നാം ഗൗരവമായി ചിന്തിക്കേണ്ടത്

[ File # csp2965488, License # 2709139 ] Licensed through http://www.canstockphoto.com in accordance with the End User License Agreement (http://www.canstockphoto.com/legal.php) (c) Can Stock Photo Inc. / frenta

പ്രശ്‌നങ്ങളെ ദീര്‍ഘനേരം മനസ്സില്‍ സൂക്ഷിച്ച്, ആവര്‍ത്തിച്ചുള്ള വിശകലനം നടത്തുമ്പോള്‍ വ്യക്തിയുടെ മാനസിക പിരിമുറുക്കം കൂടുന്നു

അദ്ധ്യാപകന്‍ ക്ലാസില്‍ തന്റെ കൈയില്‍ ഒരു ഗ്ലാസ് വെള്ളം ഉയര്‍ത്തിപിടിച്ച് മുന്നിലിരുന്ന വിദ്യാര്‍ത്ഥികളോട് ചോദിച്ചു. ഞാന്‍ ഈ ഗ്ലാസ് പത്തുമിനുറ്റ് ഉയര്‍ത്തിപിടിച്ചാല്‍ എന്തു സംഭവിക്കും? ഒന്നും സംഭവിക്കില്ല. വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ശരി, ഞാന്‍ ഈ ഗ്ലാസ് ഒരു മണിക്കൂര്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ എന്തു സംഭവിക്കും? സാറിന്റെ കൈ വേദനിക്കാന്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ മറുപടി പറഞ്ഞു. ശരി, ഞാന്‍ ഈ ഗ്ലാസ് ദിവസം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ എന്തു സംഭവിക്കും? സാറിന് തീവ്രമായ വേദന വരികയും ആശുപത്രിയില്‍ പോകേണ്ടിവരികയും ചെയ്യും. ജീവിതത്തിലെ പ്രശ്‌നങ്ങളും ഇതുപോലെയാണ്. അവ കുറച്ചു നേരം മനസ്സില്‍ കൊണ്ടുനടക്കാം. പക്ഷേ ദീര്‍ഘകാലം പ്രശ്‌നങ്ങള്‍ മനസ്സില്‍ തങ്ങിനിന്നാല്‍ അതു നിങ്ങളെ ഒന്നിനും കൊള്ളാത്തവരായി തീര്‍ക്കും. അദ്ധ്യാപകന്‍ പറഞ്ഞു.

പ്രശ്‌നങ്ങളെ ദീര്‍ഘനേരം മനസ്സില്‍ സൂക്ഷിക്കുകയും ആവര്‍ത്തിച്ചുള്ള വിശകലനവും നടത്തുമ്പോള്‍ വ്യക്തിയുടെ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നു. ആ വ്യക്തിയുടെ പ്രവര്‍ത്തനത്തിലെ ഉല്‍പ്പാദനക്ഷമത കുറയുകയും ചെയ്യുന്നു. ഇന്ന് ബിസിനസ് സ്ഥാപനങ്ങള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ജീവനക്കാരുടെ മാനസിക പിരിമുറുക്കത്തെ എങ്ങനെ കൈകാര്യം ചെയ്യുക എന്നതാണ്. യു.എസ്, യു.കെ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ 22347 ജീവനക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ ഉയര്‍ന്ന മാനസിക പിരിമുറുക്കം കാരണം ജീവനക്കാരില്‍ തൊഴില്‍ ചെയ്യുവാനുള്ള മടുപ്പ്, ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുക (Disengagement), കൂടുതല്‍ അവധികള്‍ എടുക്കുക എന്നീ സ്വഭാവരീതികള്‍ വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തി.

ജീവനക്കാരുടെ ശാരീരിക മാനസിക ക്ഷമതയുടെ കുറവ് ബിസിനസിലെ ഉല്‍പ്പാദനക്ഷമതയെ സാരമായി ബാധിക്കുന്നു. 80:20 തത്വം എടുക്കുകയാണെങ്കില്‍ 80% ഉല്‍പ്പാദനക്ഷമതയും ലഭിക്കുന്നത് 20% സമയത്തു നിന്നാണ്.

