പുതിയ വഴി തുറക്കപ്പെടുന്നു

പ്രകൃതിക്ക് നിയമം ഒന്നേയുളളൂ. എന്തായാലും മാറ്റം വരണം, അതല്‍പ്പം നേരത്തേ തന്നെയാകുന്നതല്ലേ നല്ലത്

ബിസിനസ് നിശ്ചലമാകുന്ന (Stagnation) ഒരവസ്ഥ അനു ഭവിച്ചറിഞ്ഞിട്ടുണ്ടോ. തീര്‍ച്ചയായും വളരെയധികം സംരംഭകര്‍ അത്തരമൊരവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവാം. ചങ്ങലകളാല്‍ വരിഞ്ഞുമുറുക്കപ്പെട്ടതു പോലെ യാതൊരുവിധ പുരോഗതിയുമില്ലാതെ ബിസിനസ് ഒരേ താളത്തില്‍ മുന്നോട്ടു നീങ്ങുന്നു. ഒരു യന്ത്രം പോലെ ബിസിനസ് യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രക്രിയ ആയി ബിസിനസ് മാറുകയും മുരടിപ്പിന്റെ ഒരവസ്ഥ സംജാതമാവുകയും ചെയ്യുന്നു. മാറ്റത്തിനുള്ള സമയമായി എന്ന ശക്തമായ മുന്നറിയിപ്പാണ് ഈ നിശ്ചലതയും മുരടിപ്പും.

ഏറെക്കാലമായി അനുവര്‍ത്തിച്ചു വരുന്ന തത്വശാസ്ത്രവും പ്രക്രിയകളും മാറ്റത്തിനു വിധേയമാകേണ്ട ആവശ്യകതയിലേക്ക് ബിസിനസ് എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നതാണ് നിശ്ചലാവസ്ഥയുടെ അര്‍ത്ഥം. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ബിസിനസ് പ്രക്രിയകളുടെ പുനഃസംഘാടനം നടത്തുന്നത് നിര്‍ണായകമാണെന്ന്് ഈ മുരടിപ്പ് സംരംഭകനെ ഓര്‍മപ്പെടുത്തുന്നു. കാലാകാലങ്ങളില്‍ ബിസിനസിലും മാനേജ്‌മെന്റിലും സംഭവിക്കുന്ന മാറ്റങ്ങള്‍ പഠിച്ച് സ്വയം നവീകരിക്കാന്‍ സാധിക്കാത്ത ഏതൊരു പ്രസ്ഥാനവും ഈയൊരവസ്ഥയിലേക്ക് എത്തിച്ചേരും.

Turning Point അഥവാ വഴിത്തിരിവ്

നിശ്ചലത എന്ന അവസ്ഥ ബിസിനസിന്റെ turning point ആകുന്നു. ചൂണ്ടിക്കാണിക്കാനാവുന്ന പുരോഗതിയില്ലാതെ വളരെ സാവധാനത്തിലുള്ള സ്വാഭാവിക വളര്‍ച്ച മാത്രമാണ് ഈ ഘട്ടത്തിലുണ്ടാകുക. പനി രോഗലക്ഷണമായി കണക്കാക്കുന്നതുപോലെ ഈ നിശ്ചലത ബിസിനസിലെ വലിയൊരു രോഗലക്ഷണമായി കണക്കാക്കാം.

എന്തുകൊണ്ട് ഈ അവസ്ഥ?

യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ മനസിലാക്കാനും വസ്തുതകളെ വിശകലനം ചെയ്യാനും സമയമായി. മനസില്‍ മുറുകെ പിടിച്ചിരുന്ന പല തത്വശാസ്ത്രങ്ങളും പഴകിയതോ ഉപയോഗശൂന്യമായി മാറിയതോ ആയി മനസിലാക്കാനുള്ള സമയമാണിത്. പിന്തുടര്‍ന്നുപോന്ന വഴികളിലൂടെ ഒരു യാത്ര ഈയൊ രവസ്ഥയുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് നമ്മെ നയിക്കും. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ യഥാസമയം നടപ്പിലാക്കാന്‍ കഴിയാത്തതാണ് ബിസിനസിനെ ഈയൊരവസ്ഥയിലേക്ക് നയിച്ചതെന്ന ഉള്‍ക്കാഴ്ച ഈ ഘട്ടത്തില്‍ നമുക്ക് ലഭിക്കുന്നു.

പ്രവൃത്തി മാറാതെ ഫലം മാറുന്നില്ല

ഒരേ പ്രവൃത്തി തുടര്‍ച്ചയായി ചെയ്തു കൊണ്ടിരുന്നാല്‍ വ്യത്യസ്ത ഫലങ്ങള്‍ ലഭിക്കുന്നില്ല. വ്യത്യസ്തമായ ഫലം ആവശ്യമാണെങ്കില്‍ നാം നമ്മുടെ പ്രവൃത്തിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. തങ്ങള്‍ പഠിച്ചതും പാടിയതുമായ പ്രവൃത്തികള്‍ മാത്രമേ പിന്തുടരുകയുള്ളൂവെന്നും മാറ്റങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള ഒന്നല്ല എന്നും വിശ്വസിക്കുന്ന മാനേജര്‍മാരാണ് ഈ അവസ്ഥയിലെ ആദ്യ കുറ്റവാളികള്‍. ഇക്കൂട്ടര്‍ പ്രസ്ഥാനത്തിന്റെ വേരറുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു.

