ആദ്യം കുടുംബമോ, അതോ ബിസിനസോ?

Family

കുടുംബ ബിസിനസുകളും മറ്റു ബിസിനസുകളും തമ്മില്‍ പ്രധാനമായ ചില വ്യത്യാസങ്ങളുണ്ട്. മറ്റു ബിസിനസുകളുടെ ഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചു കൂടി സങ്കീര്‍ണ്ണമായ ഘടനയാണ് കുടുംബ ബിസിനസുകള്‍ക്കുള്ളത്

കുടുംബബന്ധങ്ങളും ബിസിനസും തമ്മില്‍ കെട്ടുപിണഞ്ഞ ഒരു സമസ്യയാണ് കുടുംബബിസിനസുകള്‍. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിയില്‍ വലിയൊരു റോള്‍ കുടുംബ ബിസിനസുകള്‍ക്കുണ്ട്. പരമ്പരാഗതമായ മൂല്യങ്ങളിലും സംസ്‌ക്കാരത്തിലും പടുത്തുയര്‍ത്തിയ കുടുംബബിസിനസുകള്‍ ഇന്ത്യയിലെ ബിസിനസിന്റെ 90%ത്തെ പ്രതിനിധീകരിക്കുന്നു. ആത്മീയതയും മൂല്യങ്ങളും ധാര്‍മ്മികതയും ബന്ധങ്ങളും എല്ലാം കൂടിച്ചേര്‍ന്ന മഹത്തായ ഒരു സംഘടിത രൂപമാണ് ഫാമിലി ബിസിനസ്. എത്രയോ തലമുറകളായി കുടുംബത്തിനും സമൂഹത്തിനും നെടുംതൂണായി മാറിയ കുടുംബബിസിനസുകള്‍ ഇന്ത്യയുടെ പാരമ്പര്യവും സംസ്‌ക്കാരവും കാത്തു സൂക്ഷിച്ച് ഇന്നും തുടര്‍ന്നു പോരുന്നു.

കുടുംബ ബിസിനസുകളും മറ്റു ബിസിനസുകളും തമ്മില്‍ പ്രധാനമായ ചില വ്യത്യാസങ്ങളുണ്ട്. മറ്റു ബിസിനസുകളുടെ ഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചു കൂടി സങ്കീര്‍ണ്ണമായ ഘടനയാണ് കുടുംബ ബിസിനസുകള്‍ക്കുള്ളത്. സാധാരണ ബിസിനസുകളേക്കാളുപരിയായുള്ള ഒരു വൈകാരിക കെട്ടുപാടിലാണ് കുടുംബ ബിസിനസുകള്‍ പ്രവര്‍ത്തിക്കുന്നത്. ബിസിനസിന്റെ രൂപീകരണത്തിലും പ്രവര്‍ത്തനശൈലിയിലും ഈ വൈകാരികതയുടെ സ്വാധീനം വളരെ വലുതാണ്. ഇവിടെ കുടുംബ ബന്ധങ്ങള്‍ നിര്‍ണ്ണായകമായ വേഷം കൈകാര്യം ചെയ്യുന്നു. ബിസിനസ് ഉടമസ്ഥര്‍, മാനേജര്‍മാര്‍, തൊഴിലാളികള്‍ എന്നിവര്‍ തമ്മിലുള്ള കുടുംബ വൈകാരിക ബന്ധങ്ങള്‍ ബിസിനസിന്റെ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുന്നു.

കുടുംബ സമ്പ്രദായം

കുടുംബ സമ്പ്രദായം (Family System) വൈകാരികതയില്‍ അടിയുറച്ചതാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധം കുടുംബത്തിലും ബിസിനസിലുമായി വ്യാപരിച്ചു കിടക്കുന്നു. ഇഴ പിരിച്ചെടുക്കാനാവാത്ത വിധം ഇതു ചിലപ്പോള്‍ കുടുംബത്തിനേയും ബിസിനസിനേയും വരിഞ്ഞു മുറുക്കും. കുടുംബത്തിനകത്തുള്ള സ്വഭാവവും പെരുമാറ്റരീതികളും (Behaviour) ബിസിനസിലേക്കു കൂടി കടന്നുവരും. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ അതു പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ബിസിനസില്‍ പ്രതിബിംബിക്കപ്പെടും. വൈകാരികത മുന്നിട്ട് നില്‍ക്കുന്നതു കൊണ്ടു തന്നെ കൂടുതലും ഉപബോധകമായ (Subconscious) പ്രവൃത്തികളായിരിക്കും.