മാനസികപിരിമുറുക്കത്തിന്റെ വര്‍ദ്ധന 20% സമയത്തില്‍ നിന്നു ലഭിക്കുന്ന 80% ഫലത്തിലും കുറവു വരുത്തുന്നു. ജീവനക്കാരിലെ മാനസിക സംഘര്‍ഷം ബിസിനസിന്റെ ലാഭത്തെ ബാധിക്കുന്നു. നാം കാണാതെ പോകുന്ന ചെലവുകളില്‍ വളരെ പ്രാധാന്യമുള്ള ഒന്നാകുന്നു ഇത്.
മാനസിക സംഘര്‍ഷവും പിരി മുറുക്കവുമുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ ആരും ഇഷ്ടപ്പെടുന്നില്ല എന്നത് വാസ്തവമായ സംഗതിയാണ്. ബിസിനസിന്റെ വേഗത കൂടുന്തോറും ഈ സംഘര്‍ഷവും പിരിമുറുക്കവും വര്‍ദ്ധിക്കുന്നു. ഇത് ജീവനക്കാരില്‍ മാത്രമല്ല സംരംഭകരിലും നെഗറ്റീവ് ഫലമാണ് പുറപ്പെടുവിക്കുക. ബിസിനസിന്റെ മൊത്തം ഉല്‍പ്പാദനക്ഷമതയെ ഈ സംസ്‌കാരം ബാധിക്കുന്നു. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളേയും ഇടപെടലുകളേയും ഇത് ബാധിക്കുകയും ഇന്റേണല്‍ പൊളിറ്റിക്‌സിന് ഊര്‍ജ്ജം പകരുകയും ചെയ്യുന്നു. ഇത്തരമൊരു അന്തീക്ഷത്തിലേക്ക് കടന്നു വരുന്ന പുതിയ ജീവനക്കാര്‍ കൂടുതല്‍ കാലം സ്ഥാപനത്തില്‍ തുടരുവാന്‍ വിമുഖത കാണിക്കുകയും വിട്ടുപോകുകയും ചെയ്യുന്നു. ഇത്തരമൊരു സ്ഥാപനത്തിന്റെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സമയത്തിന്റെ ബഹുഭൂരിഭാഗവും തുടര്‍ച്ചയായ റിക്രൂട്ട്‌മെന്റിനായി മാറ്റിവെക്കേണ്ടിവരുന്നു. ജീവനക്കാരെ ദീര്‍ഘകാലം പിടിച്ചുനിര്‍ത്താന്‍ ഏതു തന്ത്രം മെനഞ്ഞാലും ഫലം കാണാതെ പോകുന്നു. ഉയര്‍ന്ന മാനസിക സംഘര്‍ഷവും പിരിമുറുക്കവും ശാരീരികവും മാനസികവുമായ രോഗങ്ങള്‍ സമ്മാനിക്കുന്നു. ജോലിയിലെ സമ്മര്‍ദ്ദത്തെ അതിജീവിക്കുകയും ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള ബാലന്‍സിംഗ് നിലനിര്‍ത്തുകയും ചെയ്യുക എന്നത് നിസ്സാരമായ പ്രവൃത്തിയല്ല. ഇത് സാധിച്ചാല്‍ മാത്രമേ ഉത്പാദനക്ഷമതയുള്ള ജീവനക്കാരനായി മാറുവാനും ശാരീരിക മാനസികക്ഷമത നിലനിര്‍ത്തി ദീര്‍ഘകാലം ജോലി ചെയ്യുവാനും കഴിയുകയുള്ളു. സംരംഭകര്‍ക്ക് സ്ഥാപനത്തിലെ ജീവനക്കാരുടെ ശാരീരിക, മാനസിക ക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ തികഞ്ഞ കടമയുണ്ട്.

ജീവനക്കാരുടെ വ്യക്തിജീവിതം മാത്രമാണ് അവരുടെ ക്ഷമത എന്ന ചിന്താഗതി ബിസിനസ് ലോകത്തുനിന്നും മാഞ്ഞുകഴിഞ്ഞു. തങ്ങളുടെ ജീവനക്കാരുടെ ശാരീരിക- മാനസിക ക്ഷമത ഉയര്‍ത്തി ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ ഇന്ന് സ്ഥാപനങ്ങള്‍ ശ്രമിക്കുന്നു.