സംരംഭകന്റെ അമിത വിശ്വാസവും ഭയവും

സംരംഭകര്‍ പലപ്പോഴും മാനേജ്‌മെന്റ് വിദഗ്ധരെ അമിതമായി വിശ്വസിക്കുകയോ അല്ലെങ്കില്‍ ഭയക്കുകയോ ചെയ്യുന്നു. മാനേജര്‍മാരുടെ പ്രവൃത്തി പരിചയവും ഡിഗ്രികളുടെ കനവും അവരുടെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ നിന്നും സംരംഭകനെ പിന്തിരിപ്പിക്കുന്നു. സ്ഥാപനത്തെ നയിക്കുന്ന ഇവരുടെ പ്രവൃത്തികള്‍ നവീകരിക്കപ്പെടാതെ സ്ഥാപനം മുന്നോട്ടുനീങ്ങുകയില്ലായെന്ന യാഥാര്‍ത്ഥ്യം ഇവരെ ബോധ്യപ്പെടുത്താന്‍ സംരംഭകനു പലപ്പോഴും കഴിയാറില്ല. തങ്ങള്‍ ചെയ്യുന്നതാണ് ശരിയെന്നും മറ്റുള്ളവര്‍ വിഡ്ഢികള്‍ എന്നും കരുതുന്ന ഇക്കൂട്ടര്‍ എപ്പോഴും വിരല്‍ ചൂണ്ടുന്നത് മറ്റുള്ളവര്‍ക്ക് നേരെയായിരിക്കും. ഇവരില്ലെങ്കില്‍ സ്ഥാപനം എന്താവും എന്ന സംരംഭകന്റെ ഭയവും കൂടി ഒത്തുചേരുമ്പോള്‍ നിശ്ചലാവസ്ഥയിലേക്കുള്ള യാത്ര വളരെ സുഗമമാകുന്നു.

ധൈര്യമായി ചോദിക്കൂ

തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും മാറ്റങ്ങളില്ലായ്മയെക്കുറിച്ചും വിലപിക്കുന്ന മാനേജര്‍മാരോട് ധൈര്യമായി ചോദിക്കൂ. ”എപ്പോഴാണ് നിങ്ങള്‍ നിങ്ങളുടെ പ്രവൃത്തിയില്‍ അവസാനം മാറ്റം വരുത്തിയത്.” വര്‍ഷങ്ങളായി ഒരേ പ്രവൃത്തി ഒരേ രീതിയില്‍ തുടരുന്ന ഇവര്‍ സ്ഥാപനത്തിന്റെ ഫലത്തില്‍ എന്തു മാറ്റം വരുത്താന്‍? ബിസിനസ് വ്യക്ത്യാധിഷ്ഠിതമാകുംതോറും സംരംഭകന് ഇവരിലുള്ള ആശ്രയത്വവും ഭയവും കൂടുന്നു. സ്വയം പഠിക്കാനോ മറ്റുള്ളവരെ പഠിപ്പിക്കാനോ ഉള്ള നേതൃത്വശേഷിയില്ലാത്ത മാനേജര്‍മാര്‍ തങ്ങളുടെ കസേര സംരക്ഷിക്കാന്‍ ഈ ഭയത്തെ ചൂഷണം ചെയ്യും. പ്രകൃതിക്ക് നിയമം ഒന്നേയുളളൂ. എന്തായാലും മാറ്റം വരണം, അതല്‍പ്പം നേരത്തേ തന്നെയാകുന്നതല്ലേ നല്ലത്.

അടിമുടി ഉടച്ചുവാര്‍ക്കുക

ബിസിനസിന്റെ സകല പ്രക്രിയകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയെ കാലാനുസൃതമായി പരിഷ്‌കരിക്കുകയും ചെയ്യുക. മാറ്റങ്ങള്‍ക്ക് വിധേയമാവേണ്ട എല്ലാവയും ഉടച്ചുവാര്‍ത്ത് നവീനത ബിസിനസിലേക്ക് തുന്നിച്ചേര്‍ക്കുക. വ്യക്തികള്‍ക്കും പ്രക്രിയകള്‍ക്കുമെല്ലാം മാറ്റം വരണം. ഇത് ആവശ്യകതയല്ല, അനിവാര്യതയാണ്.

സംരംഭകന്‍ സ്വയം തിരുത്തല്‍ ശക്തിയാവണം.

സ്വയം വിലയിരുത്താനും മറ്റുള്ളവരെ വിലയിരുത്താനും സംരംഭകന്‍ സമയം കണ്ടെത്തണം. മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനും ഭയമില്ലാതെ മാറ്റങ്ങളെ സ്വീകരിക്കാനും സംരംഭകന്‍ തയ്യാറാവണം. ഉല്‍പ്പന്നങ്ങളോ, പ്രക്രിയകളോ, വ്യക്തികളോ ഏതുമാവട്ടെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് തടസമാകുന്നെങ്കില്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കാന്‍ സമയം കളയരുത്.

മാറ്റങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം തോന്നുകയാണെങ്കില്‍ ഈ പഴമൊഴി നമ്മെ സഹായിക്കും. ‘കുണുക്കിട്ടവന്‍ പോയാല്‍ കമ്മലിട്ടവന്‍ വരും’. മാറ്റങ്ങളെ കുറച്ചു കാലത്തേക്കു മാത്രമേ തടുത്തു നിര്‍ത്താനാവൂ, ശാശ്വതമായി തടുക്കാന്‍ കഴിയില്ല. അത് പ്രകൃതി നിയമമാണ്.

 

 

 

 

Leave a comment