ബന്ധങ്ങളുടെ സങ്കീര്‍ണ്ണത

ഇത് സങ്കീര്‍ണ്ണമായ ഒരു സ്ഥിതിയാണ്. 2002ല്‍ ധീരുബായ് അംബാനിയുടെ മരണശേഷം മക്കളായ മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മില്‍ നടന്ന അവകാശ യുദ്ധങ്ങളും പ്രശ്‌നങ്ങളും കുടുംബ ബിസിനസുകളുടെ സങ്കീര്‍ണ്ണത വ്യക്തമാക്കുന്നു. വ്യക്തികള്‍ തമ്മില്‍ ബിസിനസിനെ ചൊല്ലി രൂപമെടുക്കുന്ന കലഹം കുടുംബങ്ങളെക്കൂടി ബാധിക്കപ്പെടും. മറ്റു ബിസിനസുകളില്‍ കുടുംബവും ബിസിനസും രണ്ടായി മുന്നോട്ട് പോകുമ്പോള്‍ കുടുംബ ബിസിനസുകളില്‍ ഇവ ഇഴ ചേര്‍ന്നിരിക്കുകയാണ്. ബിസിനസില്‍ രൂപമെടുക്കുന്ന ഏതു പ്രശ്‌നവും ബന്ധങ്ങളെ ബാധിക്കാം. തിരിച്ചും അങ്ങിനെ തന്നെ. അതുകൊണ്ടു തന്നെ മറ്റു ബിസിനസുകള്‍ കൈകാര്യം ചെയ്യുന്ന തന്ത്രമല്ല ഫാമിലി ബിസിനസുകള്‍ പിന്‍തുടരേണ്ടത്. ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തി സ്‌നേഹവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കുന്ന ബിസിനസുകാരന്റെ തന്ത്രങ്ങളാണ് കുടുംബബിസിനസുകളെ മുന്നോട്ട് നയിക്കുന്നത്.

കുടുംബമോ ബിസിനസോ?

ആദ്യം കുടുംബമാണോ? അതോ ബിസിനസോ? വളരെ വിഷമകരമായ ഒരു ചോദ്യമാണ്. പാലും വെള്ളവും ചേര്‍ന്ന മിശ്രണം പോലെയാണ്. വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്ന്. കുടുംബത്തിന് പ്രഥമ സ്ഥാനം നല്കിയുള്ള ബിസിനസെങ്കില്‍ അവിടെ വ്യക്തികളുടെ പ്രകടനം (Performance) വിലയിരുത്താനും അധികാരം കൈമാറ്റം ചെയ്യുവാനും പങ്കുവെക്കുവാനും വൈകാരികത പ്രധാന ഘടകമായി മാറുന്നു. പുതു തലമുറ ബിസിനസിലേക്ക് കടന്നു വരുമ്പോള്‍ എല്ലാവരും തുല്യമായ വേതനം പ്രതീക്ഷിക്കുന്നു. ഇത് അവരുടെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ടുള്ള ഒന്നായി അവര്‍ കരുതുന്നില്ല. മറിച്ച് അവകാശമായി കരുതുന്നു. അവര്‍ കൈകാര്യം ചെയ്യുന്ന ജോലികളില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ട വേതനത്തെക്കാളേറെ അവര്‍ക്ക് നല്‍കേണ്ടി വരുന്നു. എന്നാല്‍ അതിനനുസൃതമായുള്ള ഫലം അവരില്‍ നിന്നും ലഭിക്കണമെന്നില്ല. വൈകാരികത മുന്‍നിര്‍ത്തി ചെയ്യുന്ന പ്രവൃത്തികള്‍ ബിസിനസിന് ഗുണകരമാവണം എന്നില്ല.