ശാന്തമായ അന്തരീക്ഷം

ശാന്തമായ അന്തരീക്ഷം ഇന്ന് തൊഴിലിടങ്ങളില്‍ നിലനി ര്‍ത്താന്‍ സംരംഭകര്‍ ശ്രദ്ധിക്കുന്നു. കോലാഹലങ്ങള്‍ ഇല്ലാത്ത അടുക്കും ചിട്ടയുമുള്ള സമാധാനാന്തരീക്ഷത്തില്‍ ജോലി ചെയ്യുവാന്‍ ജീവനക്കാര്‍ ഇഷ്ടപ്പെടുന്നു. അത്തരമൊരു അന്തരീക്ഷം അവരില്‍ പോസിറ്റീവായ ചിന്താഗതികള്‍ വളര്‍ത്തുകയും ഉല്‍പ്പാദനക്ഷമത കൂട്ടുകയും ചെയ്യുന്നു.

സ്ഥാപനത്തില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക

ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്കിടയില്‍ നല്ല സൗഹൃദങ്ങള്‍ ഉടലെടുക്കും. പരസ്പരം സഹായിച്ച് ഒരുമിച്ച് വളരണം എന്ന ലക്ഷ്യവുമായി ജീവനക്കാര്‍ മുന്നേറുവാനുള്ള അന്തരീക്ഷം സംരംഭകന് സൃഷ്ടിക്കുവാന്‍ സാധിക്കും. ഇതിനാവശ്യമായ പ്രക്രിയകള്‍ സ്ഥാപനങ്ങളില്‍ നടപ്പിലാക്കണം.

സ്‌കില്‍ ഡെവലപ്പ്‌മെന്റ്

ജീവനക്കാരുടെ മാനസികസംഘര്‍ഷത്തിനും പിരിമുറുക്കത്തിനും ഒരു കാരണം തങ്ങള്‍ ചെയ്യേണ്ട ജോലിയിലെ സ്‌കില്ലിന്റെ അഭാവമാണ്. മാറുന്ന സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കുവാനുള്ള അഡാപ്റ്റബിലിറ്റി സ്‌കില്‍ ഇല്ലാത്തവരില്‍ വളരുവാന്‍ പ്രയാസമാണ്. തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ കൂടുതല്‍ ഫലം ലഭിക്കുവാന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗുകള്‍ അവരെ സഹായിക്കുന്നു. ഇതിനായി തുടര്‍ച്ചയായ പരിശീലനം നല്‍കുവാനുള്ള സംവിധാനങ്ങള്‍ സ്ഥാപനങ്ങളിലുണ്ടാകണം. ജോലിയില്‍ ലഭിക്കുന്ന പ്രാവീണ്യവും നിപുണതയും ജോലി സമ്മര്‍ദ്ദത്തെ കുറക്കുന്നു.

സ്ട്രസ് ഹാന്‍ഡ്‌ലിംഗ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുക

ഒരു വ്യക്തിയുടെ സ്‌ട്രെസ് ഹാന്‍ഡ്‌ലിംഗ് കപ്പാസിറ്റിയാണ് അയാളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നത്. എത്ര കഠിനമായ മാനസിക സംഘര്‍ഷങ്ങളും നിയന്ത്രിക്കുവാന്‍ കഴിയുന്ന രീതിയില്‍ ഈ ശേഷി ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്.

സ്ട്രസ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്

എല്ലാ ബിസിനസ് സ്ഥാപനങ്ങളും വളരെ അത്യാവശ്യം ആരംഭിക്കേണ്ട ഒരു ഡിപ്പാര്‍ട്ട്‌മെന്റാണിത്. ജീവനക്കാരിലെ മാനസിക സംഘര്‍ഷത്തിന്റേയും പിരി മുറുക്കത്തിന്റേയും തോത് മനസിലാക്കി അവരെ അവ നിയന്ത്രിക്കാന്‍ പര്യാപ്തമാക്കേണ്ടത് ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കടമയാണ്. ഇത് എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വേറിട്ട ഒന്നായി തന്നെ ആരംഭിക്കണം. സ്ട്രസ് മാനേജ്‌മെന്റ് പ്രൊഫഷണല്‍സ് തന്നെയാവണം ഇത് കൈകാര്യം ചെയ്യേണ്ടത്. യോഗ, ധ്യാനം, കൗണ്‍സിലിംഗ് എന്നിവയിലൂടെയും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും ശാരീരിക-മാനസിക ക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ ജീവനക്കാരെ പ്രാപ്തരാക്കുവാന്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന മറ്റൊരു ഫങ്ഷണല്‍ യൂണിറ്റായി ഈ ഡിപ്പാര്‍ട്ട്‌മെന്റ് മാറുന്നു.

 

 

 

Leave a comment