ബിസിനസ് എന്ന ഏകലോകം

കബീര്‍ ഒരു സന്യാസിയായിരുന്നു. ആത്മജ്ഞാനം സിദ്ധിച്ച അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാള്‍. അദ്ദേഹം ഒരു നെയ്ത്തുകാരന്‍ ആയിരുന്നു. ഇത് വളരെ ആശ്ചര്യകരമായ ഒന്നാണ്. ഒരു നെയ്ത്തുകാരനായ സന്യാസി. ആത്മജ്ഞാനം ലഭിച്ചതിനുശേഷവും കബീര്‍ തന്റെ തൊഴില്‍ ഉപേക്ഷിച്ചില്ല. നെയ്ത്ത് തുടര്‍ന്നു കൊണ്ടേയിരുന്നു. സ്വയം നെയ്ത തുണികള്‍ കമ്പോളത്തില്‍ കൊണ്ടു ചെന്ന് വില്ക്കുന്നതും കബീര്‍ തന്നെയായിരുന്നു. ഒരേ സമയം തൊഴിലാളിയും മുതലാളിയും സന്യാസിയുമായ ബഹുമുഖ വ്യക്തിത്വം.

ആത്മജ്ഞാനം ലഭിച്ച അങ്ങെന്തിന് നെയ്ത്തുകാരനായി തുടരുന്നു. ചോദ്യം കബീറിന്റെ ജ്ഞാനത്താല്‍ ആകര്‍ഷിക്കപ്പെട്ട അനേകരില്‍ നിന്നും. ആളുകളെ സംബന്ധിച്ചിടത്തോളം അതൊരു ഭ്രാന്തന്‍ പ്രവര്‍ത്തിയായിരുന്നു. അവബോധം നേടിയൊരാള്‍ നെയ്ത്തുകാരനായി തുടരുക. അവരെ സംബന്ധിച്ചിടത്തോളം അത് അപഹാസ്യമായി തോന്നി. കബീറിന്റെ ഉത്തരം അതിമനോഹരമായിരുന്നു. ആത്മജ്ഞാനം ലഭിക്കുന്നതിന് മുന്‍പ് ഞാന്‍ നെയ്തിരുന്നത് അവബോധത്തോടെ യായിരുന്നില്ല (Awarenss). അതുകൊണ്ട് തന്നെ ഞാന്‍ നെയ്യുന്ന തുണികള്‍ ഗുണമേന്മയുള്ളതായിരുന്നോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ ആത്മജ്ഞാനം പ്രാപ്തമായതിനുശേഷം ഞാന്‍ ചിന്തിച്ചിരുന്നത് എന്റെ ഇടപാടുകാര്‍ക്ക് മുന്തിയ ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ എങ്ങിനെ കുറഞ്ഞ വിലയ്ക്ക് നല്കാം എന്നതാണ്. ഇപ്പോള്‍ ഞാന്‍ ഓരോ കാര്യവും നിര്‍വ്വഹിക്കുന്നത് അവബോധത്തോടു കൂടിയാണ്.

താന്‍ നെയ്ത വസ്ത്രങ്ങള്‍ കമ്പോളത്തില്‍ കൊണ്ടു ചെന്ന് വില്ക്കുന്നതും കബീര്‍ തന്നെയാണ് എന്നു പറഞ്ഞുവല്ലോ. തന്റെ കയ്യില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങുന്ന ഓരോ ഇടപാടുകാരനേയും തന്റെ നന്ദിയും കടപ്പാടും അറിയിച്ച് അവരുടെ കാല്‍ തൊട്ട് വണങ്ങുന്നത് അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. തന്നില്‍ നിന്ന് വസ്ത്രം വാങ്ങുന്നവര്‍ സന്തോഷവാന്മാരും സംതൃപ്തരും ആവണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ആധുനിക മാനേജ്‌മെന്റ് ലോകത്തെ പ്രധാനപ്പെട്ട രണ്ട് പാഠങ്ങളാണ് നിസ്വനായ കബീര്‍ എന്ന സന്യാസി നമ്മളെ പഠിപ്പിക്കുന്നത്.
ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയും അവ വാങ്ങുന്ന ഇടപാടുകാരുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുകയും ചെയ്യുക എന്ന രണ്ട് മഹത്തായ പാഠങ്ങള്‍ കബീര്‍ എന്ന സന്യാസി നമുക്ക് പകര്‍ന്ന് നല്കി.

ഒരു ഉത്പന്നത്തിന്റെ ബ്രാന്‍ഡിംഗ് മുതല്‍ വില്പനയിലും ലാഭത്തിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഗുണമേന്മ എന്ന ഘടകം കൃത്യമായ അവബോധത്തോടെ സൃഷ്ടിക്കപ്പെടേണ്ട ഒന്നാണ്. ന്യായമായ വിലയ്ക്ക് ഉന്നതഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാനുള്ള അവബോധം സൃഷ്ടിക്കപ്പെടുന്നതിലൂടെ മാത്രമേ ബിസിനസുകള്‍ നിലനില്ക്കുകയും വളരുകയും ചെയ്യുകയുള്ളൂ.

