വളര്‍ച്ചയ്‌ക്കൊരുങ്ങുമ്പോള്‍

വിജയിച്ചു നില്‍ക്കുന്ന ഒരു ബിസിനസിന്റെ വികസനം വളരെ സൂക്ഷ്മതയോടെ പ്ലാന്‍ ചെയ്യേണ്ട ഒന്നാണ്. ഒരു രാത്രി കൊണ്ടല്ല റോം സൃഷ്ടിക്കപ്പെട്ടതെന്ന് ഓര്‍ക്കണം

ബിസിനസിന്റെ വളര്‍ച്ചയും (Growth) വിപുലീകരണവും (Expansion) ഏതൊരു ബിസിനസുകാരന്റെയും സ്വപ്നമാണ്. പ്രത്യേകിച്ചും അതിരുകളില്ലാതെ വളരുവാന്‍ സാഹചര്യമുള്ള ഈ കാലഘട്ടത്തില്‍ തീര്‍ച്ചയായും അതൊരു യാഥാര്‍ത്ഥ്യമാക്കുവാന്‍ ഓരോരുത്തര്‍ക്കും കഴിയണം. പക്ഷേ, പലപ്പോഴും ധൃതിപിടിച്ചു നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ താളം തെറ്റുന്നതും പരാജയപ്പെടുന്നതും കണ്‍മുന്നില്‍ നാം കണ്ടു കഴിഞ്ഞു. തികച്ചും വ്യക്തമായ യാഥാര്‍ത്ഥ്യബോധത്തോടുകൂടി ചിട്ടപ്പെടുത്തിയ രൂപരേഖ (Plan) ഇല്ലാതെ നടപ്പിലാക്കപ്പെടുന്ന വികസന സംരംഭങ്ങള്‍ ദുരന്തത്തിലാണ് പര്യവസാനിക്കാറുള്ളത്.

വിജയിച്ചു നില്‍ക്കുന്ന ഒരു ബിസിനസിന്റെ വികസനം വളരെ സൂക്ഷ്മതയോടെ പ്ലാന്‍ ചെയ്യേണ്ട ഒന്നാണ്. ഒരു രാത്രി കൊണ്ടല്ല റോം സൃഷ്ടിക്കപ്പെട്ടത്. അതിസൂക്ഷ്മവും ബുദ്ധിപരവുമായ അനവധി തന്ത്രങ്ങളുടെ, ആവശ്യത്തിനുള്ള സമയമെടുത്തുള്ള നടപ്പാക്കലിലൂടെയാണ് ഓരോ ബിസിനസും വികസിക്കുകയും വളരുകയും ചെയ്യുന്നത്. വികസനത്തിനും വളര്‍ച്ചയ്ക്കുമായുള്ള എടുത്തുചാട്ടം വിജയിക്കപ്പെട്ട ബിസിനസിന്റെ ദയനീയമായ പരാജയത്തില്‍ എത്തിച്ചേരുന്നു.

വ്യക്തമായ ധാരണ ഉണ്ടായിരിക്കുക

ബിസിനസിന്റെ വിപുലീകരണവും വളര്‍ച്ചയും ഏതു രീതിയില്‍ വേണം എന്ന വ്യക്തമായ ധാരണ ബിസിനസുകാരനുണ്ടായിരിക്കണം. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കുമ്പോഴും സ്വന്തം മനസില്‍ വളരെ സ്പഷ്ടമായ ധാരണ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കണം. തന്റെ എതിരാളികള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ട് വികാരപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം.

കൃത്യമായ രൂപരേഖ ഉണ്ടാക്കുക

ഏതു രീതിയിലാവണം വിപുലീകരണവും വളര്‍ച്ചയും എന്ന ധാരണ ഉരുത്തിരിഞ്ഞാല്‍ കൃത്യമായ ഒരു രൂപരേഖ സൃഷ്ടിക്കുക എന്നതാവണം അടുത്ത ദൗത്യം. എല്ലാവശങ്ങളും വിശകലനം ചെയ്ത് രൂപീകരിക്കുന്ന ഈ ഗ്രോത് പ്ലാന്‍ ആവണം ഭാവിയിലേക്കുള്ള ബിസിനസ് വിപുലീകരണത്തിന്റെ അടിത്തറ. രൂപരേഖ പൂര്‍ത്തിയാകുന്നതോടെ ബിസിനസിന്റെ വി പുലീകരണത്തിനാവശ്യമായ ധനം മുതല്‍ മാര്‍ക്കറ്റിംഗ് വരെയുള്ള എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ ധാരണ ലഭ്യമാകുന്നു. വിപുലീകരണ ആശയത്തിന്റെ പ്രായോഗികത വിശകലനം ചെയ്യാനും ഗ്രോത് പ്ലാന്‍ സഹായകരമാകുന്നു.

ബഡ്ജറ്റിംഗ്

വിപുലീകരണത്തിനാവശ്യമായ ധനത്തിന്റെ സമ്പാദനത്തെയും വിനിയോഗത്തെയും സംബന്ധിച്ച ബഡ്ജറ്റിംഗ്, വിപുലീകരണ പ്രക്രിയയിലേക്ക് കടക്കുന്നതിനു മുമ്പുതന്നെ ധനപരമായ ആവശ്യകതയെക്കുറിച്ചും വിനിയോഗ സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നല്‍കുന്നു. കാപ്പിറ്റല്‍ (Capital), റവന്യൂ (Revenue) ബഡ്ജറ്റുകളുടെ തയാറാക്കല്‍ സ്ഥാവരജംഗമ വസ്തുക്കളിലും വര്‍ക്കിംഗ് കാപ്പിറ്റലിലും ആവശ്യമുള്ള ധനത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കും. ഇത് വിപുലീകരണത്തിനാവശ്യമായ ഫണ്ട് പ്ലാന്‍ ചെയ്യുന്നതിനും ചെലവുകളെ നിയന്ത്രിക്കുന്നതിനും ബിസിനസുകാരനെ സഹായിക്കുന്നു.