സന്തുലിത സമീപനം

കുടുംബ ബിസിനസുകളില്‍ സന്തുലിതമായ ഒരു സമീപനമാണ് (Balanced Approach) ആവശ്യം. പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് അവയെ ഒഴിവാക്കി മുന്നോട്ട് പോകുവാന്‍ കഴിയുന്ന ഒരു സമീപനം. കുടുംബ സംസ്‌ക്കാരവും ബന്ധങ്ങളും മൂല്യങ്ങളും ധാര്‍മ്മികതയുമൊക്കെ കുടുംബത്തിലും ബിസിനസിലുമായി പടര്‍ന്നു കിടക്കുന്ന അവസ്ഥയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാമെന്നും അതൊരു യാഥാര്‍ത്ഥ്യമാണെന്നും ആദ്യം മനസ്സിലാക്കേണ്ടത് ഒരു ആവശ്യകതയാണ്. കുടുംബത്തിന്റെ കാഴ്ചപ്പാടിലും മൂല്യങ്ങളിലും (Family Vision and Values) കെട്ടിയുയര്‍ത്തിയ ഒരു പ്രമേയം (Resolution) അത്യാവശ്യമാണ്. കലഹങ്ങളും പ്രശ്‌നങ്ങളും എങ്ങിനെ കൈകാര്യം ചെയ്യണമെന്നും പരിഹരിക്കണമെന്നുമുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഈ പ്രമേയം കുടുംബ ബിസിനസുകളുടെ ബൈബിളാണ്. ഇത്തരം Conflict Resolution-ഉം Conflict Management മാണ് കുടുംബ ബിസിനസുകളെ വിഘടിക്കാതെ നശിപ്പിക്കാതെ തലമുറകളായി കൈമാറ്റം ചെയ്യുന്നത്.
കുടുംബ ബിസിനസുകളിലെ വൈകാരികതയും പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുവാന്‍ താഴെ പറയുന്ന നാല് വഴികള്‍ സ്വീകരിക്കാം.

ബിസിനസിനെ പ്രൊഫഷണലൈസ് ചെയ്യുക

1. പ്രശ്‌നങ്ങളും കലഹങ്ങളും പരിഹരിക്കുവാന്‍ യുക്തമായ Conflict Resolution എഴുതി തയ്യാറാക്കുക.

2. യുക്തിഭദ്രമായി ആലോചനാപൂര്‍വ്വം അധികാരവും വിഭവങ്ങളും പങ്കുവെയ്ക്കുക.

3. ബിസിനസ് അടുത്ത തലമുറിയിലേക്ക് കൈമാറ്റം ചെയ്യുന്നത് വ്യക്തമായി തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലാവണം. ഓരോ വ്യക്തിയുടേയും റോളും അധികാരവും കര്‍ത്തവ്യ നിര്‍വ്വഹണവുമെല്ലാം വ്യക്തമായി സൂചിപ്പിക്കുന്നതാവണം ആ ഒരു പ്രമാണം (Document)

4. ശരിയായ അനുപാതത്തിലുള്ള ഒരു പദ്ധതിയാവണം കുടുംബ ബിസിനസുകളുടെ നട്ടെല്ല്. കുടുംബവും ബിസിനസും തമ്മിലുള്ള ഇഴുകിച്ചേരല്‍ ശരിയായ അനുപാതത്തിലല്ലെങ്കില്‍ ബിസിനസിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാവും. വലിയ പ്രശ്‌നങ്ങളില്ലാതെ ആദ്യ തലമുറ കൈകാര്യം ചെയ്യുന്ന കുടുംബ ബിസിനസുകള്‍ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായി. അധികാര വടംവലികളും സ്വത്തു തര്‍ക്കങ്ങളും ഉടലെടുത്തു തുടങ്ങും. പരസ്പരം സ്‌നേഹിച്ചിരുന്ന സഹോദരങ്ങളും അച്ഛനും മക്കളും കലഹിച്ചു പിരിയുന്ന അവസ്ഥയിലേക്കെത്തും. ഐകമത്യം മഹാബലം എന്ന പഴമൊഴി കാറ്റില്‍ പറക്കും. കുടുംബവും ബിസിനസും ഒരുമിച്ച് കൊണ്ടു പോകുവാന്‍ അസാധാരണമായ വൈദഗ്ധ്യം ആവശ്യമാണ്. അതിനാവശ്യമായ തന്ത്രങ്ങള്‍ തയാറാക്കി അത് നടപ്പിലാക്കേണ്ടതാണ് കുടുംബ ബിസിനസുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

 

Leave a comment