വളരെയധികം ചിന്തനീയവും ഗൗരവകരവുമായ ഒരു പ്രക്രിയയാണ് ബിസിനസില്‍ അവബോധം സൃഷ്ടിക്കുക എന്നുള്ളത്. ഓരോ വ്യക്തിയിലും സൃഷ്ടിക്കപ്പെടുന്ന അവബോധം കൂട്ടായ അവബോധമായി മാറുകയും അത് ചിന്തയിലും പ്രവര്‍ത്തിയിലും ഉറപ്പിക്കുകയും ചെയ്യുക എന്നത് നിസ്സാര പ്രയത്‌നമല്ല. ഇത്തരം കൂട്ടായ അവബോധം സൃഷ്ടിച്ചെടുത്ത കമ്പനികളാണ് ഇന്ന് ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരിക്കുന്നത്. ഇത്തരമൊരു അവബോധത്തിന് കാലമില്ല, വര്‍ഗ്ഗമില്ല, രാജ്യമില്ല, യാതൊരുവിധ അതിര്‍ത്തികളുമില്ല. വ്യക്തികള്‍ക്കും കാലത്തിനും പ്രദേശത്തിനും അതീതമായി വ്യാപിക്കപ്പെട്ടിരിക്കുന്ന ഈ അവബോധം ലോകം മുഴുവന്‍ ഒരേ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ഇടപാടുകാരിലേക്കെത്തിക്കുവാന്‍ കമ്പനികളെ സഹായിക്കുന്നു. കമ്പനിയുടെ സ്വത്വം തന്നെ ഈയൊരു അവബോധമായി മാറ്റപ്പെടുന്നു.

രാഷ്ട്രീയമായ, വര്‍ഗ്ഗപരമായ, സ്വത്വപരമായ അതിര്‍ത്തികള്‍ മാത്രമേ ഇന്ന് രാജ്യങ്ങള്‍ തമ്മിലുള്ളൂ. ബിസിനസിനെ സംബന്ധിച്ചിടത്തോളം ഈ അതിര്‍ത്തികള്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നത് നയപരവും, നികുതിപരവും, ഇഷ്ടാനിഷ്ടപരവുമായ കാരണങ്ങള്‍ കൊണ്ടുമാത്രമാണ്. ഓരോ രാജ്യത്തിന്റെയും ഇടപാടുകാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ കണക്കിലെടുത്ത് ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞാല്‍ ബിസിനസില്‍ ഒരു ഏകലോകം സൃഷ്ടിക്കുവാന്‍ കമ്പനികള്‍ക്ക് സാധിക്കും. ഇത് വിജയകരമായി നടപ്പിലാക്കിയ ധാരാളം ബിസിനസ് ഭീമന്മാരെ നമുക്ക് കാണുവാന്‍ സാധിക്കും. അവരെ സംബന്ധിച്ചിടത്തോളം ലോകം മുഴുവന്‍ അവരുടെ കമ്പോളമാണ്.

ഇത്തരം കമ്പനികളില്‍ ഉടലെടുത്തിരിക്കുന്ന വളരെ അഗാധമായ അവബോധത്തെ നമുക്ക് പരിശോധിച്ചു നോക്കാം. ലോകത്തെ വിവിധ രാജ്യങ്ങള്‍, ഭിന്ന ഇഷ്ടാനിഷ്ടങ്ങള്‍, സാംസ്‌ക്കാരികമായ വൈജാത്യങ്ങള്‍, വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഇതിലേക്കിറങ്ങി ഉത്പ്പന്നങ്ങളെ അവര്‍ക്കെല്ലാം പ്രിയപ്പെട്ടതാക്കി മാറ്റിത്തീര്‍ക്കുക എളുപ്പമുള്ള ഒരു ജോലിയാണോ? തീര്‍ച്ചയായും അല്ല. അതിസങ്കീര്‍ണ്ണമായ ഇത്തരമൊരു പ്രയത്‌നം വിജയിപ്പിച്ചെടുക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞതെങ്ങിനെ?

ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ഇടപാടുകാര്‍ക്ക് നല്കുക എന്ന ലളിതമായ എന്നാല്‍ അതീവ പ്രധാനമുള്ള മന്ത്രമാണ് ഈ വിജയത്തിന് പിന്നില്‍. ഇടപാടുകാര്‍ക്ക് താങ്ങാവുന്ന വിലയില്‍ മികച്ച ഗുണമുള്ള ഉത്പ്പന്നങ്ങള്‍ ആരേയും ആകര്‍ഷിക്കും. ഈ കൊച്ചുകേരളത്തിലെ ഇടപാടുകാരനേയും ന്യൂയോര്‍ക്കിലെ ഇടപാടുകാരനേയും ഇത് ആകര്‍ഷിക്കും. കേരളത്തില്‍ ആരംഭിക്കുന്ന ഒരു കമ്പനി തങ്ങളുടെ ഉത്പ്പന്നങ്ങള്‍ കേരളീയര്‍ക്കും മാത്രം മതി എന്ന തീരുമാനത്തോടു കൂടി ഗുണമേന്മ കുറഞ്ഞ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന് കരുതുക. ഇത്തരം ഉത്പ്പന്നങ്ങളുടെ വിജയസാധ്യത വളരെ കുറവാണ്. ഗുണമേന്മയില്ലാത്ത ഉത്പ്പന്നങ്ങള്‍ക്ക് അതിര്‍ത്തികള്‍ ഭേദിച്ച് വളരുക അസാദ്ധ്യമാണ്. കൂടാതെ ഇടപാടുകാരെ ദീര്‍ഘകാലം കബളിപ്പിക്കുവാന്‍ സാധിക്കുകയില്ല. കേരളത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഉത്പ്പന്നങ്ങളുടെ ഗുണമേന്മ പരിശോധിക്കൂ. കേരളത്തില്‍ അവര്‍ വില്ക്കുന്ന ഉത്പ്പന്നങ്ങളും വിദേശങ്ങളില്‍ വില്ക്കുന്ന ഉത്പ്പന്നങ്ങളും വ്യത്യസ്തങ്ങളാണ്. മികച്ച ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളാണ് വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നത്.

ലോക കമ്പോളത്തെ ഒന്നായിക്കണ്ട് ഉത്പ്പന്നങ്ങളുടെ ഗുണമേന്മ തീരുമാനിക്കാന്‍ ഇത്തരം കമ്പനികള്‍ക്കാവുന്നില്ല. കേരളത്തിലായാലും അമേരിക്കയിലായാലും ആഫ്രിക്കയിലായാലും തങ്ങളുടെ ഉത്പ്പന്നങ്ങള്‍ മികച്ച നിലവാരമുള്ളതാവണമെന്ന് ഇവര്‍ താത്പര്യപ്പെടുന്നില്ല. ലോകം മുഴുവന്‍ വേരു പടര്‍ത്തിയ ചില വമ്പന്‍ പ്രസ്ഥാനങ്ങളും ഇവരും തമ്മിലുള്ള വ്യത്യാസം അതാണ്. അവബോധത്തിലുള്ള വ്യത്യാസം അല്ലെങ്കില്‍ ഇവര്‍ക്കുള്ള അവബോധമില്ലായ്മ. വിവിധ രാജ്യങ്ങളിലെ പ്രദേശങ്ങളിലെ ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഉത്പ്പന്നങ്ങളില്‍ മാറ്റം വരാം. പക്ഷേ ഗുണമേന്മയില്‍ വരുത്തുന്ന വ്യത്യാസം ബിസിനസിന്റെ ഏകലോക സങ്കല്പത്തെ മാറ്റിമറിക്കുന്നു.

ലോകത്തിന്റെ ഏത് കോണിലേക്കും കടന്നുചെല്ലുവാനും ഇടപാടുകള്‍ നടത്തുവാനും സ്വാതന്ത്ര്യമുള്ള ശക്തിയുള്ള സാമൂഹിക പ്രസ്ഥാനമാണ് (Social Enterprise) ബിസിനസ്. അതിരുകളില്ലാതെ വളരുവാന്‍ കഴിയുന്ന ഒന്ന്. ആ വളര്‍ച്ചയ്ക്ക് പ്രേരകമായ അവബോധം സൃഷ്ടിക്കുവാന്‍ സാധിക്കാത്തതാണ് ബിസിനസുകളുടെ പരാജയത്തിനോ മുരടിപ്പിനോ കാരണമാകുന്നത്.

ദീര്‍ഘവീക്ഷണമില്ലായ്മയുടെ അഭാവം ബിസിനസിനെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്തുന്നു. ബിസിനസ് ലോകത്തെ ഏകലോകമായി കാണാന്‍ സാധിക്കാത്തവര്‍ പ്രാദേശികമായി പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു. ലോകത്തെ വലിയൊരു ബിസിനസ് കമ്പോളമായി കാണുന്നവര്‍ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ ആ കാഴ്ചപ്പാടില്‍ നിര്‍മ്മിക്കുന്നു. തികഞ്ഞ അവബോധത്തോടെ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളാണ് തങ്ങളുടേതെന്ന് അവര്‍ ഉറപ്പുവരുത്തുന്നു. മറ്റുള്ളവരുടേത് വികല്പമായ അവബോധമാണ്. ഗുണമേന്മയില്ലാത്ത ഉത്പ്പന്നങ്ങള്‍ ഇടപാടുകാര്‍ക്ക് നല്കിയാല്‍ ലാഭം വര്‍ദ്ധിക്കുമെന്നും കമ്പോളം പിടിച്ചെടുക്കാമെന്നുള്ള വികല്പമായ ജ്ഞാനം പേറുന്നവര്‍. ബിസിനസിന്റെ ഏകലോകം ഇവര്‍ക്കായുള്ളതല്ല. കാലത്തിന്റെ പ്രയാണത്തില്‍ ഇവയ്ക്ക് നിലനില്പുമില്ല.

 

 

 

Leave a comment