ഗുണമേനമയുള്ള മനുഷ്യവിഭവശേഷി ഉപയോഗിക്കുക

യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടാകുവാന്‍ പാടില്ലാത്ത മേഖലയാണിത്. കഴിവുകള്‍ക്ക് മുന്‍ഗണന നല്‍കി മിടുക്കന്മാരായ ജീവനക്കാരെ മാത്രം തെരഞ്ഞെടുക്കുക. കുറഞ്ഞ വേതനം മാനദണ്ഡമാക്കി കഴിവു കുറഞ്ഞവരെ തെരഞ്ഞെടുത്താല്‍ അത് പരാജയത്തിലേക്ക് നയിക്കും. ഗുണമേനമയുള്ള മനുഷ്യവിഭവശേഷിയില്‍ നിക്ഷേപിക്കുന്ന മുടക്കുമുതല്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും.

പ്രവര്‍ത്തന മൂലധനം സ്വരൂപിച്ചു വയ്ക്കുക

വിപുലീകരണ പ്രക്രിയ നടപ്പിലാക്കുന്നതോടെ ബിസിനസ് ലാഭകരമാകുവാന്‍ എടുക്കുന്ന സമയത്തേക്കുള്ള പ്രവര്‍ത്തനമൂലധനത്തിന്റെ ആവശ്യ കതയും അതിന്റെ ഉറവിടവും കൃത്യമായി പ്ലാന്‍ ചെയ്യണം. വിപുലീകരണത്തി
നും വളര്‍ച്ചയ്ക്കും ശ്രമിക്കുന്ന ബിസിനസുകള്‍ പരാജയപ്പെടുന്നതിനുള്ള വ്യക്തമായ കാരണങ്ങളിലൊന്ന് പ്രവര്‍ത്തന മൂലധനത്തില്‍ സംഭവിക്കുന്ന പിഴവുകളാണ്.

എതിരാളികളെ വ്യക്തമായി മനസിലാക്കുക

ബിസിനസിലെ എതിരാളികളെ (Competitors)
നിരന്തരം നിരീക്ഷിക്കുകയും അവരുടെ തന്ത്രങ്ങള്‍ മനസിലാക്കുകയും ചെയ്യണം. വളര്‍ച്ചാ രൂപരേഖ തയാറാക്കുമ്പോള്‍ എതിരാളികളെക്കുറിച്ചുള്ള സ്പഷ്ടമായ ധാരണ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയാന്‍ സഹായകരമാകുന്നു. വിപുലീകരണത്തിന്റെ ഓരോ ഘട്ടവും Break Even Point (BEP)ലേക്കും തുടര്‍ന്ന് ലാഭത്തിലേക്കും എത്തിക്കുവാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആവശ്യമാണ്. ശക്തമായ കിടമത്സരം നിലനില്‍ക്കുന്ന മേഖലകളില്‍ വിപുലീകരണത്തിന് തയാറെടുക്കുമ്പോള്‍ എതിരാളികളെ മനസിലാക്കാതെ മുന്നോട്ടുപോകുന്നത് ആത്മഹത്യാപരമായ നീക്കമായി മാറുന്നു.

ബിസിനസ് പ്രക്രിയാധിഷ്ഠിതമാക്കുക

വിപുലീകരണ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനു മുമ്പുതന്നെ ഇപ്പോള്‍ നിലനില്‍ക്കുന്ന ബിസിനസ് പൂര്‍ണമായും പ്രക്രിയാധിഷ്ഠിതമാക്കണം (Process Oriented). ഓരോ പ്രക്രിയയ്ക്കും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടികള്‍ നിര്‍മിക്കുകയും ക്രമപ്പെടുത്തുകയും വേണം. ചിട്ടപ്പെടുത്തിയ പ്രക്രിയയിലൂടെ കടന്നുപോകുന്ന ബിസിനസ് കോപ്പി ചെയ്യുവാന്‍ എളുപ്പമാണ്. പ്രവര്‍ത്തനങ്ങളുടെ ഏകീകരണത്തിനും തുല്യതയ്ക്കും ഇത് സഹായിക്കുന്നു. വിപുലീ കരിക്കപ്പെട്ടതും വിജയിച്ചതുമായ ബിസിനസുകളെ എടുത്തു നോക്കൂ, അവരുടെ വിജയത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് ഇതുതന്നെയാണ് എന്ന് കാണാം.

കൃത്യമായ പ്ലാനില്ലാതെ വിപുലീകരണം നടത്തിയാലും പരസ്യങ്ങളിലൂടെയും പ്രദര്‍ശനങ്ങളിലൂടെയും ബിസിനസ് വിജയിപ്പിക്കുവാന്‍ കഴിയും എന്ന ധാരണ തികച്ചും അസംബന്ധമാണ്. ഊതി വീര്‍പ്പിക്കപ്പെട്ട ബിസിനസുകള്‍ ഈയാംപാറ്റകളെ പോലെയാണ്. വിപുലീകരണത്തിനും വളര്‍ച്ചയ്ക്കും ശ്രമിക്കുമ്പോള്‍ വ്യക്തമായ രൂപരേഖയുമായി മാത്രം മുന്നേറുക.

 

 

 

Leave a comment