടുക്കാനാവാതെ ഭരണകൂടം ഏതൊരു സംസ്‌കാരത്തിലേക്കാണ് കേരളജനതയെ നയിക്കുന്നത്.

അടിസ്ഥാന മേഖലകളില്‍ പോലും വികസനമില്ലാത്ത ഒരു സംസ്ഥാനത്തിന് വ്യാവസായികമായ വലിയൊരു മുന്നേറ്റം സാധ്യമല്ല. തകര്‍ന്നു കിടക്കുന്ന റോഡുകള്‍, ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത അവസ്ഥ, കഴിവും വിദ്യാഭ്യാസവും ആവശ്യത്തില്‍ കൂടുതലുണ്ടെങ്കിലും തൊഴില്‍ സംസ്‌കാരമില്ലാത്ത ഒരു ജനത, വ്യവസായം തുടങ്ങാന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ കയറി മടുക്കുന്ന സംരംഭകര്‍, ഗുണ നിലവാരമോ സംരംഭകന് ആവശ്യമായ ലാഭമോ ഉറപ്പിലാക്കാന്‍ കഴിയാത്ത വ്യവസ്ഥിതി ഇവയൊക്കെ കൂടിച്ചേര്‍ന്ന് കേരളത്തെ സംരംഭക വിരുദ്ധ സംസ്ഥാനമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു വെന്നതാണ് വാസ്തവം. വലിയൊരു മാറ്റം വന്നേ തീരൂ. എല്ലാ തലങ്ങളിലും അതിനുള്ള തയാറെടുപ്പുകള്‍ വേണം. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഉദ്യോഗസ്ഥരെ മാറ്റി ഫലം നല്‍കാന്‍ കഴിയുന്ന മിടുക്കര്‍ക്ക് അവസരമൊരുക്കണം. ഒരു സ്ഥാപനം ലാഭത്തിലാക്കാന്‍ കഴിയാത്തവര്‍ക്ക് എന്തു വിദ്യാഭ്യാസമുണ്ടായിട്ടെന്തു കാര്യം. സംരംഭകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റിനും കഴിയണം. ഉദ്യോഗസ്ഥര്‍ സംരംഭകരെ സഹായിക്കുന്ന മനഃസ്ഥിതിയിലേക്കെത്തണം. സംരംഭം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതെത്രയും വേഗം പ്രാവര്‍ത്തികമാക്കാനുള്ള ഏകജാലകമുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ഗവണ്‍മെന്റിന് ആവണം. സാങ്കേതികതയുടെ ഈ യുഗത്തില്‍ അതുപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും സംരംഭകര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രീതിയില്‍ അവയെ ചിട്ടപ്പെടുത്തുകയും വേണം.

സമ്പൂര്‍ണ്ണമായ ഒരു മാസ്റ്റര്‍ പ്ലാന്‍ നമുക്കാവശ്യമാണ്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വ്യാവസായിക രംഗത്ത് വരേണ്ട സമൂലമായ മാറ്റങ്ങള്‍ നിശ്ചയിച്ച് ഇച്ഛാശക്തിയോടു കൂടി അവ നടപ്പിലാക്കുവാന്‍ ഗവണ്‍മെന്റിന് സാധിക്കണം. ഉദ്യോഗസ്ഥര്‍ പറയുന്നതും കാണുന്നതും മാത്രമല്ല സത്യം. അതിനപ്പുറത്തേക്ക് കണ്ണും കാതും തുറക്കാന്‍ തലപ്പത്തുള്ളവര്‍ തയാറാവുന്ന സമയം മാറ്റം ഉണ്ടാവും. അതെപ്പോഴെന്നത് മാത്രമാണ് വിഷയം.

 

Leave a comment